പാലക്കാട്: സിപിഎം എലപ്പുള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സമ്മേളനം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിനിടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കമ്മിറ്റി അംഗം നിഥിന് കണിച്ചേരി, ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണന്‍കുട്ടി, കെ. ഹരിദാസ്, എസ്.ബി. രാജു എന്നിവരാണ് യോഗം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
സമ്മേളന ഹാളിലേക്ക് പ്രതിഷേധവുമായി ഒരുവിഭാഗം എത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ഇതോടെയാണ് സമ്മേളനം നിര്‍ത്തിവെച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പേട്ട ബ്രാഞ്ച് സമ്മേളനം നടത്താതെ എലപ്പുള്ളി ബ്രാഞ്ച് സമ്മേളനം നടത്തിയതാണ് പ്രകോപനത്തിന് കാരണമായത്.
അംഗങ്ങളുടെ പിന്തുണയില്ലാത്തയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയെന്ന് ആരോപിച്ച് ഒമ്പത് അംഗങ്ങള്‍ സമ്മേളനം ബഹിഷ്കരിച്ചിരുന്നു. സ്ക്രൂട്ടനിങ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒഴിവാക്കിയവരെ സെക്രട്ടറി തിരുകിക്കയറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അംഗങ്ങള്‍ ജില്ലാസെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രാദേശിക നേതൃത്വത്തോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടുകയുമുണ്ടായി. എന്നാല്‍ പേട്ട ബ്രാഞ്ച് സമ്മേളനം പൂര്‍ത്തിയാക്കാതെ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സമ്മേളനം നടത്തിയെന്നാരോപിച്ചാണ് ഒരുവിഭാഗം പ്രതിഷേധവുമായെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: