തിരുവനന്തപുരം: രാഷ്‌ട്രീയ നേതാക്കള്‍ ഉന്നതിയില്‍ എത്തുമ്പോള്‍ തങ്ങളെ തോളിലേറ്റിയ അണികളെ മറക്കരുതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച ‘കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അണികള്‍ തോളിലേറ്റുന്നതിലൂടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉയരങ്ങളില്‍ എത്താനാകുന്നത്. അതുകൊണ്ട് തന്നെ അണികളെയും ചവുട്ടി നില്‍കുന്ന മണ്ണിനെയും മറക്കരുത്. അണികളെ മറക്കാത്ത യഥാര്‍ത്ഥ ജനാധിപത്യ വാദിയായിരുന്നു കെ.ജി.മാരാര്‍. വിമര്‍ശിക്കുന്നവരെ പോലും കെ.ജി.മാരാര്‍ സുഹൃത്തുക്കളായി കണ്ടു. കണ്ടു കീഴടക്കി എന്ന പ്രയോഗം നൂറു ശതമാനം ശരിയാകുന്ന മനുഷ്യന്‍. ഹൃദയത്തിന്റെ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്‌ട്രീയത്തില്‍ എതിര്‍ക്കുന്നവരെ മാനിക്കണമെന്നും വിമര്‍ശനമാണ് വഴി കാട്ടിയെന്നും വിദ്യാഭ്യാസത്തിനും അപ്പുറം മാനവികതയ്‌ക്കാണ് സ്ഥാനമെന്നും കെ.ജി.മാരാര്‍ തെളിയിച്ചു. വിമര്‍ശിക്കുന്നവരെ വായടപ്പിക്കലോ പുറത്താക്കലോ അല്ല രാഷ്‌ട്രീയം. വിമര്‍ശനത്തിലൂടെ സ്വാംശീകരിക്കണം. നല്ലൊരു പൊതുവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായ’ത്തിലെ ഓരോ അധ്യായവും ഉത്തരം തരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാവിരിച്ച് നല്‍കിയ രാഷ്‌ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി.മാരാരെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസ് പറഞ്ഞു. ഇന്ന് ആ രാഷ്‌ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്‌ട്രീയത്തെ മലീമസമാക്കുകയാണ്. രാഷ്‌ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷനായി. മനുഷ്യത്വം പ്രായോഗികമായി തെളിയിച്ച വ്യക്തിത്വമാണ് കെ.ജി.മാരാരെന്നും അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ബാലറാം പറഞ്ഞു.
ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി അബ്ദുള്ള ക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്‌സ് എംഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ.രാജ ഗോപാല്‍, കെ.രാമന്‍പിള, പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.ടിരമ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: