മോഹന്‍ലാലിന്റെ ‘ആറാട്ട്’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 10ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമ ഒരു മാസ് എന്റര്‍ടെയ്നറായിരിക്കുമെന്ന് നേരത്തെ സംവിധായകന് ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കിയിരുന്നു.
നെയ്യാറ്റിന്‍കര ഗോപന് എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്.
2255 നമ്പരുള്ള കറുത്ത ബെന്‍സ് കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന സ്നീക്ക് പീക്കും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന് ചിത്രത്തിന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.
ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്, വിജയരാഘവന്, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. സജീഷ് മഞ്ചേരിയും ആര്‍ഡി ഇല്ലുമിനേഷനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ സിനിമയുടെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: