മുംബൈ: തുടര്‍ച്ചയായി നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡേയ്ക്കെതിരെ ദിവസവും ആരോപണങ്ങളുടെ ചെളിവാരിയെറിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ മുന്‍ മഹാരാഷ്ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ദീപാവലിയാഘോഷം കഴിഞ്ഞാല്‍ നവാബ് മാലിക്കിന്റെ അധോലോകബന്ധങ്ങള്‍ പുറത്താക്കുമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തില്‍ വെല്ലുവിളിച്ചു.
ഏറ്റവുമൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ തന്നെ മയക്കമരുന്ന് മാഫിയബന്ധം ആരോപിക്കുകയായിരുന്നു നവാബ് മാലിക്ക്. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസും ജയ്ദീപ് റാണയും ഒന്നിച്ച് നില്ക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ദേവേന്ദ്ര ഫഡ്നാവിസിന് മയക്കമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക്ക് ആരോപിച്ചിരിക്കുന്നത്. ഈയിടെ മയക്കമരുന്ന് കേസില്‍ ജയ്ദീപ് റാണ എന്നൊരാള്‍ അറസ്റ്റിലായിരുന്നു. റിവര്‍ സോങ് എന്ന സംരംഭത്തിന്റെ സാമ്പത്തിക മേധാവിയാണ് ജയ്ദീപ് റാണയെന്നും ഈ സംരംഭത്തില്‍ ഫഡ്നാവിസിനും ഭാര്യയ്ക്കും ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് സിബി ഐയോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. മുംബൈയിലെ നദികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസും ഭാര്യയും ഗായകന് സോനു നിഗവുമായി ചേര്‍ന്ന് അഭിനയിച്ച ഈ മുംബൈ നദീഗാനം വന്‍ ഹിറ്റായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് വിവാദം വന്നപ്പോള്‍ തന്റെ സ്വന്തം പോക്കറ്റിലെ പണമാണ്, അല്ലാതെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഒരു പൈസപോലും ചെലവാക്കിയില്ലെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസ് വിശദീകരിച്ചിരുന്നു.
‘ജയ്ദീപ് റാണ മയക്കമരുന്ന് കടത്ത് കേസില്‍ ഇപ്പോള്‍ ജയിലിലാണ്. അദ്ദേഹത്തിന് ദേവേന്ദ്ര ഫഡ്നാവിസുമായി ബന്ധമുണ്ട്. മയക്കമരുന്ന് കേസ് സംസ്ഥാനത്ത് വര്‍ധിച്ചത് ഫഡ്നാവിസിന്റെ ഭരണകാലത്താണ്.’- നവാബ് മാലിക്ക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍ നവാബ് മാലിക്കിനാണ് അധോലോക ബന്ധമുള്ളതെന്ന് ഫഡ്നാവിസ് തിരിച്ചടിച്ചു. റാണയുമായി തനിക്ക് ബന്ധമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. റിവര്‍ സോങിന് റാണയുമായുള്ള ബന്ധമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. എന്തായാലും നവാബ് മാലിക്കിന്റെ അധോലോക ബന്ധം ദീപാവലിക്ക് ശേഷം പുറത്തുകൊണ്ടുവരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചു.
റിവര്‍ സോങ് ഷൂട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് നവാബ് മാലിക്ക് പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് ജയ്ദീപ് റാണയുമായി ബന്ധമില്ല. ഈ ചിത്രം നാല് വര്‍ഷം പഴക്കമുള്ളതാണ്. അധോലോകവുമായി ബന്ധമുള്ളവര്‍ എന്റെ പേര് അതുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കേണ്ട. ജയ്ദീപ് റാണയുമായി ഞാന്‍ നില്ക്കുന്ന ചിത്രം ഒരു പക്ഷെ നവാബ് മാലിക്ക് കണ്ടിരിക്കില്ല. ഒരു പക്ഷെ അതിന് വലിയ വിലയുണ്ടാകില്ല എന്ന് കരുതിയാകാം എന്റെ ഭാര്യ ജയ്ദീപ് റാണയുടെ കൂടെ നില്ക്കുന്ന ചിത്രം പുറത്ത് വിട്ടത്. ഇക്കാര്യത്തില്‍ ഞാന്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കും,’- ഫഡ്നാവിസ് പറ്ഞ്ഞു.
‘നവാബ് മാലിക്കിനെ കണക്കിലെടുത്താല്‍, എന്‍സിപി ആകെ മയക്കമരുന്ന് മാഫിയയാണ്. എന്തായാലും ദീപാവലി കഴിയട്ടെ. ഞാന്‍ ഒരു ബോംബ് പൊട്ടിക്കും. അധോലോകവുമായി ബന്ധമുള്ളവര്‍ മയക്കമരുന്ന് മാഫിയയെക്കുറിച്ച് മിണ്ടരുത്. നിങ്ങളുടെയും ശരത്പവാറിന്റെയും മുന്നില്‍ നവാബ് മാലിക്കിന്റെ മുഴുവന്‍ അധോലോകബന്ധവും ഞാന്‍ സമര്‍പ്പിക്കും. മരുമകന്റെ കുറ്റപത്രത്തില്‍ ഇളവ് കിട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മരുമകനെ കേസില്‍ നിന്നും ഒഴിവാക്കികിട്ടാന്‍ നര്‍കോട്ടിക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ,’ – ഫഡ്നാവിസ് പറഞ്ഞു.
മയക്കമരുന്ന് കേസില്‍ നവാബ് മാലിക്കിന്റെ മരുമകന് സമീര്‍ഖാന്‍ ഈയിടെയാണ് നര്‍ക്കോടിക് കോടതി ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നശേഷമാണ് ജാമ്യം. 8(സി), 20(ബി), 27 എ, 27, 28, 29 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 194.6 കിലോഗ്രാം കഞ്ചാവും 6 സിബിഡി സ്പ്രോയും കടത്തിയതിനും അനധികൃത കടത്തിന് ധനസഹായം നല്കുന്നതിനുമാണ് സമീര്‍ ഖാനെ അറസ്റ്റ് ചെയ്തത്. ജനവരി 14 മുതല്‍ അദ്ദേഹം നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: