തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്ന സാഹചര്യത്തിലും മലയാള സിനിമകളുടെ റിലീസ് ഒടിടിയിലൂടെ നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വത്തിലാണ് മന്ത്രി അഭിപ്രായം പറഞ്ഞത്. നവംബര്‍ രണ്ടിന് നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ഈ ചര്‍ച്ചയില്‍ ‘മരയ്ക്കാര്‍’ ഒടിടിയിലാകും റിലീസ് ചെയ്യുകയെന്നും തീയറ്റര്‍ റിലീസ് ഉണ്ടാവില്ല എന്നുമാണ് തീരുമായത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീയറ്റര്‍ ഉടമകളില്‍ നിന്ന് കൈപറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിത്തുടങ്ങി. മിനിമം ഗ്യാരണ്ടി തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരയ്ക്കാറിനെ ഒടിടി റിലീസിലേക്ക് നയിച്ചത്.
മരയ്ക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് ആവര്‍ത്തിച്ചു. മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. റിലീസുകള്‍ ഇനിയും ഒടിടിയിലായാല് സിനിമാ വ്യവസായം തകരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മരക്കാറിനെ തീയറ്ററില്‍ റീലീസ് ചെയ്യിപ്പിക്കാന്‍ ഒത്തുതീര്‍പ്പിന് ഫിലിം ചേമ്പര്‍ വീണ്ടും ശ്രമിക്കും. നിര്‍മാതാവും ഫിയോക്കുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തും. ഒടിടി റിലീസ് സാധ്യതയേറി നില്‍ക്കെ തിയേറ്ററര്‍ റിലീസ് ഉറപ്പാക്കാനുള്ള അവസാന ശ്രമമാണ് ഈ ചര്‍ച്ച.
നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹവും ടൊവിനോ ചിത്രം മിന്നല്‍ മുരളിയും ഇതിനകം ഒടിടി റീലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. വിവിധ ഒടിടി പ്ലാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചത് വമ്പന്‍ തുകയാണ്. ഇത് മാത്രമല്ല അന്‍പത് ശതമാനം സീറ്റിലെ തിയേറ്റര്‍ റിലീസ് ഗുണം ചെയ്യുമോ എന്ന സംശയവും നിര്‍മ്മാതാക്കള്‍ക്കുണ്ട്. ഫിയോക്ക് ആകട്ടെ മരക്കാര്‍ പോലുള്ള ബിഗ് ബജറ്റ് ചിത്രം വഴി തിയറ്ററിലുണ്ടാകാവുന്ന തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: