ഇ. ശ്രീധരന്
കേരളത്തില്‍ കുറേക്കാലമായി ഒരു വികസനവും നടക്കുന്നില്ല. നടപ്പാക്കേണ്ടവര്‍ക്ക് അതിന് ആഗ്രഹവുമില്ല. ഏറെക്കാലത്തിനിടെ നടന്നത് മെട്രോ റെയില്‍ പദ്ധതിയാണ്. പിന്നെ, രണ്ട് പാലങ്ങളുടെ നിര്‍മാണവും.
മറ്റൊരു വികസനപ്രവര്ത്തനമായിപ്പറയുന്നത് ജലപാതാപദ്ധതിയാണ്. എന്റെ അഭിപ്രായത്തില്‍ അത് പാഴ്പ്പണിയാണ്. മുമ്പുണ്ടായിരുന്ന, കനോലിക്കനാലിന്റെ അവസ്ഥയാകും; അഴുക്കുചാല്‍. കേരളത്തില്‍ ഇനി വള്ളത്തിലും ബോട്ടിലും ദീര്‍ഘയാത്രയും ചരക്കു കൊണ്ടുപോകലും നടക്കില്ല. സമയലാഭമാണ് ആളുകള്‍ നോക്കുക. അതിന് പൊതുഗതാഗതവും സ്വകാര്യ റോഡ് വാഹനവുമാണ് ആശ്രയിക്കുക. ജലഗതാഗതം ടൂറിസ്റ്റുകളെയും ആകര്‍ഷിക്കില്ല. മലിന ജലത്തിലേക്ക് ഏത് ടൂറിസ്റ്റുകാര്‍ വരും?.
കെ-റെയില്‍ ആര്‍ക്കുവേണ്ടി?
ശബരിമല വിമാനത്താവളത്തിനായി കൊണ്ടുപിടിച്ച ശ്രമം സര്‍ക്കാര്‍ നടത്തുന്നു. അതാര്‍ക്കുവേണ്ടിയാണെന്ന് എനിക്കറിയില്ല. ഭക്തര്‍ക്കു വേണ്ടിയല്ല. ഏതാനും കുറച്ചുപേര്‍ വിനിയോഗിച്ചേക്കാം; പണക്കാര്. കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കില്ല. ശബരിമല റെയില്‍വേ ലൈന്‍ തുടങ്ങിവച്ചതും ഫലമില്ലാത്തതാണ്. പ്രകൃതിയെ നശിപ്പിക്കാനുള്ള വലിയൊരു വഴിയാണ്. അത് വികസനമല്ല. വികസനം ഏതെങ്കിലും വഴിയേ വരുന്നുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ മുടക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്താല്‍, ദല്‍ഹി വിമാനത്താവളം ലോക നിലവാരത്തിലെത്തിയതുപോലെ മാറും. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. നമ്മുടെ നികുതിപ്പണം ചെലവിട്ട് സുപ്രീംകോടതിയില്‍ കേസും നടത്തി. എന്തൊരു ദേശവിരുദ്ധ പ്രവര്‍ത്തനമാണത്.
കെ-റെയില്‍ ആണിപ്പോള്‍ പറയുന്നത്. അതുകൊണ്ട് ഒരു ഗുണവുമില്ല: പല ദോഷങ്ങളുമുണ്ടാകും. കേരളത്തിന് മൂന്നാമതൊരു റെയില്‍വേ ലൈന്‍ വേണം. സംശയമില്ല. പക്ഷേ കെ-റെയിലല്ല വേണ്ടത്. ഒന്നാമത്, അതിന്റെ അലൈന്മെന്റ് ശരിയല്ല. തിരൂര്‍ കഴിഞ്ഞാല്‍ നിലവിലുള്ള റെയില്‍ ലൈന്‍ വഴി തന്നെയാണ്. എന്ത് ഫലം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 4300 കോടി രൂപ കൊണ്ടോ അടുത്ത 10 വര്‍ഷംകൊണ്ടോ ആ പദ്ധതി നടപ്പിലാകില്ല. ഹൈ സ്പീഡ് റെയില്‍ ഒരു നാട്ടിലും ഭൂമിയുടെ ഉപരിതലത്തിലൂടെ പോകുന്നില്ല. ഹൈസ്പീഡ് പാതയ്ക്ക് സംരക്ഷണത്തിന് വശങ്ങളില് മതിലുകെട്ടുമത്രെ! എന്തായിരിക്കും സ്ഥിതി. അപ്പോള്‍ കേരളം ‘രണ്ടാ’കില്ലേ!
സാങ്കേതിക വശങ്ങള് ഒട്ടും പഠിക്കാതെയാണ് പദ്ധതി കൊണ്ടുവരുന്നത്. എത്രപേരെ ഒഴിപ്പിക്കണം?. സര്‍വേ നടത്തിയോ?. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എത്ര ചെലവാകും?. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായിരിക്കെ, ആവശ്യമായ അനുമതിയില്ലാതെ എങ്ങനെ ഭൂമി ഏറ്റെടുക്കാനാവും? റെയില്‍വേ ചോദിച്ച ഒരു വിശദീകരണവും കേരളം നല്‍കിയിട്ടില്ല. വിവരങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണ്. എങ്ങനെയും അനുമതി വാങ്ങി, കോണ്‍ട്രാക്ട് കൊടുക്കുക. അതിലാണ് താല്പര്യം. വികസന ഉദ്ദേശ്യമല്ല, മറ്റേതോ ദുരുദ്ദേശ്യമാണ് പിന്നില്‍. കേരളത്തില്‍ തുരങ്കപാതയ്ക്ക് ഒരു തടസവുമില്ല. സാങ്കേതികത ഏറെ വളര്‍ന്നു.
കെ-റെയില്‍ കാര്യത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ പ്രസ്താവനകളെല്ലാം അസത്യമാണ്. ഹൈസ്പീഡ് റെയില്‍വേ നടപ്പാക്കാന്‍ ഞങ്ങള്‍, ഡിഎംആര്‍സി, പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. അത് കേരളത്തില്‍ പറ്റില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ജപ്പാനിലെ റെയില്‍ വിദഗ്ധരുടെ സഹായത്തോടെ, പഠിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2010 ല്‍, ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രി എളമരം കരീം ദല്‍ഹിയില്‍ വന്ന് എന്നെ കണ്ടു. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദ്ദേശിച്ചു. ആദ്യം ഫീസിബിലിറ്റി പഠനം നടത്തി, 2012 ല്‍ വിശദറിപ്പോര്‍ട്ട് നല്കി. വിശദ പദ്ധതിക്ക് സര്‍ക്കാര്‍ പണം നല്കി. ഹൈസ്പീഡ് റെയില്‍ സാധ്യമാണെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ മുഖ്യമന്ത്രി പറയുന്നു, യുഡിഎഫ് സര്‍ക്കാരാണ് ഹൈസ്പീഡ് പാതയ്ക്ക് പറഞ്ഞതെന്ന്.
പുഴ സംരക്ഷണത്തിന് റിവര്‍ അതോറിറ്റി
2018 ല്‍ സംഭവിച്ച പ്രളയദുരന്തം ഡാം മാനേജ് തകരാറായിരുന്നു. മനുഷ്യനിര്‍മിത ദുരന്തം. സര്‍ക്കാരിനോട് അന്വേഷിക്കാന്‍ ഞാന്‍ കത്തെഴുതി. ഒന്നും നടന്നില്ല, ഞാന്‍ കോടതിയില്‍ പോയി. കോടതി നിര്‍ദേശിച്ച കമ്മറ്റി പഠിച്ച് റിപ്പോര്‍ട്ട് കൊടുത്തു. പിന്നെ എന്തായി എന്നാര്‍ക്കും അറിയില്ല. അത് പഠിച്ച് വേണ്ടതു ചെയ്തിരുന്നെങ്കില്‍ 2019ലെ പ്രളയം ഉണ്ടാകില്ലായിരുന്നു. ഇന്നും ഡാമിന്റെ കാര്യത്തില്‍ കുറ്റമറ്റ സംവിധാനമില്ല. ഡാമുകളുടെ നിര്‍മാണത്തിലുള്‍പ്പെടെ പ്രശ്നങ്ങളാണ്. ശരിയായ ആസൂത്രണമില്ല. ഉദാഹരണമാണ് ഭാരതപ്പുഴയിലെ കൂട്ടിക്കടവ് തടയണ എന്ന ചെറു ഡാം. ഞാന്‍ പിഴവ് ചൂണ്ടിക്കാട്ടിയശേഷം പണി തല്ക്കാലം നിര്‍ത്തി. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല; എട്ടു മാസമായി. തീരുമാനം സര്‍ക്കാര്‍ കൃത്യമായി, യഥാസമയം എടുക്കുന്നില്ല.
കുട്ടനാടിനെക്കുറിച്ച് ഞാന്‍ കാര്യമായി പഠിച്ചിട്ടില്ല. പക്ഷേ നീരൊഴുക്കിന് സംവിധാനമില്ലാത്തതാണ് അവിടത്തെ പ്രശ്നം. കുട്ടനാട് വലിയൊരു ദുരന്തമാകാന്‍ പോവുകയാണ്. നമ്മുടെ നദികള്‍ സംരക്ഷിക്കണം. വെവ്വേറെ റിവര്‍ അതോറിറ്റികള്‍ വേണം. അവയ്ക്ക് നിയമപരമായ അധികാരം വേണം, നിര്‍വഹണ അധികാരം വേണം, സാമ്പത്തിക സഹായം ലഭ്യമാക്കണം. ഭാരതപ്പുഴ സംരക്ഷണത്തിനും പ്രളയബാധിതരെ സഹായിക്കാനും ലോകബാങ്ക് 750 കോടി രൂപ നല്‍കാമെന്നു പറഞ്ഞു. അതിന് പുഴ സംരക്ഷണ അതോറിറ്റി വേണമെന്ന് വ്യവസ്ഥ വച്ചു. ഉടനെ കേരളത്തിലെ എല്ലാ നദികള്‍ക്കുമായി ഒരു അതോറിറ്റിക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ട് ഫലമില്ല, ഞാന്‍ എതിര്‍ത്തു.
സ്വാശ്രയം സാധ്യം
സ്വാശ്രയ കേരളം സാധ്യമാണ്. ഇപ്പോഴത്തെ നയം കൊണ്ടത് നടക്കില്ല. പ്രശ്നം തൊഴിലില്ലായ്മയാണ്. പഠിപ്പുകഴിഞ്ഞ് വിദേശങ്ങളിലേക്ക് ജോലിക്ക് പോകുന്നവരുടെ പണം കൊണ്ടാണ് ഇവിടെ സമൃദ്ധമാണെന്ന് തോന്നിപ്പിക്കുന്നത്. വര്‍ഷം 8,000 കോടി രൂപ ഇവിടേക്ക് വരുന്നു. ഇതുകൊണ്ട് ആഡംബര ജീവിതം നയിക്കുന്നു, ചിലര്‍. അതല്ല വേണ്ടത്. സ്വാശ്രയത്വം ഉണ്ടാകണം. അതിന് വ്യവസായം വരണം. 20 വര്‍ഷത്തിനിടെ ഒറ്റ വ്യവസായ പദ്ധതിയും വന്നിട്ടില്ല. ആളുണ്ട്, കഴിവുള്ളവരുണ്ട്. പക്ഷേ, സൗകര്യമില്ല. ഒരു വ്യവസായവും വരാന്‍ സമ്മതിക്കില്ല. വ്യവസായമന്ത്രി പി. രാജീവ് ശ്രമിക്കുന്നുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നില്ല വിജയിക്കുമെന്ന്.
പണം മുടക്കുന്നയാള്‍ക്ക് അത് സുരക്ഷിതമാണെന്ന തോന്നല്‍ വരണം. നിയമം കൊണ്ടുവന്ന് മിലിറ്റന്റ് ട്രേഡ് യൂണിയനിസത്തെ ഒതുക്കണം. ട്രേഡ് യൂണിയന് വേണം, എന്നാല്‍, അതിലെ തീവ്രവാദ നിലപാടുകള്‍ ഇല്ലാതാകണം. കേരളത്തില്‍ പഠിച്ച് ജോലിക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ടി വരുന്നു. ഇവിടെ വ്യവസായം വളരാതെ കേരളത്തിന് നിലനില്ക്കാനാവില്ല. ഐടി, ഇലക്ട്രോണിക്സ് മേഖലയില്‍ കേരളത്തിന് വലിയ സാധ്യതയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വ്യവസായ ഹബ്ബാകാന്‍ കേരളത്തിനാകും. ഈ വ്യവസായങ്ങള്‍ക്ക് ധാരാളം സ്ഥലം ആവശ്യമില്ല. പരിസ്ഥിതി പ്രശ്നവുമില്ല. കഞ്ചിക്കോട് വ്യവസായ മേഖല നമുക്കൊരു പാഠമാകണം. എത്ര നല്ല സങ്കല്‍പ്പമായിരുന്നു, എന്തുകൊണ്ട് പരാജയമായി? ഇലക്ട്രോണിക്സ്, ഐടി മേഖലയില്‍ സിങ്കപ്പൂരിനെ മാതൃകയാക്കാം.
അനിവാര്യം നിക്ഷേപാന്തരീക്ഷം
ചിലര്‍ പറയുന്ന ‘കേരള മോഡല്‍’ എന്നൊന്ന് നമുക്കുണ്ടായിട്ടില്ല എന്നതാണ് സത്യം. നമുക്കുള്ളത് ഒരു ‘കമ്യൂണിസ്റ്റ് മോഡ’ലാണ്. ഏറെ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണ നിയമം കൊണ്ട് സംഭവിച്ചത് ദോഷമാണെന്ന് ശരിയായി പഠിച്ചാല്‍ മനസിലാകും. ചെറുതൊഴിലുകള്‍ ഇല്ലാതായി; തൊഴിലാളികളും കൃഷിക്കാരും. കേരളത്തില്‍ ഇന്ന് പണി നടക്കണമെങ്കില്‍ പു
റംനാട്ടില് നിന്ന് ആളു വരേണ്ട സ്ഥിതി. വിദേശത്തുനിന്ന് വരുന്ന പണത്തെ ആശ്രയിച്ചാണെല്ലാം. അതിന്റെ മുകളില്‍ പുരോഗമനമാണെന്നും സമ്പന്നമാണെന്നും തോന്നല്‍ ഉണ്ടാക്കുകയാണ്. ഒരു നേഷന്‍ ബില്‍ഡിങ് ഇവിടെ ഉണ്ടായില്ല.
എന്നാല്‍, കേരളത്തിന് ഒരു മോഡല്‍ ഉണ്ടാക്കാം. അതിന് വേണ്ടത് ഇവിടെ നിക്ഷേപിക്കാന്‍ വരുന്നവര്‍ക്ക് രക്ഷ കൊടുക്കണം. അതില്ലല്ലോ. കേരളത്തില്‍ വിജയം കണ്ടെത്തിയവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുകയാണ്. നിക്ഷേപകര്‍ തയാറാണ്, പക്ഷേ അവര്‍ക്ക് കേരളം സുരക്ഷിതമല്ല.
ഇവിടെ സാങ്കേതിക വളര്‍ച്ചയില്ല. കേരളത്തില്‍ 154 എഞ്ചിനീയറിങ് കോളേജുകളുണ്ട്. അവയുടെ നിലവാരം പ്രശ്നമാണ്. സ്വകാര്യ മേഖലയില്‍ പരിതാപകരമാണ്. ഇവ വലിയ സാധ്യതയുള്ള മേഖലയാണ്. പക്ഷേ, വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ചൂഷണസാധ്യതകള്‍ മാത്രമാണുണ്ടാകുന്നത്.
തിരുവനന്തപുരം മെട്രോ, കോഴിക്കോട് മെട്രോ പദ്ധതികള്‍ ഞങ്ങള്‍ തയാറാക്കി, പക്ഷേ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചില്ല. ഡിഎംആര്‍സിക്ക് വലയ നഷ്ടം വന്നു. അതുപോലെ നിലമ്പൂര്‍-നഞ്ചങ്കോട് റയില്‍വേ ലൈന്‍ കൊണ്ടുവരാന്‍ കര്‍ണാടകത്തിന്റെ സകല അനുമതിയും വാങ്ങി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ട് കോടി അനുവദിച്ചു. ഈ സര്‍ക്കാര്‍ ആ പദ്ധതി ഉപേക്ഷിച്ചു, രണ്ടു കോടി വേറെ ആവശ്യത്തിനെടുത്തു. അതുപോലെ ഗുരുവായൂര്‍-താനൂര്‍ റെയില്‍ ലൈന്‍. 14 വര്‍ഷമായി അനുമതിയായിട്ട്. ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തു വികസനമാണ് ഇവിടെ?
2016 ല്‍ ഹൈസ്പീഡ് റെയിലിന്, ഏഴു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളായതാണ്. ഈ സര്‍ക്കാര്‍ സെമി ഹൈസ്പീഡ് മതി എന്ന് നിശ്ചയിച്ചു. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ ഡിഎംആര്‍സി ടെണ്ടര്വരെ വിളിച്ചു. പക്ഷേ, ഒഴിവാക്കി, അത് കെഎംആര്സിയെ കൊണ്ട് ചെയ്യിച്ചു. ഞങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ വണ്ടിയോടിക്കഴിഞ്ഞേനെ. ‘ഞങ്ങള്‍ക്ക് ചെയ്യണം, വേഗത്തില്‍ ചേയ്യണ്ട, നന്നായി ചെയ്യേണ്ട’ എന്ന ഒരു നയം നടപ്പാക്കുംപോലെയാണ്. ‘ശ്രീധരനെ ഒഴിവാക്കുക’ എന്ന ഒരു ശ്രമവുമായിരുന്നു അത്. 67 വര്‍ഷത്തെ സാങ്കേതിക പരിചയം എനിക്കുണ്ട്. സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനവും ബോധനവും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞു. അന്നത്തെ മന്ത്രി ജി. സുധാകരന് കത്തെഴുതി. നടപടി ഒന്നുമുണ്ടായില്ല. ഡിഎംആര്‍സിക്ക് അനുമതി നല്കിയിരുന്നെങ്കില് തിരുവനന്തപുരം മെട്രോ ഇപ്പോള്‍ ഓടിയേനെ. കോഴിക്കോട്ടും സര്‍വീസ് തുടങ്ങിയേനെ. ഗുരുവായൂര്‍-താനൂര്‍ പാത തുറന്നേനെ. വരാവുന്ന വികസനം മുടക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതാവരുതല്ലോ കേരള മോഡല്‍!
മാറണം, അഴിമതി സംസ്കാരം
ഇപ്പോള്‍ പുതിയ അണക്കെട്ട് മുല്ലപ്പെരിയാറിനു പകരം പണിയാനുള്ള ചര്‍ച്ചയാണ്. സാങ്കേതിക വിദ്യകള്‍ ഏറെ വളര്‍ന്നു. ഡാമിനെ ബലപ്പെടുത്താവുന്നതാണ്. അതാണു വേണ്ടത്. പക്ഷേ അതല്ല ഉദ്ദേശ്യം. എനിക്ക് മികച്ച പരിഹാരം നല്‍കാനാവും.
ഒരുദാഹരണം പറയാം. കേരളപ്പിറവിക്കാലത്ത്, 1956-ല്‍ ഭാരതപ്പുഴയുടെ തീരത്ത് ഉണ്ടായിരുന്ന താമസക്കാരുടെ എണ്ണം ഇപ്പോള്‍ മൂന്നിരട്ടിയായി. താമസം പുഴയുടെ തീരത്താണ്, പക്ഷേ കുടിവെള്ളമില്ല, പുഴവെള്ളം മലിനമാണ്. അത് ശുദ്ധീകരിക്കാതെയാണ് പഞ്ചായത്തുകളും നഗരസഭകളും വിതരണം ചെയ്യുന്നത്. നമ്മള് എങ്ങനെ വികസിച്ചുവെന്നാണ്. പറയുന്നത്?
ആസൂത്രിതമാകണം വികസനം. പക്ഷേ, പതിറ്റാണ്ടുകള്‍ നമ്മള് പാഴാക്കി. പഞ്ചായത്തു തലത്തില്‍ വരെ ആസൂത്രണ സംവിധാനമുണ്ട്. പക്ഷേ, പണം കൊടുക്കുന്നവര്ക്കനുകൂലമായി ഏത് നിബന്ധനയും നിയമവും മാറ്റും. ഒരുകാലത്ത് പാലക്കാട് നഗരം ആസൂത്രിതമായിരുന്നു. ഇന്ന് എവിടെയും അനധികൃത കെട്ടിടം, വീട്, കടകള്‍. ഇത് മലിനീകരണമുണ്ടാക്കുന്നു, ഊര്‍ജ പ്രതിസന്ധി ഉണ്ടാക്കുന്നു. ഇനി ആസൂത്രിതമായി വികസിപ്പിക്കാനാകാത്തവിധം കേരളത്തിന് കാലനഷ്ടമുണ്ടായി. ഭരണം നയിച്ചവരാണ് ഉത്തരവാദികള്‍.
തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് നേരില്‍ കണ്ട കാഴ്ചയാണ്. ഒരു പ്രദേശത്ത് ഇരുപതോളം വീടുകള്‍ നിര്‍മിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയില്‍ നിര്‍മിച്ചതാണ്. പക്ഷേ, അവര്‍ക്ക് വൈദ്യുതിയില്ല. ആരും സഹായിച്ചില്ല. ജയിച്ചാലും തോറ്റാലും ഞാന്‍ ആദ്യം ചെയ്യുന്നത് അവിടെ വൈദ്യുതി എത്തിക്കലാണെന്ന് പ്രഖ്യാപിച്ചു. തോറ്റു. എന്നിട്ടും ഞാന്‍ സ്വന്തം പൈസ ചെലവിട്ട് അവരോട് പറഞ്ഞ വാക്കുപാലിച്ചു.
ഞാന്‍ കുറച്ചുകാലം കേരള പ്ലാനിങ് ബോര്‍ഡ് അംഗമായിരുന്നു. അന്ന് പുതിയ വീടുകള്‍ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധമാക്കണമെന്ന് പറഞ്ഞു. സര്‍ക്കാര്‍ അത് പ്രഖ്യാപിച്ചു; നടപ്പായില്ല. ഇപ്പോഴും 80 ശതമാനം വൈദ്യുതി നമ്മള് വിലയ്ക്കുവാങ്ങുകയാണ്. വൈദ്യുതി മാത്രമല്ല, അരിയും പച്ചക്കറിയും മുട്ടയും അടക്കം സകലതും. ഇത്തരം കാര്യങ്ങളില്‍ തീരുമാനം നടപ്പാക്കുന്നതിന് പലര്‍ക്കും രാഷ്ട്രീയമായി താല്പര്യമില്ല. വൈദ്യുതി ലഭ്യമാക്കാന്‍ നമ്മള് തുടങ്ങിയ കായംകുളം എന്‍ടിപിസി തെര്‍മല്‍ പദ്ധതി ഫലമില്ലാതായി. പ്രതിവര്‍ഷം 150 കോടിയോളം അതിന് ചെലവിടുകയാണ്. ഇത്തരത്തില്‍ പല മണ്ടത്തരങ്ങളും നമുക്ക് സംഭവിച്ചിട്ടുണ്ട്.
ശ്രീലങ്കയ്ക്കും നമുക്കും ഒരേ ഭൂപ്രകൃതി. നല്ല മഴ രണ്ടിടത്തുമുണ്ട്. ഓരോ വര്‍ഷവും റോഡ് അറ്റകുറ്റപ്പണിക്ക് എത്ര കോടിയാണ് നമ്മള് ചെലവിടുന്നത്. ശ്രീലങ്കയില്‍ പത്തുവര്ഷത്തില്പ്പോലും അറ്റകുറ്റപ്പണി വേണ്ട. എന്താണ് കാരണം എന്ന് കണ്ടുപിടിച്ച് പരിഹരിക്കാനാകുന്നുണ്ടോ?. ഇല്ല.
അഴിമതി എല്ലായിടത്തും ബാധിച്ചിരിക്കുന്നു. നമ്മുടെ സംസ്കാരം അങ്ങനെയായി; എങ്ങനെയെങ്കിലും പണം തട്ടിയാല്‍ മതി എന്നാണ് മനസ്സ്. ഇതൊക്കെ പക്ഷേ മാറ്റിയെടുക്കാനാകും. നല്ലൊരു ഭരണം ഉണ്ടെങ്കില്‍ ഈ സംസ്കാരം തന്നെ മാറ്റിയെടുക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: