കോട്ടയം: പ്രായത്തെ മറികടന്ന് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ് വടവാതൂര്‍ സ്വദേശികളായ കൃഷ്ണകുമാര്‍ – മഞ്ജുള ദമ്പതികള്‍. 50 വയസുള്ള കെ.ജി. കൃഷ്ണകുമാര്‍ ഓട്ടോ ഡ്രൈവറാണ്. 46 വയസുണ്ട് മഞ്ജുളയ്‌ക്ക്. മൂത്തമകള്‍ അര്‍ച്ചന ഡിഗ്രിയ്‌ക്കും മകന്‍ അമല്‍ പ്ലസ്ടുവിനും പഠിക്കുന്നു.
എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയവരാണ് ഞാനും ഭര്‍ത്താവും. അന്നത്തെ സാഹചര്യത്തില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. പിള്ളേരൊക്കെ പഠിച്ച് ഉയര്‍ന്ന ക്ലാസിലെത്തിയപ്പോള്‍ എനിക്കും പഠിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നി. ഞാന്‍ നിര്‍ബന്ധിച്ചാണ് ചേട്ടനെ സാക്ഷരതാ ക്ലാസില്‍ കൂട്ടികൊണ്ടു പോയിരുന്നത്. ‘ മഞ്ജുള പറഞ്ഞു.
കൊവിഡ് കാലത്ത് ഓണ്‍ ലൈന്‍ വഴിയാണ് സാക്ഷരതാ ക്ലാസുകള്‍ എടുത്തിരുന്നത്. ഓട്ടോറിക്ഷയുടെ ഓട്ടം കഴിഞ്ഞ് കൃഷ്ണകുമാര്‍ വീട്ടിലെത്തുമ്പോള്‍ ക്ലാസില്‍ കയറാന്‍ റെഡിയായി മഞ്ജുള കാത്തിരിക്കും. പാഠഭാഗങ്ങളുടെ കൃത്യമായ നോട്ട് നല്‍കിയിരുന്നതിനാല്‍ പഠനം കൂടുതല്‍ എളുപ്പമായിരുന്നെന്നും മഞ്ജുള പറയുന്നു. ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ് ടു തുല്യത പരീക്ഷ എഴുതിയെടുക്കുകയാണ് ഈ ദമ്പതികളുടെ അടുത്ത ലക്ഷ്യം.
ജില്ലയില്‍ ഇത്തവണ 424 പേര്‍ സാക്ഷരത മിഷന്റെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി. 398 പേര്‍ വിജയിച്ചു. 93.86 ആണ് വിജയ ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക