വടക്കാഞ്ചേരി: കൊവിഡ് മൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ബിഗ് സ്ക്രീനുകള്‍ സജീവമാവുകയാണ്. പക്ഷെ ജീവിതത്തില്‍ ഇതുവരെ സിനിമാ തീയേറ്ററില്‍ കയറിയിട്ടില്ലാത്ത ഒരു യുവാവുണ്ട്. മികച്ച ഇലക്ട്രീഷ്യന് കൂടിയായ വടക്കാഞ്ചേരി കുമ്പളങ്ങാട് പടിഞ്ഞാറേക്കര സ്വദേശി ചാഴിക്കുളം വീട്ടില്‍ അരുണി (28)ന് സിനിമയോടും സിനിമാക്കാരോടും പ്രത്യേകിച്ച് വിരോധമൊന്നുമില്ല. എങ്കിലും തീയേറ്റര്‍ തുറന്നാലുമില്ലെങ്കിലും അതൊന്നും ഇദ്ദേഹത്തെ ബാധിക്കുന്ന കാര്യമേയല്ല. വീടിനോടു ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് തീയേറ്ററുകളുണ്ടെങ്കിലും ഒരിക്കല്‍പ്പോലും അവിടെയൊന്നും അരുണ്‍ പോയിട്ടില്ല.
പഠനകാലയളവിലുള്പ്പടെ ഒരു സിനിമ പോലും റിലീസിങ് ദിനത്തിലോ അല്ലാതെയോ കാണാത്ത നാട്ടിലെ തന്നെ ഏക വ്യക്തി. പുത്തന്‍ സിനിമകള്‍ കാണാന്‍ ഇപ്പോഴും കൂട്ടുകാര്‍ ക്ഷണിച്ചാലും സ്നേഹത്തോടെ നിരസിക്കുന്നതാണ് അരുണിന്റെ പതിവ്. വീട്ടില്‍ ടിവിയില്‍ സിനിമ കാണുന്നതും അപൂര്‍വമാണ്. അതും മുഴുവനാക്കുന്ന പതിവില്ല. വാര്‍ത്തകള്‍ കാണാനാണ് കൂടുതലിഷ്ടം. ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ പോകുമെങ്കിലും സിനിമ കാണാന്‍ പോകണമെന്ന് മാത്രം ഇതുവരെ തോന്നിയിട്ടില്ല.
ഒഴിവ് ദിനങ്ങളില്‍ തീയേറ്ററുകളിലെ അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറിലധികം ചിലവഴിക്കുന്നതിന് പകരം കൂട്ടുകാരോടൊത്ത് കഴിയാനാണ് താല്പര്യം.
സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ കൈവശമുണ്ടെങ്കിലും സിനിമ കാണാന്‍ മാത്രം ഉപയോഗിക്കാറില്ല. നീണ്ട ഇടവേളക്ക് ശേഷം സിനിമ തീയേറ്ററുകള്‍ തുറന്നു ഇനിയെങ്കിലും വരുന്നോ ഒരു സിനിമ കാണാന്‍ എന്ന ചോദ്യത്തിന് തത്ക്കാലമില്ല എന്ന് തന്നെയാണ് ചെറുചിരിയോടെ വീണ്ടും അരുണിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: