ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. കഴിഞ്ഞദിവസം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെതുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായാണ് ഉയര്‍ന്നത്. ഇതോടെ മുല്ലപ്പെരിയറില്‍ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടില്‍ 127 അടിയായിരുന്നു ജലനിരപ്പ്.
സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഡാം തുറക്കുന്നതിന് മുന്നോടിയായി മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് മുല്ലപ്പെരിയാറിലെത്തും.
മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ തുറക്കുന്ന കാര്യം പുനപരിശോധിക്കുകയുള്ളൂ. സെക്കന്‍ഡില്‍ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട് . മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിയാണ് എത്തുക. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ജലനിരപ്പ് 138 അടി എത്തിയപ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്കി. ഡാമിലെ നിലവിലെ അപ്പര്‍ റൂള്‍ കര്‍വ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബര്‍ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടാബോര്‍ 31 വരെ നിശ്ചയിച്ചിട്ടുള്ളത് 138 അടിയാണ്. ഇതില്‍ വ്യത്യാസം വരുത്തേണണ്ടതില്ലെന്ന മേല്‍ നോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സമിതിയില്‍ കേരളണ്‍ എതിര്‍പ്പ് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റഎ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഡിസംബറില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിരുന്നു. തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്നു കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം തുറന്നു വിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക. വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, മാമല അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി അണക്കെട്ടിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: