തിരുവനന്തപുരം : മയക്കുമരുന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടി ജയില്‍ മോചിതമായ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. പരപ്പന അഗ്രഹാര കോടതിയില്‍ കഴിഞ്ഞിരുന്ന ബിനീഷിന് ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചിരുന്നു.
മടങ്ങിയെത്തിയ ബിനീഷിന് വമ്പന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കേ ഇതെല്ലാം കാറ്റില്‍പ്പറത്തി രക്തഹാരവും പൂമാലകളും മറ്റുമായി ആള്‍ക്കൂട്ടവും ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ചിലതൊക്കെ പറയുമെന്ന് ബെംഗളൂരുവില്‍ വച്ച് ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ തന്നെ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ബിനീഷ് കൂട്ടാക്കിയില്ല. പറയാനുള്ളത് പീന്നീട് പറയും എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാന്‍ കാലത്തിനാവില്ല. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവെയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേര്‍ത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു.
തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷമാണ് താന്‍ ജയില്‍ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണണം. തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തില്‍ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനടക്കമുള്ള കുടുംബാംഗങ്ങള്‍ ബിനീഷിനായി മരുതംകുഴിയിലെ വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യയെ ചോദ്യം ചെയ്തത്. ബിനീഷിന്റെ അറസ്റ്റിന് പിന്നാലെ അനാരോഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു.
ബിനീഷിന് വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും കോടതിയില്‍ ജാമ്യക്കാരെ ഹാജരാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ വെള്ളിയാഴ്ച ജയില്‍ മോചിതനാകാന്‍ കഴിയാതെ വന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്ജാമ്യമുള്പ്പെടെ കര്‍ശനമായ ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ നിബന്ധനകള്‍ അറിഞ്ഞതോടെ നേരത്തെ ജാമ്യം നില്‍ക്കാമെന്ന് ഏറ്റിരുന്നവര്‍ പിന്മാറി. പുതിയ ജാമ്യക്കാരെ കണ്ടെത്തി ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാലാണ് ഒരു ദിവസം വൈകി ബിനീഷ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: