കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. ബുധനാഴ്ച രാത്രി 8 മുതല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഉണ്ടായിരുന്നു. ഇതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’ എന്നു കുട്ടികളോടു പറഞ്ഞ്, ഹോംവര്‍ക്കും നല്‍കിയേശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കു കണക്ക് വിഷയത്തിലാണ് മാധവി ഇന്നലെ ക്ലാസെടുത്തത്. ‘വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’ എന്നു പറഞ്ഞാണ് ക്ലാസ് ആരംഭിച്ചത്. ഇത്തരത്തില്‍ മാധവി ടീച്ചര്‍ പറയുന്ന പതിവില്ലെന്നും കുട്ടികളും രക്ഷിതാക്കളും വിതുമ്പലോടെ ഓര്‍ക്കുന്നു.
ശാരീരിക അസ്വസ്ഥതയുണ്ടായപ്പോള്‍ അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്ന് സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു. രതീഷ് എത്തിയപ്പോള്‍ വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവ് പരേതനായ ടി.ബാബു. പരേതരായ അടുക്കന്‍-മുണ്ടു ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാമന്‍, കല്യാണി, കണ്ണന്‍, പരേതരായ രാമകൃഷ്ണന്‍, മാധവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക