കൊച്ചി: മയക്കമരുന്ന് കേസിൽ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് നടുവില്‍ നില്‍ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഇപ്പോള്‍ നേരിടുന്നത് താന്‍ നേരിട്ട അതേ രീതിയിലുള്ള അവസ്ഥയാണെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. ഷാരുഖ് ഖാന്‍രെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ നിന്നും ധീരമായി കസ്റ്റഡിയിലെടുത്ത സമീര്‍ വാങ്കഡെയ്‌ക്കും കുടുംബത്തിനും എതിരെ ദിവസേന ചെളിവാരിയെറിയുന്ന മഹാരാഷ്‌ട്രയിലെ എന്‍സിപി മന്ത്രി നവാബ് മാലിക്കിന്റെ നടപടിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ജേക്കബ് തോമസിന്റെ കമന്‍റ്.
തനിക്കെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് തിങ്കളാഴ്ച ഹൈക്കോടതി റദ്ദാക്കിയതിനോട് പ്രതികരിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും അതിന്റെ പേരിൽ വാങ്കഡെയുടെ കുംടുംബത്തെയൊന്നാകെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് താന്‍ ഒരു വര്‍ഷം സസ്പെന്‍ഷനിലായതെന്നും അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും സര്‍ക്കാര്‍ പെന്‍ഷന്‍ പോലും നിഷേധിക്കുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: