കുണ്ടറ: ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാറിന്റെ സമ്പൂര്‍ണ ആധിപത്യത്തില്‍ നടന്ന കിഴക്കേ കല്ലട ലോക്കല്‍ സമ്മേളനത്തില്‍ നിന്നും മേഴ്സിക്കുട്ടിയമ്മയെ അനുകൂലിക്കുന്നവര്‍ വിട്ടു നിന്നു.
കുണ്ടറയില്‍ മേഴ്സിട്ടയമ്മയുടെ പരാജയത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സജികുമാറിനെ ജില്ലാ സെക്രട്ടറിയേറ്റ് താക്കീതു ചെയ്തിരുന്നു. എന്നാല്‍, സജികുമാറിനെതിരെ തരംതാഴ്ത്തുന്നതു പോലുള്ള ശക്തമായ നടപടി സ്വീകരിക്കാതെ താക്കീതില്‍ ഒതുക്കിയത് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. സജികുമാറിനെതിരെ നടപടി താക്കീതില്‍ ഒതുക്കിയതിനു പിന്നില്‍ എം.എ. ബേബിയുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്.
വിഭാഗീയത ശക്തമായിരുന്ന ലോക്കല്‍ സമ്മേളനത്തില്‍ ഏരിയ കമ്മറ്റിയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് മത്സരം ഒഴിവാക്കി നിലവിലെ ലോക്കല്‍ സെക്രട്ടറി വേലായുധന് ഒരു അവസരം കൂടി നല്കി. നിലവിലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒരാളെ ഒഴിവാക്കിയപ്പോള്‍ മൂന്ന് പേരെ പുതിയതായി ഉള്‍പ്പെടുത്തി.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് എല്‍സി അംഗം വിപിന്‍ വിക്രമന്റെ പേരും നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ ഏരിയ കമ്മിറ്റിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിപിന്‍ വിക്രമന് പിന്മാറി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കേകല്ലട ഗ്രാമ പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടമായത് സമ്മേളനത്തില്‍ ചര്‍ച്ചയായി. ഉപ്പൂട്, മുട്ടം, താഴം പോലുള്ള സിപിഎം ഉരുക്കുകോട്ടകളിലെ പരാജയമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതില്‍ ഉപ്പൂട്ടില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഏരിയ കമ്മറ്റിയില്‍ നിന്നും എന്‍. വിജയനെ മാത്രം തരം താഴ്ത്തിയതിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
കിഴക്കേ കല്ലട ലോക്കല്‍ പരിധിയില്‍ വരുന്ന അജിത് പ്രസാദിനെ ചിറ്റുമല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആക്കിയതിനെയും അദ്ദേഹം ചിറ്റുമല ലോക്കല്‍ പരിധിയിലുള്ളവരെ കിഴക്കേ കല്ലട ലോക്കലിലേക്ക് തിരുകി കയറ്റാന്‍ ശ്രമിച്ചതിനെയും സമ്മേളനത്തില്‍ വിമര്‍ശിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിനോട് ഉപ്പൂട് ബ്രാഞ്ച് കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തി. നിലവിലെ 13 അംഗ ലോക്കല്‍ കമ്മിറ്റിയിലെ ഒരാളെ ഒഴിവാക്കി ബാക്കിയുള്ളവരെ ലോക്കല്‍ കമ്മിറ്റിയില്‍ നിലനിര്‍ത്തി. കൂടാതെ നിലവിലെ ഏരിയ കമ്മിറ്റി അംഗവും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജയദേവി മോഹനന്, കെ.ഐ ജോര്‍ജ്, ഓമന സോമന് എന്നിവരെ പുതിയതായി ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
കോറന്റൈനില്‍ ആണെന്ന് കാട്ടി മൂന്ന് അംഗങ്ങള്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഏരിയ കമ്മിറ്റി അംഗം ജയദേവി മോഹനന്, ലോക്കല്‍ കമ്മിറ്റി അംഗം രവീന്ദ്രന് നായര്‍, സമ്മേളന പ്രതിനിധി എ.ജി. ശ്രീകണ്ഠന് നായര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കാഞ്ഞത്. എന്നാല്‍ മേഴ്സിക്കുട്ടിയമ്മയോട് അടുപ്പം പുലര്‍ത്തുന്ന ഇവര്‍ പങ്കെടുക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമായാണെന്ന് ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നുണ്ട്. ലോക്കല്‍ കമ്മറ്റിയില്‍ പട്ടികജാതി വിഭാഗക്കാരുടെ എണ്ണം ഒന്നായി ചുരുങ്ങിയത് ഉപ്പൂട്, താഴം വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.
കിഴക്കേ കല്ലടയില്‍ സിപിഎം നേതൃത്വത്തില്‍ രൂപം നല്കിയ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ആംബുലന്‍സ് വാങ്ങാനായി പണപ്പിരിവ് നടത്തിയ ശേഷം മറ്റൊരു വാഹനം വാങ്ങിയതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുള്ളതായും അംഗങ്ങള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യത്തിലൊന്നും വ്യക്തമായ മറുപടി നല്‍കാതെയാണ് സമ്മേളനം സമാപിച്ചത്. ചര്‍ച്ചകള്‍ പ്രഹസനമാണെന്നും മുന്‍കൂട്ടിയെടുത്ത തീരുമാനങ്ങള്‍ അടിച്ചേല്പ്പിക്കുയാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: