കൊച്ചി: കാക്കനാട് വനിതസംരംഭകയായ തുഷാര നന്ദുവിനെ ആക്രമിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ്. തുഷാരയുടെ ആരോപണങ്ങള്‍ മാധ്യമശ്രദ്ധ നേടാന്‍ കെട്ടിച്ചമച്ചതാണെന്ന് പോലീസ് പറഞ്ഞു. നിലംപതിഞ്ഞിമുകളില്‍ കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് അന്വേഷണം തടസ്സപ്പെടുത്താനാണ് അവര്‍ വ്യാജ പ്രചരണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ എന്ന യുവാവിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും ഭര്‍ത്താവ് അജിത്തും മറ്റ് രണ്ടു പേരും കൂടി പൊളിച്ചു മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചു. എന്നാല്‍ നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി തുഷാര കേസ് നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നും പോലീസ് പറയുന്നു.
ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. ഫുഡ് കോര്‍ട്ടിന്റ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതികളെല്ലാം ഒളിവിലാണെും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: