കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്ന കണ്ണൂരില്‍ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിസ്തൂപത്തില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടികെട്ടി, ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍നിന്ന് പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
തളിപ്പറമ്പിന് പിറകെ കണ്ണൂര്‍ തായത്തെരുവിലാണ് വിഭാഗീയത രൂക്ഷമായത്. കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികളായ മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എം. ഇര്‍ഷാദ്, മുന്‍ സൗത്ത് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി ടി.കെ. ഷംസീര്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. ഇതിനു പുറമേ ബ്രാഞ്ചിലെ അഞ്ച് അംഗങ്ങള്‍ രാജിവച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി സ്ഥലങ്ങളില്‍ ഇവരെ അനുകൂലിക്കുന്ന വിഭാഗം കരിങ്കൊടിയുയര്‍ത്തി. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെയല്ല മറിച്ച് സ്വാര്‍ത്ഥമതികളായ പുതിയ ആളുകളെയാണ് നേതാക്കള്‍ക്ക് വേണ്ടതെന്ന് ഇവര്‍ ആരോപിക്കുന്നു. തായത്തെരുവിലെ പാര്‍ട്ടിസ്തൂപത്തിലും പ്രതിഷേധക്കാര്‍ കരിങ്കൊടിയും ബാനറും ഉയര്‍ത്തി. അടിമയായി മരിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് എന്നാണ് ബാനര്‍. 76 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. പാര്‍ട്ടി അഴിമതിക്കാരോടൊപ്പമാണെന്നതാണ് ഇവരുടെ ആരോപണം.
അമ്പതിലേറെപേര്‍ പാര്‍ട്ടി വിട്ടുവെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഉപയോഗിച്ച ശേഷം പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. കണ്ണൂരില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്, ലോക്കല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദ്.
കഴിഞ്ഞ ദിവസം തളിപ്പറമ്പിലും സമാന രീതിയില്‍ പരസ്യപ്രതികരണമുണ്ടായിട്ടും നേതൃത്വത്തിന് നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. പാര്‍ട്ടി നേതൃത്വം സ്വജനപക്ഷപാതം കാണിക്കുകയാണെന്നും അഴിമതിക്കാരോടും സമ്പന്നരോടൊപ്പമാണെന്നും ഒരു വിഭാഗം ആരോപിക്കുമ്പോഴും നേതൃത്വം പ്രതികരിക്കാതെ മാറിനില്‍ക്കുന്നതും അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ തല്‍ക്കാലം പരസ്യ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: