ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കിയെന്ന് ആരോപിച്ച് ദേവസ്വം നല്കിയ പരാതിയില്‍ സാങ്കേതിക പിഴവെന്ന് ടെമ്പിള്‍ പോലീസ്. ഇത് സംബന്ധിച്ച് ടെമ്പിള്‍ സിഐ സി. പ്രേമാനന്ദകൃഷ്ണന് ദേവസ്വത്തിന് കത്തു നല്കി.
ദേവസ്വം യൂട്യൂബ് ചാനലിലെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേക്ഷണം ചെയ്തതിനും ദേവസ്വം ഫേസ്ബുക്ക് പേജെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുവര്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയത്.
ഗുരുവായൂര്‍ ദേവസ്വത്തിനുവേണ്ടി ശരത് എ. ഹരിദാസന് സംവിധാനം ചെയ്ത ”അഖിലം മധുരം-ഗുരുവായൂരിന്റെ ഇതിഹാസം” എന്ന ഡോക്യുമെന്ററി ശ്രീഗുരുവായൂരപ്പന്, സോമന് പണിക്കര്‍ എന്ന ഫേസ്ബുക്ക് പേജുകളിലൂടെയാണ് തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാല്‍, ആര്‍ക്കുവേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്യാന്‍ പാകത്തിലാണ് ദേവസ്വത്തിന്റെ വെബ്സൈറ്റിലെ ഉള്ളടക്കമെന്ന് ടെമ്പിള്‍ സിഐ സി. പ്രേമാന്ദകൃഷ്ണന് അറിയിച്ചു.
പൊതുപ്ലാറ്റ്ഫോമില്‍ കിടക്കുന്ന ഒരു സംഭവത്തെ ആര്‍ക്കുവേണമെങ്കിലും പ്രചരിപ്പിക്കാനുള്ള സാധ്യത ദേവസ്വം കാണാതെപോയതായതായും സിഐ അറിയിച്ചു. ദേവസ്വം യൂട്യൂബ് ചാനലിലെ ഡോക്യുമെന്ററിക്ക് കോപ്പി റൈറ്റുള്ളതായി അറിവില്ല. ആ സ്ഥിതിയ്ക്ക് കോപ്പി റൈറ്റുണ്ടെങ്കില്‍ പരാതിയുടെ പേരില്‍ കേസെടുക്കാമെന്നും അറിയിച്ചാണ് ദേവസ്വത്തിന് കത്തു നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: