ന്യൂദല്‍ഹി: ജനന, മരണ വിവരങ്ങള്‍ ശേഖരിക്കുന്നതിലെ നിലവിലെ പരിമിതികളും പോരായ്മകളും പരിഹരിക്കാന്‍ വിവരശേഖരണം ദേശീയതലത്തിലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 1969 ലെ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രം ഉദ്ദ്യേശിക്കുന്നത്.
ഭേദഗതി നടപ്പായാല്‍ വോട്ടര്‍പട്ടിക, ആധാര്‍, ജനസംഖ്യാ രജിസ്റ്റര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പരിഷ്‌കരിക്കാനും കൃത്യത ഉറപ്പാക്കാനും ജനന, മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉപയോഗിക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാനങ്ങളില്‍ പ്രാദേശിക തലത്തിലാണ് ജനന, മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പകരം സംസ്ഥാനം ചീഫ് രജിസ്ട്രാറെ നിയമിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. പുതിയ ഭേദഗതി അനുസരിച്ച് സംസ്ഥാനതല വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി പങ്കുവയ്‌ക്കണം. ജനന, മരണ വിവരങ്ങള്‍ ഏകീകൃത രൂപത്തിലാകുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ജനന, മരണ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലവില്‍ ഏറെ പരിമിതികളും പോരായ്മകളുമുണ്ട്. പ്രാദേശിക തലത്തിലുള്ള വിവരശേഖരണത്തില്‍ കൃത്യത പാലിക്കപ്പെടാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെല്ലാം പരിഹരിക്കാന്‍ ഏകീകൃത പദ്ധതിയിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: