ലക്നൗ: ട്വന്റി ട്വന്റി ലോകക്കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് വിജയിച്ചത് ആഘോഷമാക്കുകയും രാജ്യവിരുദ്ധ പരാമര്‍ശനം നടത്തുകയും ചെയത ഏഴുപേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതില്‍ മൂന്നു പേര് കശ്മീരി വിദ്യാര്‍ത്ഥികളാണ്. ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇവര്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുക മാത്രമല്ല, രൂക്ഷമായ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റ് വിജയം മറയാക്കിഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ശത്രുത വളര്‍ത്തിയതിനും സൈബര്‍ ഭീകരതയ്ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ത്യ-പാക് മത്സരത്തിന് ശേഷം ‘പാകിസ്ഥാന് അനുകൂലമായി സ്റ്റാറ്റസ് പോസ്റ്റുചെയ്യുകയും രാജ്യവിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്തതിന് കശ്മീരി വിദ്യാര്‍ത്ഥികളെ കോളേജും സസ്പെന്‍ഡ് ചെയ്തിരുന്നു.
‘മത്സരത്തിന് ശേഷം ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായി സംഭവം പുറത്തുവന്നു. ഞങ്ങള്‍ക്ക് പരാതി ലഭിച്ചു, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന് ശേഷമാണ് അവരെ അറസ്റ്റ് ചെയ്തത്,’ ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് വികാസ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. .
പാക്കിസ്ഥാനെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങള്‍ കോളേജില്‍ ഉയരുന്നുവെന്നാരോപിച്ച് ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതാവ് ഗൗരവ് രജാവത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ബിച്ച്പുരിയിലെ കോളേജ് കാമ്പസില്‍ എത്തിയിരുന്നു. കോളേജ് ‘രാജ്യദ്രോഹികള്‍ക്ക് അഭയം നല്‍കുക’യാണെന്ന് ആരോപിച്ചു. തുടര്‍ന്നാണ് തെളിവുകളോടെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബിജെവൈഎം നേതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: