അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ നിന്നും മത്സ്യത്തൊഴിലാളിയായ സിപിഎം പ്രാദേശിക നേതാവിനെ കാണാതായിട്ട് നാളെ ഒരു മാസം പൂര്‍ത്തിയാകുന്നു. അന്വേഷണം എങ്ങുമെത്തിയില്ല. പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത്. തോട്ടപ്പള്ളി പൊരിയന്റെ പറമ്പില്‍ സജീവനെ കാണാതായിട്ട് വെള്ളിയാഴ്ച ഒരു മാസം പിന്നിടുകയാണ്. പൂത്തോപ്പ് ബ്രാഞ്ചു സമ്മേളന തലേ ദിവസമാണ് പാര്‍ട്ടി പ്രവര്ത്തകന് കൂടിയായ സജീവനെ കാണാതായത്. ഇത് പിന്നീട് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു.കാണാതായി ഒരു മാസം പിന്നിട്ടിട്ടും സജീവനെകുറിച്ച് ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
തന്റെ ഭര്‍ത്താവിന്റെ തിരോധാനത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ഭാര്യ സജിത ആരോപിക്കുന്നത്. ഇദ്ദേഹത്തെ കാണാതായിട്ട് ഇതുവരെ പാര്ട്ടിക്കാര് ഒരു സമരവും നടത്തിയിട്ടില്ലെന്നും സജിത പറയുന്നു. പോലീസിന്റെ അന്വേഷണം വളരെ പരിതാപകരമാണെന്നാണ് സഹോദരന് ഹരീഷ് ആരോപിക്കുന്നത്. തുടക്കത്തില്‍ നല്ല രീതിയില്‍ നടന്ന അന്വേഷണം ഇപ്പോള്‍ ദുര്‍ബലമായി. പാര്‍ട്ടിക്കാരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മകനെ കണ്ടു പിടിക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാവ് സേതു നിറ കണ്ണുകളോടെ ആവശ്യപ്പെട്ടു. പോലീസിന്റെ അന്വേഷണം നിശബ്ദമായതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് ബന്ധുക്കളും നാട്ടുകാരും. പാര്‍ട്ടിയില്‍ സജീവമായിരുന്ന സജീവന്റെ തിരോധാനത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മൗനം നാട്ടുകാര്‍ക്കിടയില്‍ സംശയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്തെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി പോലീസും നിശബ്ദതയിലാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെ കാണാതാകുന്നത്. ഇത് വിഭാഗീയതയുടെ പേരില്‍ വിവാദത്തിന് വഴിയൊരുക്കി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ആദ്യം കണ്ട ആവേശം പിന്നീട് നാട്ടുകാര്‍ കണ്ടില്ല. ഇത് നാട്ടുകാരില്‍ സംശയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സജീവന് ഒളിവില്‍ പോകേണ്ട സാഹചര്യം ഒന്നും ഇല്ലെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി നേതൃത്വത്തിനെയാണ്. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയും പോലീസിന്റെ ശരിയായ അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: