തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിന്റെ ഭാഷ സംസ്കൃതമാണെങ്കില് സര്‍ട്ടിഫിക്കറ്റില്ല. സംസ്കൃതത്തില്‍ ഗവേഷണം ചെയ്യുന്നവരെ കേരളാ സര്‍വകലാശാലയാണ് അവഗണിക്കുന്നത്. അറബി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുമ്പോഴാണ് സംസ്കൃതത്തോടുള്ള ഈ വിവേചനം.
നാല് വര്‍ഷം മുമ്പ് സംസ്കൃതത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയാണ്. അപേക്ഷിച്ചവര്‍ക്കാകട്ടെ ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും നിരവധി തവണ സര്‍വകലാശാല വിസിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല.
സോഫ്റ്റ്വെയറിലെ പ്രശ്നമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകാത്തതിനു കാരണമെന്നാണ് സര്‍വകലാശാല നല്കുന്ന മുടന്തന്‍ വിശദീകരണം. സംസ്കൃത ഫോണ്ട് ഇല്ലെന്നതാണ് പ്രധാന കാരണം. സാങ്കേതികത വികസിച്ചിട്ടും സംസ്കൃത ഫോണ്ട് സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്യാന്‍ വര്‍ഷങ്ങളായിട്ടും സര്‍വകലാശാലയ്ക്ക് സാധിക്കുന്നില്ലെന്നത് വിചിത്രം. സര്‍ട്ടിഫിക്കറ്റില്‍ ഗവേഷണ വിഷയം ഡയലറ്റിക്കല്‍ മാര്‍ക്ക് ചേര്‍ത്ത് ഇംഗ്ലീഷില്‍ പോലും ആലേഖനം ചെയ്യാം. എന്നാല്‍, ഡയലറ്റിക്കല്‍ മാര്‍ക്ക് അപ്ലൈ ചെയ്ത് ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനം പോലും സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിനില്ലെന്നതാണ് വസ്തുത. അതേസമയം, അറബി ഉള്‍പ്പടെയുള്ള ഫോണ്ട് സര്‍വകലാശാല സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൈയക്ഷരത്തില്‍ എഴുതിയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമേയുള്ളു. തുടര്‍ന്നും സര്‍വകലാശാലയില്‍ പണമടച്ച് അപേക്ഷ നല്കിയാല് മാത്രമെ ആറു മാസത്തേക്ക് വീണ്ടും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ പല ഗവേഷണ വിദ്യാര്‍ഥികളും സംസ്കൃതത്തില്‍ ഗവേഷണം ചെയ്യാന്‍ മുന്നോട്ടുവരാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: