കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂര്‍ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടില്‍ മൂന്നു കോടി രൂപയുടെ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സിന്റെ കണ്ടെത്തല്‍. വിലനിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതാണന്നും ഇടപാടില്‍ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യൂ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
മാവൂര്‍ സഹകരണ ബാങ്കിനായി, 2019 ല്‍ കാര്യാട്ട് താഴത്ത് 2.172 ഏക്കര്‍ സ്ഥലം ഒമ്പത് കോടി 88 ലക്ഷം രൂപക്ക് വാങ്ങിയതിലാണ് റവന്യൂ വിജിലന്‍സ് വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. അന്നത്തെ ഭൂരേഖ വിഭാഗം തഹസില്‍ദാര്‍, മാവൂര്‍ വില്ലേജ് ചാര്‍ജ്ജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ശുപാര്‍ശ. സെന്റിന് മൂന്നുലക്ഷത്തില്‍ താഴെ മാത്രമേ വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്. ഇതില്‍ മൂന്നുകോടിയുടെ ക്രമക്കേടുണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂരേഖ വിഭാഗം തഹസില്‍ദാര്‍, ചാര്‍ജ്ജ് ഓഫീസര്‍ എന്നിവര്‍ സ്ഥല പരിശോധ നടത്തിയിരുന്നെങ്കില്‍ ക്രമക്കേട് ഒഴിവാക്കാമായിരുന്നെന്നും റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
കെ.പി. രാജശേഖരന്, ചന്ദ്രാംഗദന്‍, അശോകന് എന്നിവര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉത്തരമേഖല ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തിയത്. സര്‍ക്കാര്‍ അംഗീകരിച്ച വില്ലേജ് ഓഫിസ് മാന്വലില്‍ നിഷ്കര്‍ഷിച്ച വ്യവസ്ഥകള്‍ ലംഘിച്ചാണ് ഭൂമിക്ക് വില നിശ്ചയിച്ച് നല്‍കിയതെന്നായിരുന്നു പരാതി. മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നതിനായി തിരഞ്ഞെടുത്ത ഭൂമി സമാന ഭൂമിയല്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ വാദം അന്വേഷണ റിപ്പോര്‍ട്ടില്‍ ശരിവെക്കുന്നു.
സഹകരണ നിയമപ്രകാരം, സഹകരണ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങുമ്പോള്‍, റവന്യൂ വകുപ്പ് വില നിര്‍ണയം നടത്തണമെന്നാണ് ചട്ടം. ഇതിനായി മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നു വര്‍ഷത്തിനിടെ നടന്ന ഭൂമിയിടപാടുകളുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാം. എന്നാല്‍ ഇവിടെയത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള ഭൂമിയായിരുന്നെന്നും അടിസ്ഥാന വില 40 ശതമാനം വര്‍ദ്ധിപ്പിച്ചതായും കണ്ടെത്തി.
ജൂലൈ 27നാണ് ഉത്തരമേഖല (വിജിലന്‍സ്) ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് തുടര്‍ നടപടിക്കായി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം കെ.പി. രാജശേഖരന് നല്കിയ അപേക്ഷയിലാണ് റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: