തായ് പെ: ഒരു ചെറിയ സംഘം യുഎസ് സേനാംഗങ്ങള്‍ തയ് വാനില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. തയ് വാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാനാണ് യുഎസ് സൈനികര്‍ എത്തിയിട്ടുള്ളത്. പക്ഷെ, ചൈന ആക്രമിക്കാനൊരുമ്പെട്ടാല് യുഎസ് തയ് വാനെ സംരക്ഷിച്ചുകൊള്ളുമെന്നും സായ് ഇങ് വെന്‍ അഭിപ്രായപ്പെട്ടു. സിഎന്‍എന്‍ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സായ് ഇങ് വെന്നിന്റെ ഈ അഭിപ്രായപ്രകടനങ്ങള്‍.
ഇതാദ്യമായാണ് ഒരു തയ് വാന്‍ പ്രസിഡന്റ് രാജ്യത്തിനകത്ത് യുഎസ് പട്ടാളക്കാരുണ്ടെന്ന് വെളിപ്പെടുത്തത്. എത്ര യുഎസ് സൈനികരുണ്ടെന്ന ചോദ്യത്തിന് “നിങ്ങള്‍ വിചാരിക്കുന്നത്രയും പേര് ഇല്ലെന്ന” ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്കി ഒഴിഞ്ഞു മാറുകയായിരുന്നു തയ് വാന്‍ പ്രസിഡന്റ്.
ഈ പ്രസ്താവന ചൈനയെ സ്വാഭാവികമായും ചൊടിപ്പിച്ചിരിക്കുയാണ്. യുഎസ് അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തയ് വാന്റെയും യുഎസിന്റെയും സൈനികര്‍ തമ്മില്‍ ബന്ധപ്പെടുന്നതില്‍ താല്പര്യമില്ലെന്നും ചൈന താക്കീത് നല്കി. എന്നാല്‍ ബെയ്ജിംഗില്‍ നിന്നുള്ള ഭീഷണി അനുദിനം വര്‍ധിച്ചുവരികയാണെന്നായിരുന്നു സായ് ഇങ് വെന്‍ തിരിച്ചടിച്ചത്. തയ് വാന്‍ ജനാധിപത്യത്തിന്റെ പ്രകാശഗോപുരമാണെന്നും സായ് ഇങ് വെന്‍ പറഞ്ഞു.
തായ് വാനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍’ എന്ന നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അമേരിക്കയെ തന്നെ വെല്ലുവിളിച്ച് തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം ഷീ ജിന്‍പിങ് നടത്തിയത്. തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ ഉടനെ തിരിച്ചടിച്ചിരുന്നു.
അടുത്തിടെയായി തയ് വാന്റെ വ്യോമമേഖല ലംഘിച്ച് നിരന്തരം പ്രകോപനപരമായി യുദ്ധവിമാനങ്ങള്‍ പറത്തുകയാണ് ചൈന. ഇതിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: