ഡോ. ഡെയ്സന്‍ പാണേങ്ങാടന്
(തൃശ്ശൂര്‍ സെന്റ്.തോമസ് കോളേജ് അസി. പ്രഫസര്‍)
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുകയാണ്. തമിഴ്നാടും കര്‍ണാടകയും പുതുച്ചേരിയുമെല്ലാം ഇതിനകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് അധ്യയനം ആരംഭിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ സാമാന്യവത്കരിക്കപ്പെടുന്ന രീതിയിലുള്ള കൊവിഡ് വ്യാപനം ഇവിടങ്ങളിലുണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. മറ്റേതൊരു സംവിധാനവും തുറന്നു പ്രവര്‍ത്തിക്കുന്നതുപോലെ അത്ര എളുപ്പമല്ല; സ്കൂളുകള്‍ തുറക്കുന്നത്. ആരാധനാലയങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകള്‍ ചെലവഴിക്കുന്ന സമയം വളരെ കുറവായിരിക്കും. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലത് മണിക്കൂറുകളാണ്. ഷിഫ്റ്റ് അടിസ്ഥാനം പ്രാവര്‍ത്തികമാക്കിയാല്‍ പോലും ഒരേ സമയം ഒരു ക്ലാസ്സില്‍ ഇരുപതിലധികം കുട്ടികള്‍ ഉണ്ടാകുമെന്നത് വെല്ലുവിളി തന്നെയാണ്. അതുകൊണ്ടു തന്നെ സ്കൂളുകളില്‍ കുറേക്കൂടി വിപുലമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണവും ആവശ്യമാണ്.
കുട്ടികളുടെ വര്‍ധനവ്
നിലവിലെ കണക്കനുസരിച്ച് വലിയ വര്‍ധനവാണ് ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുള്ളത്. നവാഗതരായി വിദ്യാലയങ്ങളില്‍ എത്തുന്നത് 6,07,702 വിദ്യാര്‍ത്ഥികളാണ്. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോള്‍ നവാഗതരുടെ എണ്ണം അരലക്ഷമെങ്കിലും വര്‍ദ്ധിക്കും. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാലയങ്ങളില്‍ ക്ലാസ് നടന്നിട്ടില്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുതുതായി പൊതുവിദ്യാലങ്ങളില്‍ എത്തുന്നൂവെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. ഒന്നാം ക്ലാസ്സു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ആകെ 34,10,167 വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയങ്ങളില്‍ പഠിതാക്കളായുള്ളത്.
ബോധവത്കരണം
ഒന്നു മുതല്‍ 7 വരെയുള്ള പ്രൈമറി ക്ലാസ്സുകളും പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് നവംബര്‍ ഒന്നിന് സ്കൂളുകളിലെത്തുക. ഇതിന്റെ തുടര്‍ച്ചെയെന്നോണം നവംബര്‍ 1 മുതല്‍ മറ്റു ക്ലാസ്സുകളും ആരംഭിക്കുമെന്ന നിര്‍ദ്ദേശവുമുണ്ട്. അതുകൊണ്ട് താരതമ്യേനെ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ശക്തമായ ബോധവത്കരണം വീടുകള്‍ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ഉണ്ടാകേണ്ടതുണ്ട്. കൈ കഴുകലും അകലം പാലിക്കലും ശരിയായ രീതിയില്‍ മാസ്ക് ധരിക്കലുമൊക്കെ തുടര്‍ന്നും പാലിക്കുകയും കടുത്ത ജാഗ്രത പാലിക്കാന്‍ അവരെ പരിശീലിപ്പിക്കുകയും വേണം. നേരിയ രോഗലക്ഷണമുള്ള കുട്ടിയെ സ്കൂളില്‍ വിടാതിരിക്കാനും ശ്രദ്ധിക്കണം. വ്യക്തിശുചിത്വം പാലിക്കാനും ഇക്കാലമത്രയും നാം ശീലിച്ച കൊവിഡ് ശീലങ്ങള്‍ പിന്തുടരാനും അവരെ പ്രേരിപ്പിക്കണം. മാസ്ക് ഇടയ്ക്ക് താഴ്ത്തുന്നത് ഒഴിവാക്കുക. മുഖത്തിന് പാകമായ മാസ്ക് ഉപയോഗിക്കുക. സ്കൂള്‍ വിട്ടു വന്നാല്‍ കുളിയ്ക്കുക.
സ്കൂളിലേക്കുള്ള യാത്ര
വിദ്യാര്‍ത്ഥികളുടെ യാത്ര സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. അവയില്‍ പലതും അപ്രായോഗികമാണെന്ന ആരോപണവുമുണ്ട്. സ്കൂള്‍ ബസ്സില്‍ ഒരു സീറ്റില്‍ ഒരാളും ഓട്ടോയില്‍ രണ്ട് വിദ്യാര്‍ത്ഥികളുമെന്ന നിര്‍ദ്ദേശം പ്രായോഗികമാവുക പ്രയാസമാണ്. വിദ്യാര്‍ത്ഥിയുടെ താമസ സ്ഥലവും വിദ്യാലയവും സമീപ പ്രദേശങ്ങളിലാണെങ്കില്‍ നടന്നു പോകുന്നതാണ് ഉചിതം.
ചെറിയ കുട്ടികളെ വീട്ടില്‍നിന്നും കൊണ്ടു വിടാന്‍ സാഹചര്യമുള്ളവര്‍, ആ സാധ്യത ഉപയോഗിക്കുന്നതും പൊതു ഗതാഗതം പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്.
അധികൃതരുടെ ശ്രദ്ധയ്ക്ക്
ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്കൂളുകളുടെ പരിസര ശുചീകരണത്തിന് മുന്‍ഗണന നല്‍കണം. വിദ്യാര്‍ത്ഥികള്‍, ക്ലാസില്‍ കയറുന്നതിനു മുമ്പ് കൈ കഴുകാനുള്ള സൗകര്യം സ്കൂളധികൃതര്‍ ഒരുക്കണം. ഇതിനായി ലിക്വിഡ് സോപ്പ്, സാനിറ്റൈസര്‍, വെള്ളം, ഡസ്റ്റ് ബിന്‍ എന്നിവ പ്രവേശന കവാടത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ പലരും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനിടയുള്ളതിനാല് കൈ കഴുകലും സാനിറ്റെസേഷനും സ്കൂള്‍ മുറ്റത്ത് നിര്ബന്ധമാക്കേണ്ടതും അധ്യാപകരുടെ മേല്‍നോട്ടം ഇക്കാര്യത്തിലുണ്ടാകേണ്ടതുമാണ്. സ്കൂള്‍ പരിസരവും ക്ലാസ് മുറികളും ശുചിമുറികളും ഇടയ്ക്കിടെ ശുചിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കൂടുതല്‍ കുട്ടികളുള്ളയിടങ്ങളില് ഷിഫ്റ്റ് സമ്പ്രദായം ആലോചിക്കുകയും എല്ലാവര്ക്കും ഒരേ സമയം ഇന്റര്‍വെല്‍ കൊടുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ഇടവേളകള്‍ നല്‍കുകയും വേണം.
ബയോ ബബിള്‍ സുരക്ഷിതത്വം
സ്കൂള്‍ വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി വിഭജിക്കുന്ന രീതിയാണ് ബയോ ബബിള്‍ സുരക്ഷിത പരിസ്ഥിതി. ചുരുക്കിപ്പറഞ്ഞാല്‍, സാങ്കേതികപരമായി രൂപവത്കരിക്കുന്ന ഒരു ബബിള്‍; വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ബബിളിലുള്ള അഥവാ ഗ്രൂപ്പിലുള്ള വിദ്യാര്‍ത്ഥികളുമായി മാത്രമേ ഇടപെടാന്‍ സാധിക്കൂ. ഈ ബബിളുകള്‍, ക്ലാസിന്റെ വലുപ്പം, അധ്യയന വര്‍ഷം, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. അധ്യയന വര്‍ഷത്തിലുടനീളം നിര്‍ദ്ദിഷ്ട ബബിളുകളായി ഗ്രൂപ്പുകള്‍ തുടരുകയോ, അല്ലെങ്കില്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടുള്ളത്രയും സമയം നിര്‍ദ്ദിഷ്ട ബബിളുകളിലുള്ള വിദ്യാര്‍ത്ഥികളുമായി അവര്‍ സഹകരിക്കുക എന്നതാണ്, ബയോ ബബിള്‍ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്.
അധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്കൂള്‍ അധ്യയന അന്തരീക്ഷത്തില്‍ നിന്നും നീണ്ട കാലയളവ് മാറിനിന്ന വിദ്യാര്‍ത്ഥികളാണ്, നവംബര്‍ മുതല്‍ സ്്കൂളില്‍ വരാനിരിക്കുന്നത്. ഈ വര്‍ഷത്തെ ഒന്നാം ക്ലാസ്സുകാര്‍ മാത്രമല്ല; രണ്ടാം ക്ലാസ്സുകാരും സ്കൂളില്‍ പുതിയവരാണ്. നഴ്സറിയുടെ പ്രാ
യോഗികാന്തരീക്ഷം അനുഭവിക്കാത്ത കുട്ടികളാണ് അവര്‍. അതുകൊണ്ട് തന്നെ നാം കണ്ടും പരിചയിച്ചും ശീലിച്ച ബോധനതന്ത്രങ്ങള്ക്കൊപ്പം അവരുടെ ബൗദ്ധിക നിലവാരത്തെ പുഷ്ടിപ്പെടുത്തുന്ന രീതികളും അവലംബിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മനസ്സിനെ തൊടുന്ന അധ്യാപകരെയാണ്, കൊവിഡാനന്തര കേരളം പ്രതീക്ഷിക്കുന്നത്.
കാലാകാലങ്ങളായി നാം തുടര്‍ന്നു വരുന്ന, ബൗദ്ധിക വികാസം മാത്രം ലക്ഷ്യം വെച്ചുള്ള പഠന പ്രക്രിയയും അനുബന്ധ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ വൈകാരിക പക്വതയേയും മാനസിക നിലവാരത്തെയും ബാധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരത്തിനും വൈകാരിക പക്വതയ്ക്കും പ്രാധാന്യം കൊടുക്കാതെ അക്കാദമിക കാര്യങ്ങള്‍ക്കു മാത്രം ഈ കൊവിഡു കാലത്ത് നാം പ്രാമുഖ്യം കൊടുത്താല്‍ അതിന്റെ അനുരണനങ്ങള്‍, കൊവിഡ് ഭീതിയൊഴിഞ്ഞാലും പൊതു സമൂഹത്തില്‍ നിലനില്ക്കും. വിദ്യാര്‍ത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് നമ്മള്, ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. കുട്ടിയുടെ വൈകാരിക മണ്ഡലത്തിനു പ്രാമുഖ്യം നല്കി, അവരില്‍ സമഗ്രവികസനം ഉറപ്പ് വരുത്തണം. മികച്ച ആശയ വിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയുമാണ് അത്തരമൊരു നേട്ടം കൈവരിയ്ക്കാനാവുക. അതിന് വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കുകയെന്നത് മാതാപിതാക്കളുടേയും അധ്യാപകരുടേയും ദൗത്യമാണ്.
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
കൊവിഡാനന്തര കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വളരെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്. സ്കൂള്‍ പഠനാന്തരീക്ഷത്തില്‍ നിന്നും പഠന പ്രക്രിയയില്‍ നിന്നും, ഒരു മുഴുവന്‍ അധ്യയന വര്‍ഷം പൂര്‍ണ്ണമായി മാറി നിന്ന വിദ്യാര്‍ത്ഥികളാണ്. വിദ്യാലയങ്ങളില്‍ വാര്‍ഷിക പരീക്ഷയുടെ പഠനഭാരം അല്‍പ്പം പോലും പേറാതെയാണ്, അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നതും. പഠനവുമായും പരീക്ഷയുമായും ബന്ധപ്പെട്ട് യാതൊരു വിധ സമ്മര്‍ദ്ദവുമില്ലാതിരുന്ന കാലഘട്ടത്തിലൂടെയാണ് അവര്‍ കടന്നുപോയത്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ക്ലാസ്സുകള്‍ ആരംഭിക്കുന്ന മുറയ്ക്ക്, അക്കാദമിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെങ്കിലും, ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച്, പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ദരുടെ സേവനം, ആഴ്ചയിലൊരിക്കല്‍ ഒരു സ്കൂളിനു കിട്ടത്തക്ക രീതിയില്‍ ക്രമീകരിക്കണം. കലാലയങ്ങളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്ങിനുള്ള സൗകര്യമൊരുക്കണം.
ഹൈബ്രിഡ് പഠനരീതി
പരമ്പരാഗത ക്ലാസ്സ് റൂം പരിചയവും പരീക്ഷണാത്മക പഠന ലക്ഷ്യങ്ങളും ഒന്നിനു പുറകെ ഒന്നായോ വ്യത്യസ്ത സമയങ്ങളിലോ സാങ്കേതിക തികവോടെ ഒന്നിപ്പിക്കുന്ന ഹൈബ്രിഡ് പഠനരീതി പ്രായോഗികമാക്കാവുന്നതാണ്. ഒരു പാഠത്തിലെ വിവിധ പഠന ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വിവിധ ശൈലികള്‍ ഉപയോഗപ്പെടുത്തുന്ന ഈ രീതി ആഗോളതലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഒന്നിനൊന്ന് പകരം വെയ്ക്കാവുന്നതോ ഒന്നിന്റെ തുടര്‍ച്ചയായോ ഉപയോഗിക്കാവുന്ന ഈ പഠന രീതിയ്ക്ക് കൊവിഡാനന്തര കാലത്ത് ഉയര്‍ന്ന സംവേദനക്ഷമത അവകാശപ്പെടാനാകുമെന്നു തീര്‍ച്ച.
ബ്ലെന്‍ഡഡ് പഠനരീതി
ഒരേ പഠന ലക്ഷ്യത്തിനായി ഒന്നിലേറെ രീതികള്‍ ആവശ്യാനുസരണം സംയോജിപ്പിക്കുന്ന ബ്ലെന്ഡഡ ്ശൈലിയും ഇപ്പോള്‍ പല വിദേശ രാജ്യങ്ങളും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. വ്യത്യസ്ത പഠന ലക്ഷ്യങ്ങള്‍ക്ക് വ്യത്യസ്ത രീതികള്‍ സംയോജിപ്പിക്കുകയെന്നതിനപ്പുറം ഒരേ പഠന ലക്ഷ്യത്തെ മുന്നില്‍ കണ്ട് വ്യത്യസ്ത സാധ്യതകളെ സംയോജിപ്പിക്കുന്ന ബ്ലെന്‍ഡഡ് രീതി, പഠിതാക്കള്‍ക്ക് കൂടുതല്‍ സംവേദനക്ഷമതയുള്ളതാണ് എന്നതിനൊപ്പം ആസ്വാദ്യകരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: