ദേശീയത, ദേശസ്നേഹം, ദേശാഭിമാനം ഇതൊക്കെ ജാതിമതവര്‍ഗവര്‍ണലിംഗ ഭേദമെന്യേ ഏതൊരു പൗരന്റെയും കൂടപ്പിറപ്പാണ്. ഈ വികാരങ്ങള്‍ പ്രത്യേകിച്ച് ആരിലും പകര്‍ന്നു നല്‍കേണ്ട. അവ വ്യക്തിത്വവികാസത്തിന്റെ ഭാഗമായി സഹജമായി വളരും. എന്നാല്‍ അതിന് വെള്ളവും വളവും നല്കി പരിപോഷിപ്പിക്കേണ്ട ചുമതല മാതാപിതാക്കള്‍ അഥവാ രക്ഷാകര്ത്താക്കള്, അദ്ധ്യാപകര്‍ തുടങ്ങി എല്ലാവര്‍ക്കുമുണ്ട്. അത്തരമൊരു പരിപോഷിപ്പിക്കലിന് ശരീരവും മനസ്സും അര്‍പ്പിച്ച് ഒരുവ്യക്തി മുന്നോട്ടുവന്നിരിക്കുകയാണ്. പുതിയൊരു ആശയവുമായി. നന്നേ ചെറുപ്പത്തില്‍ തന്നെ, ബാല്യം മുതല്‍ കുട്ടികളില്‍ ദേശസ്നേഹം വളര്‍ത്താന്‍ സൈനികവിദ്യാഭ്യാസം നല്‍കുക എന്ന ആശയം മുന്നോട്ടുവച്ചത് പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ്. അങ്ങനെയാണ് നമ്മുടെ രാജ്യത്ത് സൈനികസ്കൂളുകള് ആരംഭിച്ചത്.
ഇന്നിതാ സ്വകാര്യമേഖലയിലും സൈനികസ്കൂള്‍ എന്ന ആശയവുമായി മറ്റൊരു മലയാളി മുന്നോട്ടുവന്നിരിക്കുന്നു. ഭാരതീയ വിദ്യാനികേതനുമായി ചേര്‍ന്ന് വടക്കന്‍പറവൂരിലെ ഇളന്തിക്കരയില്‍ ശ്രീ ശാരദാവിദ്യാമന്ദിര്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചുകൊണ്ട് വി.കെ. കൃഷ്ണമേനോന്റെ പിന്ഗാമിയായിരിക്കുന്നത് തദ്ദേശീയനായ കെ.കെ. അമരേന്ദ്രന് എന്ന വ്യക്തിയാണ്. 2013 ല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്കൂളിലെ വിദ്യാര്‍ഥികളെ ആണ്-പെണ് ഭേദമില്ലാതെ ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ സൈനികപശ്ചാത്തലത്തിലാണ് വിദ്യാഭ്യാസം ചെയ്യിക്കുന്നത്. ഭാരതീയദര്‍ശനങ്ങളിലെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പഞ്ചാംഗശിക്ഷണമാണ് ഇവിടെ കുട്ടികള്‍ക്ക് നല്‍കുന്നത്. ആത്മനിയന്ത്രണം, ദേശാഭിമാനം, സ്വാശ്രയത്വം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഇതിലൂടെ കുട്ടികള്‍ എളുപ്പത്തില്‍ ആര്‍ജിക്കുന്നു. വളരെ ചെറുപ്പം മുതല്‍ക്കെ പട്ടാളച്ചിട്ടയില്‍ വിദ്യാഭ്യാസം ചെയ്യുന്ന ഈ കുട്ടികള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ശാരീരിക-മാനസിക ബലം ആര്‍ജിച്ച് കറകളഞ്ഞ ദേശസ്നേഹികളും ദേശസേവകരും ആകണമെന്ന നിര്‍ബന്ധം അഥവാ ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ.
2013 ജൂണ്‍ ഒന്നിനാണ് വാടകക്കെട്ടിടത്തില്‍ എല്‍കെജി മുതല്‍ സ്കൂള്‍ ആരംഭിച്ചത്. 2014 ല്‍ പത്തുസെന്റ് വസ്തുവാങ്ങി. വിദ്യാദേവതയെന്ന് പുകള്‍പെറ്റ കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ തന്ത്രി മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തില്‍ ഭൂമിപൂജ നടത്തി. 2015 ല്‍ ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ വിശ്വവല്ലഭ തീര്‍ഥപാദര്‍ ആദ്യകെട്ടിടം ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ ദക്ഷിണക്ഷേത്രീയ കാര്യദര്‍ശി മാധവന്, അന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലകായിരുന്ന പി.ഇ.ബി. മേനോന്, ഭാരതീയ വിദ്യാനികേതന്‍ പ്രസിഡന്റ് ടി.പി.എ. കര്‍ത്ത തുടങ്ങിയവരും പങ്കെടുത്തിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു തുടങ്ങിയ മഹാരഥന്മാരും സ്കൂളിന് ഭാവുകങ്ങളും ആശംസകളും നേര്‍ന്നിരുന്നു. ഒരുതവണ സ്കൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അധ്യാപകരോടൊപ്പം കോഴിക്കോട് നടന്ന ചടങ്ങില്‍ വച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ നേരില്‍കണ്ടു.
ഇന്ന് അഞ്ചേക്കര്സ്ഥലവും മുന്നൂറോളം കുട്ടികളും 13 അധ്യാപകരും നാല് അനധ്യാപകരും നാല് ഡ്രൈവര്‍മാരും നാല് ബസ്സുകളും ഒക്കെയായി സ്കൂളിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇപ്പോള്‍ ഒമ്പതാം സ്റ്റാന്ഡേര്ഡു വരെയായി. കുട്ടികള്‍ക്ക് സൈനികപരിശീലനം നല്‍കുന്നതിന് രണ്ട് വിമുക്തഭടന്മാരുടെ സേവനവും സ്കൂളിന് ലഭിക്കുന്നു. ഒരാള്‍ വ്യോമസേനയില്‍ നിന്നും മറ്റൊരാള്‍ കരസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്. ഷിര്‍ദി സായിബാബയുടെ പേരില്‍ സ്കൂളില്‍ ഇന്ന് അന്നദാനം നടന്നുവരികയാണ്. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനപ്രസിഡന്റ് ഡോ. സുമതി ഹരിദാസിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകന് ലിനുവിന്റെ അമ്മയ്ക്ക് സ്കൂളില്‍ കുട്ടികള്‍ സ്വരൂപിച്ച ഒരുലക്ഷം രൂപ കൈമാറി. കൊവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ ഗാല്‍വന്‍ ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും ഇവിടത്തെ കുട്ടികള്‍ മറന്നില്ല.
പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് തികഞ്ഞ അവബോധം നല്‍കിക്കൊണ്ടാണ് ഇവിടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഇതിനായി ഹരിതഭൂമി ശുചിത്വഭൂമി എന്ന പേരില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ നിലനില്‍ക്കുന്ന പുത്തന്‍വേലിക്കര പഞ്ചായത്തിലുടനീളം നടപ്പാക്കിവരുന്നു. 2018ലും 19ലും വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പുത്തന്‍വേലിക്കരയിലും സമീപപഞ്ചായത്തുകളിലും സന്നദ്ധപ്രവര്‍ത്തനവുമായി ശാരദാവിദ്യാമന്ദിറും അവിടത്തെ കുട്ടികളും മുന്നിലുണ്ടായിരുന്നു. മറ്റ് സാമൂഹ്യസാംസ്കാരികപ്രവര്ത്തനങ്ങളിലും സ്കൂള്‍ അതിന്റെതായ പങ്കുവഹിക്കുന്നു. വീരമൃത്യുവരിച്ച സൈനികരുടെ ഭൗതികശരീരം നാട്ടിലെത്തിയാല്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ നേരിട്ട് ചെന്ന് ആദരാഞ്ജലി അര്‍പ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരബലിദാനികളായ സൈനികരുടെ നിരന്തരസ്മരണ ഉണര്‍ത്തുംവിധം പാഠ്യപാഠ്യേതരപ്രവര്ത്തനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു.
സ്കൂളിന്റെ പുതിയ അക്കാദമിക ബ്ലോക്കിന് ജമ്മുവിലെ ഷോപ്പിയാനില്‍ ഭീകരവാദികളോട് ഏറ്റുമുട്ടി വീരമൃത്യവരിച്ച ധീരസൈനികന് എം.ജെ. ശ്രീജിത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഇത് 2017 ല്‍ ഉദ്ഘാടനം ചെയ്തത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ്സിങ്ങാണ്. പുതിയ ബ്ലോക്ക് ഗാല്‍വന്‍ ബലിദാനികളുടെ പേരിലായിരിക്കും അറിയപ്പെടുക. ഭാരതീയവിചാരകേന്ദ്രം സ്ഥാപകഡയറക്ടര്‍ സ്വര്‍ഗീയ പി. പരമേശ്വരന്റെ പേരിലുള്ള ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ഷിര്‍ദിസായി ക്ഷേത്രവും ഉയരുന്നു. ദേശസ്നേഹം കുട്ടികളില്‍ വളര്‍ത്താനും അച്ചടക്കമുള്ള പൗരന്മാരായി അവരെ വാര്‍ത്തെടുക്കാനും ഈ സ്കൂള്‍ മറ്റുള്ളവര്‍ക്കും മാതൃകയാകുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: