ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെ അടുത്തിടെ നടന്ന അക്രമ സംഭവങ്ങള്‍ അങ്ങേയറ്റം മനോവേദന സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശിനെ കൂടുതല്‍ ഇസ്ലാമികവത്കരിക്കാനുള്ള ജിഹാദി ഗ്രൂപ്പുകളുടെ വലിയ ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന ക്രൂരതയെ അഖില ഭാരതീയ കാര്യകാരി മണ്ഡല് ശക്തമായി അപലപിക്കുന്നു.
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ബംഗ്ലാദേശില്‍ അതേപടി തുടരുകയാണ്. പവിത്രമായ ദുര്‍ഗ്ഗാപൂജ ഉത്സവത്തിനിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങളില്‍ നിരപരാധികളായ ഒട്ടേറെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ആയിരക്കണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ നിരവധി ഹിന്ദു പെണ്‍കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങളും ദുര്‍ഗാപൂജ പന്തലുകളും നശിപ്പിച്ചു.
സമൂഹത്തില്‍ വര്‍ഗീയ ഭ്രാന്തു പടര്‍ത്താന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ചില പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെയാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഗൂഢാലോചനയാണെന്നു വെളിപ്പെട്ടത്. ഭാരത വിഭജനം കഴിഞ്ഞതിനുശേഷം ജനസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും പിഴുതെറിയാനുമുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് അടിയ്ക്കടിയുള്ള ആക്രമണങ്ങള്‍.
വിഭജനസമയത്ത് കിഴക്കന്‍ ബംഗാളിലെ ജനസംഖ്യയുടെ 28 ശതമാനം ഹിന്ദുക്കളായിരുന്നു. അതിപ്പോള്‍ എട്ട് ശതമാനമായി കുറഞ്ഞു. ജമാഅത്തെ ഇസ്ലാമി (ബംഗ്ലാദേശ്) പോലുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ ക്രൂരതകള്‍ വിഭജനത്തിനു ശേഷം-പ്രത്യേകിച്ച് 1971 ലെ യുദ്ധകാലത്ത്- ഹിന്ദുക്കള്‍ വലിയ തോതില്‍ ഭാരതത്തിലേക്കു കുടിയേറ്റം നടത്താന്‍ കാരണമായി. ന്യൂനപക്ഷ ഹിന്ദു ജനവിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് അത്തരം സംഘടനകള്‍ ഇപ്പോഴും ബംഗ്ലാദേശില്‍ മതസൗഹാര്‍ദം തകര്‍ക്കുകയാണ്.
തങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ തടയാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണം. ഹിന്ദു വിരുദ്ധ അക്രമം നടത്തുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അതുവഴി ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശില്‍ അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാമെന്ന വിശ്വാസം ഹിന്ദുക്കള്‍ക്ക് ഉണ്ടാവും.
ഈ വിഷയത്തില്‍ മനുഷ്യാവകാശ നിരീക്ഷകരും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള സംഘടനകളും പുലര്‍ത്തുന്ന അപകടകരമായ നിശ്ശബ്ദതയെ അഖില ഭാരതീയ കാര്യകാരി മണ്ഡല് അപലപിക്കുന്നു. അക്രമത്തെ അപലപിക്കാനും ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി ശബ്ദമുയര്‍ത്താനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിലായാലും ലോകത്തിന്റെ മറ്റേതു ഭാഗത്തായാലും തീവ്ര ഇസ്ലാമിക ശക്തികളുടെ ഉയര്‍ച്ച ജനാധിപത്യത്തിനും സമാധാനത്തിനു വില കല്പിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും കടുത്ത ഭീഷണിയായിരിക്കുമെന്നു മുന്നറിയിപ്പ് നല്കുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി ബംഗ്ലാദേശിലെ ആക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആഗോള ഹിന്ദു സമൂഹത്തിനും സംഘടനകള്‍ക്കും ഉള്ള ആശങ്ക ബംഗ്ലാദേശ് സര്‍ക്കാരിനെ അറിയിക്കാന്‍ ലഭ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് കാര്യകാരിമണ്ഡല്‍ ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇസ്കോണ്‍, രാമകൃഷ്ണ മിഷന്, ഭാരത് സേവാശ്രമം സംഘ്, വി.എച്ച്.പി തുടങ്ങിയ ഹൈന്ദവ സംഘടനകളോടും സ്ഥാപനങ്ങളോടും ഇസ്ലാമിസ്റ്റ് അക്രമത്തിന്റെ ഇരകള്‍ക്കൊപ്പം നില്ക്കുന്നതിനും ബംഗ്ലാദേശിലെ ഹിന്ദു സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിലും അഖിലഭാരതീയ കാര്യകാരി മണ്ഡല് കൃതജ്ഞത രേഖപ്പെടുത്തുന്നു. വെല്ലുവിളി നിറഞ്ഞതും ദുഷ്കരവുമായ ഈ സമയത്ത് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും പീഡിപ്പിക്കപ്പെടുന്ന മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം ആര്‍എസ്എസും മുഴുവന്‍ ഹിന്ദു സമൂഹവും ഉറച്ചുനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: