ഡോ. ദീപേഷ് വി.കെ
ഹൈന്ദവതയുടെ കാലാനുസൃതമായ പരിഷ്കരണത്തിലൂടെയും ശാക്തീകരണത്തിലൂടെയും മാത്രമാണ് ദേശീയ സ്വാതന്ത്ര്യസമരത്തിന് ലക്ഷ്യപ്രാപ്തി കൈവരിയ്ക്കാന്‍ സാധിക്കൂവെന്ന തിരിച്ചറിവ് ഗാന്ധിജിക്ക് ഉണ്ടാവുന്നത് 1921-22 ല്‍ മലബാറില്‍ അരങ്ങേറിയ മാപ്പിളകലാപത്തില്‍ നിന്നാണ്. മലബാറില്‍ ഹിന്ദുവംശീയഹത്യനടക്കുകയും, എന്നാല്‍ തിരുക്കൊച്ചിയില്‍ ഗുരുദേവന്റേയും ചട്ടമ്പിസ്വാമികളുടെയും മറ്റു നവോത്ഥാന നായകരുടെയും പ്രേരണയില്‍ ശക്തമായ ഹിന്ദുമതപരിഷ്കരണവും ഐക്യഭാവനയും വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ സജീവമാകുകയും ചെയ്തു. ഇതിന്റെ ഫലമായി അവിടങ്ങളില്‍ അപരന്റെ കായികമായ ഇടപെടല്‍ ഇല്ലാത്തതിന്റെ, പൊരുള്‍ മനസ്സിലാക്കിയതിന്റെ ഫലമാണ് വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍. 1921 ലെ മാപ്പിളകലാപത്തിന്റെ പേരുദോഷം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തങ്ങളുടെ വിശ്വാസ്യത ജനങ്ങളില്‍ പുന: സൃഷ്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെട്ടു. അതിന്റെ ഫലമായി ദേശീയ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ മലബാറില്‍ ഏറെ പിന്നാക്കം പോയി.
മാപ്പിള കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മതശാക്തീകരണ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ഊന്നാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ”ആത്മരക്ഷയ്ക്കു വേണ്ടി ഹിന്ദുക്കള്‍ക്ക് ആയുധങ്ങള്‍ കൊടുക്കാതെ അവരെ കൈവിട്ട ഈ സര്‍ക്കാരിനെക്കൊണ്ടെന്താണ് പ്രയോജനം?” എന്ന് 1921 സെപ്തംബര്‍ 19 ന് ഗാന്ധിജി ചോദിക്കുന്നുണ്ട്. (ഗാന്ധിജിയും കേരളവും: 44) ”എത്ര കടുത്ത മതഭ്രാന്ത് പൊട്ടിപ്പുറപ്പെട്ടാലും സ്വന്തം മതത്തെ സംരക്ഷിക്കുന്നതിന് സാധിക്കും എന്ന വിശ്വാസം, ആ ധൈര്യം ഹിന്ദുക്കള്‍ക്ക് ഉണ്ടായിരിക്കണം” (ഗാന്ധിജിയും കേരളവും: 51) എന്നുള്ള ഗാന്ധിജിയുടെ ആഹ്വാനവും, ‘മുസ്ലീങ്ങള്‍ കായികമായി ശക്തരാണ്. അവരെ ലോകം മുഴുവന്‍ പിന്താങ്ങുന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും ഹിന്ദുക്കള്‍ അവരെ ഭയപ്പെട്ടുകൂടാ. അവര്‍ ഈശ്വരനില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുകയും ന്യായമായ മാര്‍ഗ്ഗത്തില്‍ നിന്ന് കുടുകിടപോലും വ്യതിചലിക്കാതിരിക്കുകയും ചെയ്യണം.’ എന്ന ശക്തമായ പ്രേരണയുമൊക്കെ ചേര്‍ന്നപ്പോള്‍ പു
തിയൊരു വീക്ഷണത്തിലൂടെ തങ്ങളുടെ പാരമ്പര്യത്തെ- മതബോധത്തെ സമീപി
ക്കുവാന്‍ കേരളത്തിലെ അന്നത്തെ യുവസമൂഹത്തെ പ്രേരിപ്പിച്ചു. ആ പ്രേരണ ഹിന്ദുമത പരിഷ്കരണത്തിനും ആദ്ധ്യാത്മിക നവോത്ഥാനത്തിനും ഇടയാക്കി. അത്തരത്തില്‍ ആധ്യാത്മിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും അനുഗ്രഹത്തോടെ, ഗാന്ധിജിയുടെ ദേശീയവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കത്ത് ആരംഭിച്ചു. വൈക്കത്ത് ഉണ്ടായ ആത്മീയ പു
നരൈക്യത്തിന്റെ പ്രഭ മലബാറിലേക്കും വ്യാപിച്ചു. വൈക്കം സത്യഗ്രഹത്തില്‍ ജോ
ര്‍ജ് ജോസഫിന്റെ ഇടപെടലും സിഖുകാരുടെ ഭോജനശാലയും എല്ലാം ഹിന്ദുമത പരിഷ്കരണത്തിന് തിരിച്ചടിയാകുമെന്ന് പറഞ്ഞ് ഗാന്ധിജി അതൊക്കെ വിലക്കി. വൈക്കം സത്യഗ്രഹം തികച്ചും ഹിന്ദുമതത്തിനകത്തുള്ള പരിഷ്ക്കരണമാണ് എന്നും അതില്‍ ഇതരമതസ്ഥര്‍ ഇടപെടരുതെന്നും നിര്‍ദ്ദേശിച്ചു. അത് നടപ്പിലാവുകയും ചെയ്തു. പ്രസ്തുത ഹിന്ദുമതനവീകരണ സത്യഗ്രഹത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഗുരുവായൂരില്‍ സത്യഗ്രഹം ആരംഭിച്ചത്.
വൈക്കം സത്യഗ്രഹത്തിന്റെ സ്വാധീനം ഹിന്ദുക്കള്ക്കിടയിലുണ്ടാക്കിയ പരിവര്‍ത്തനം ശക്തമായിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞാണ് കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം എന്ന ആശയം ശക്തമായത്. ‘ഗുരുവായൂര്‍ സത്യഗ്രഹം നടത്തന് ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിക്കാര് മലബാറുകാര്‍ മാത്രമായിരുന്നു. പക്ഷേ കൊച്ചിയിലെയും തിരുവിതാംകൂറിലെയും ഏതാനും നേതാക്കന്മാരെയും ഉള്‍പ്പെടുത്തിയിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് മന്നത്ത് പത്മനാഭപിള്ള, എസ്എന്‍ഡിപി സെക്രട്ടറി കുഞ്ഞുകൃഷ്ണന്‍, രുഗ്മിണി അമ്മ, കുട്ടന്നായര്, കുറൂര്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ടായിരുന്നു. (എന്റെ ജീവിതകഥ- 37) 1931 നവംബര്‍ ഒന്നിനാണ് സത്യഗ്രഹം ആരംഭിച്ചത്. ടി. സുബ്രഹ്മണ്യന് തിരുമുമ്പിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഒരു സംഘം വാളണ്ടിയര്‍മാരുടെ യാത്ര ജാതിഭേദമന്യേ ഹിന്ദുക്കളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഗുരുവായൂരെത്തി. എ.കെ. ഗോപാലനായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ സത്യഗ്രഹത്തിന്റെ സമ്പൂര്‍ണ്ണ നേതൃത്വം കേളപ്പജിക്കായിരുന്നു.
ഒരിക്കലും യാഥാസ്ഥിതികതയെ ഇകഴ്ത്തിക്കൊണ്ടോ എതിര്‍ത്തുകൊണ്ടോ അല്ല ഗുരുവായൂര്‍ സത്യഗ്രഹം നടന്നത്. വൈക്കം സത്യഗ്രവുമതെ. യാഥാസ്ഥിതികതയുടെ മതില്‍ക്കെട്ടുകള്‍ സ്നേഹവും ജ്ഞാനവും തിരിച്ചറിവും നല്കി സ്വയമേവ ഇല്ലാതാവണമെന്ന നയമായിരുന്നു ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. അതുതന്നെ ആയിരുന്നു അദ്ദേഹത്തിന്റെ അനുയായികളും നിലപാടായി സ്വീകരിച്ചിരുന്നത്. തന്റെ അടുത്ത അനുയായിയായ കേളപ്പജിയെ സ്നേഹിച്ചും ശകാരിച്ചും പരുവപ്പെടുത്തുന്ന ഗാന്ധിജിയുടെ എഴുത്തുകള്‍, പ്രസ്താവനകള്‍ എന്നിവയെല്ലാം ഏറെ ശ്രദ്ധേയമാണ്. 1931 സെപ്തംബര്‍ 20 മുതല്‍ ഉപവാസമനുഷ്ഠിച്ചിരുന്ന കേളപ്പജിയെ കുറിച്ച് അന്നത്തെ മദിരാശി സര്‍ക്കാരിന്റെ ലോ മെമ്പര്‍ ആയ എം. കൃഷ്ണന് നായര്‍ക്ക് ഗാന്ധിജി ഇപ്രകാരമൊരു സന്ദേശം അയച്ചു. ‘അധ:കൃതര്‍ക്കു വേണ്ടി ആത്മാര്‍പ്പണം ചെയ്തിട്ടുള്ള കേരളത്തിലെ അതിശ്രേഷ്ഠനായ പ്രവര്‍ത്തകനാണ് കേളപ്പന് എന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആവശ്യമുണ്ടെങ്കില്‍ നിങ്ങളും മറ്റ് പ്രമാണികളും ഉപവാസസ്ഥലത്തെത്തി കേളപ്പനെ രക്ഷിക്കുകയും ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കുകയും വേണം (ഗാന്ധിജിയും കേരളവും: 15). ഹിന്ദുമത പരിഷ്ക്കരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഓരോ പ്രധാന പ്രവര്‍ത്തകനുമായും ഗാന്ധിജി നിരന്തരം കത്ത്, കമ്പി സന്ദേശങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ആശയവിനിമയങ്ങളില്‍ ഒന്നും എവിടെയും പേരു കേട്ടിട്ടില്ലാത്ത ഒരാളായിരുന്നു. എകെജി. വാളണ്ടിയര്‍ ക്യാ
പ്റ്റന്‍ എന്നതിലുപരി സത്യഗ്രഹത്തിന്റെ സംഘാടനത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായിരുന്നില്ല എകെജി എന്നു വേണം മനസ്സിലാക്കാന്‍. കേളപ്പജിയുടെ വാത്സല്യം നിമിത്തം മുന്‍നിരയില്‍ എത്താന്‍ ഇടയായ ഒരു ‘യുവാവ്’ മാത്രമായിരുന്നു അദ്ദേഹം.
ഹിന്ദുനവോത്ഥാനം, ഐക്യം എന്നിവയ്ക്ക് ഈ സത്യഗ്രഹം കാരണമായി. തികച്ചും മതപരമായിരുന്നു അവയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതേതരന്മാരും മതം കറുപ്പെന്ന് വിശേഷിപ്പിക്കുന്നവരും ഈ സത്യഗ്രഹങ്ങളില്‍ ഇല്ലായിരുന്നു. സാമ്രാജ്യവിരുദ്ധ സമരത്തില്‍ നിന്ന് വഴിതിരിച്ചുവിടുന്ന ഒരു പ്രസ്ഥാനമായിരുന്നു അതെന്നാണ് കേരളം: സമൂഹവും രാഷ്ട്രീയവും എന്ന ഗ്രന്ഥത്തില്‍ ഇഎംഎസ് വിശേഷിപ്പിച്ചത്. എ.കെ.ഗോപാലനെ മുന്നി
ര്‍ത്തി സത്യഗ്രഹത്തെ തങ്ങളുടെതാക്കി മാറ്റാനുള്ള ഇടതുശ്രമം പരിഹാസ്യമാണ്. ഭാഗവതം കേട്ട് ഗീത ചൊല്ലിയും ഹരേകൃഷ്ണ മന്ത്രങ്ങള്‍ ഉരുവിട്ടും തന്റെ ഗുരുവായ കേളപ്പജിയുടെ പാദസേവചെയ്ത ഹിന്ദുധര്മ്മഭടനാണ് അന്നത്തെ എകെജി.
വേണ്ടത്ര മുന്നറിയിപ്പോ വിശദീകരണമോ നല്‍കാതെയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിലെ നിരാഹാരമെന്ന് സാമൂതിരി ആക്ഷേപിച്ച കാര്യം ഗാന്ധിജി കേളപ്പജിയെ അറിയിക്കുന്നുണ്ട്. കേളപ്പജിയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു ഗാന്ധിജി. കേളപ്പജി താല്‍ക്കാലികമായി ഉപവാസം അവസാനിപ്പതു സംബന്ധിച്ച് സാമൂതിരിക്ക് ഗാന്ധിജി കമ്പി സന്ദേശം അയക്കുന്നുണ്ട് ” അച്ചടക്കം പാലിക്കുന്ന ആളെന്ന നിലയില്‍ കേളപ്പന് ഉപവാസം തുടങ്ങും മുമ്പ് എന്റെ അനുവാദം വാങ്ങണമായിരുന്നുവെന്നും വേണ്ടത്ര നോട്ടീസ് നല്‍കണമായിരുന്നുവെന്നും ഞാന്‍ സമ്മതിക്കുന്നു. ഈ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേളപ്പന് ധീരമായിത്തന്നെ എന്റെ നിര്‍ദ്ദേശം കൈക്കൊണ്ട് ഉപവാസം പിന്‍വലിച്ചു. അടുത്ത മൂന്നു മാസങ്ങള്‍ക്കകം ക്ഷേത്രം തുറന്നു കൊടുക്കുന്നില്ലെങ്കില്‍ ഉപവാസം വീണ്ടും ആരംഭിക്കും. എന്റെ ഉപദേശം കേളപ്പന് സ്വീകരിച്ചതുകൊണ്ട് എന്റെ ഉത്തരവാദിത്തം വളരെ കൂടിയിരിക്കുന്നു. ഈ കാലയളവിനുള്ളില്‍ ക്ഷേത്രം അവര്‍ണ ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കുന്നില്ലെങ്കില്‍ എനിക്കും കേളപ്പനോടൊപ്പം ഉപവാസം തുടരേണ്ടിവരും ” ഗാന്ധിജി അസന്നിഗ്ദമായി വ്യക്തമാക്കുന്നു. തന്റെ ശിഷ്യന് ആത്മാഭിമാനത്തോടെ സമൂഹമധ്യത്തില്‍ അധ്യക്ഷനായി നിലനില്‍ക്കാനുള്ള സാഹചര്യം കൂടി ഗാന്ധിജി ഒരുക്കിയ സന്ദര്‍ഭവും ഗുരുവായൂര്‍ സത്യഗ്രഹ വേള തന്നെയാണ്.
ക്ഷേത്രപരിപാലനം വിശ്വാസികളായ ഹിന്ദുക്കളില്‍ ആവണമെന്ന ഹിന്ദുമത വിശ്വാസികളുടെ ആവശ്യം ഇന്നും തീര്‍പ്പാവാത്തതിന്റെ രാഷ്ട്രീയവും പൊതുജനചര്‍ച്ച ആവശ്യപ്പെടുന്നതാണ്. ജനഹിത പരിശോധനയുടെ ആനൂകൂല്യം പോലും അന്ന് വേണ്ടതു പോലെ വിനിയോഗിക്കപെട്ടില്ല എന്ന വസ്തുത നിലവിലുണ്ടെങ്കിലും ഹിന്ദു ഐക്യം- പരിഷ്കരണം എന്നിവയ്ക്കുള്ള കേളികൊട്ടായി ഗുരുവായൂര്‍ സത്യഗ്രഹം മാറി എന്നത് വാസ്തവമാണ്.
സ്വരാജിന്റെ സ്ഥാപനത്തിനും സ്ഥായീഭാവത്തിനും ഹിന്ദുഐക്യവും ശാക്തീകരണവും അനിവാര്യമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം നടന്നത്. ഗാന്ധിജി തന്നെ മതബോധവല്ക്കരണത്തിനും അയിത്തോച്ചാടനത്തിനും മുന്നിട്ടിറങ്ങിയതും തന്നെ പിന്തുടരാന് അനുയായികളെ പ്രേരിപ്പിച്ചതുമെല്ലാം ഹിന്ദുനവോത്ഥാനചരിത്രത്തില് സുവര്ണ്ണലിപികളില് രേഖപ്പെടുത്തിയിട്ടുണ്ട്. അന്യമതസ്ഥരുടെ ഇടപെടല്‍ യാതൊരു തരത്തിലും പാടില്ലെന്നകാര്ക്കശ്യവും ഹിന്ദുസമൂഹത്തിന് നല്‍കിയത് ഗാന്ധിജി തന്നെയാണ്. തന്റെ കര്‍ക്കശമായ ചര്യകളിലൂടെ വഴി നടത്തിയ കേളപ്പജിയെ തന്നെ സാമൂഹ്യപരിഷ്ക്കരണപ്രക്രിയുടെ നേതൃസ്ഥാനത്ത് ഗാന്ധിജി പ്രതിഷ്ഠിച്ചെങ്കിലും, അദ്ദേഹത്തെ ഇകഴ്ത്താനും അരികുവല്‍ക്കരിക്കാനും ശ്രമിച്ചുകൊണ്ടാണ് ഇഎംഎസ്സും മറ്റും പ്രവര്‍ത്തനമാരംഭിച്ചത്. അതുകൊണ്ടു തന്നെ കേളപ്പജിക്ക് ഉചിതമായ ഒരു സ്മാരകം പോലും ഗുരുവായൂരില്‍ സ്ഥാപിക്കാന്‍ മാറിമാറിവന്ന ഇടതുവലതു സര്‍ക്കാരുകള്‍ താല്പര്യം കാട്ടിയതുമില്ല. നവതിയിലേക്കെത്തുന്ന ഗുരുവായൂര്‍ സത്യഗ്രഹസ്മൃതിയുടെ ഈ കാലത്ത് നാം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹിന്ദുനവോത്ഥാന പ്രക്രിയസജീവമാവേണ്ടതിന്റെ ആവശ്യകത, ഗാന്ധിജി വിഭാവനം ചെയ്തതുപോലെ ക്ഷേത്രവിശ്വാസികളിലേക്ക് ക്ഷേത്രപരിപാ
ലനം വന്നു ചേരേണ്ടതിന്റെ ആവശ്യകത, കേളപ്പജിയുടെ മനസ്സിലുള്ള സാമാജിക പരിവര്‍ത്തനം എന്നിവയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ സ്മൃതിപഥത്തില്‍ നിന്നുകൊണ്ട് നാം സജീവമായി ചര്‍ച്ച ചെയ്യേണ്ടതും അതനുസരിച്ച് കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: