ദുബായ്: ജോസ് ബട്ട്ലറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഇംഗ്ളണ്ടിന് തുടര്‍ച്ചയായ മൂന്നാം ജയം. ആസ്ട്രേയിയയുടെ ആദ്യ തോല്‍വി
ഓസീസ് ഉയര്‍ത്തിയ ദുര്‍ബലമായ വിജയ ലക്ഷ്യം 50 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇംഗ്ലീഷ് പട മറികടന്നത്. കംഗാരുക്കളെ അടിച്ചൊതുക്കിയത് ജോസ് ബട്ട്ലര്‍ ആണെങ്കിലും 4 ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത ക്രിസ് ജോര്‍ഡനാണ് കളിയിലെ താരം.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ത്രേലിയ 20 ഓവറില്‍ 125 റണ്‍സിന് എല്ലാവരും പുറത്തായി. ഒരവസരത്തില്‍ 100 കടക്കുമോ എന്നു പോലും സംശയിച്ച കളിയില്‍ വാലറ്റത്തില്‍ പാറ്റ് കമ്മിന്‍സ്(12),മൈക്കല്‍ സ്റ്റാര്‍ക്ക്(13) എന്നിവര്‍ പൊരുതിയതാണ് 125 ല്‍ എത്താന്‍ കാരണം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ ആഞ്ഞടിച്ചു. ആദ്യ ഓവര്‍ മുതല്‍ 10ന് മേലെ റണ്‍റേറ്റ് സൂക്ഷിച്ച ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഒരിക്കലും പിന്നോട്ട് പോയില്ല. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജോസ്ബട്ടലര്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു. 32 പന്തുകള്‍ നേരിട്ട ബട്ട്ലര്‍ അഞ്ച് വീതം സിക്സറുകളുടെയും ബൗണ്ടറികളുടെയും സഹായത്തോടെയാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. ജേസന്‍ ജോയ്(22) ആദ്യം പുറത്തായി.
പകരമെത്തിയ ഡോവിഡ് മാലന്(8) ചെറുത്ത്നില്പ് കൂടാതെ ക്രീസ് വിട്ടു. നാലാമനായി ഇറങ്ങിയ ബെയര്‍സ്റ്റോ 16 റണ്‍സുമായി ബട്ടലര്ക്കൊപ്പം വിജയം വരെ കൂട്ടായി നിന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ശ്രീലങ്കയ്ക്കെതിരായ കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആദ്യം വീണത്. ക്രിസ് വോക്ക്സിന്റെ ബോളില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ ക്യാച്ചെടുത്താണ് വാര്‍ണര്‍(ഒന്ന്)പുറത്തായത്.
തുടര്‍ന്ന് വന്ന സ്റ്റീവന്‍ സ്മിത്തും(ഒന്ന്) ക്ഷണത്തില്‍ പുറത്തായി. പിന്നീടെത്തിയ ഗ്ലന്‍ മാക്സ്വെല്(6), മാര്‍കസ് സ്റ്റോയിനിസ്(0) എന്നിവര്‍ അധികം നേരം പിടിച്ചു നില്ക്കാനാവാതെ പുറത്തായി. വിക്കറ്റുകള്‍ ഒരറ്റത്ത് വീഴുബോഴും ക്യാപ്റ്റന്‍ ആരണ് ഫിഞ്ച്(44) ചെറുത്തുനിന്നു. വിക്കറ്റ് കീപ്പര്‍ മാത്യുവെയ്ഡ്(18), ആഷ്ടന്‍ അഗര്‍(20) എന്നിവര്‍ മാത്രമാണ് ക്യാപ്റ്റനൊപ്പം അല്പമെങ്കിലും ചെറുത്ത് നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: