ന്യൂദല്‍ഹി: കേരളത്തിന്റെ ആശങ്ക ഊതിപ്പെരുപ്പിച്ചതാണെന്നായിരുന്നു തമിഴ്നാടിനുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ശേഖര്‍ നഫാഡെയുടെ സുപ്രീംകോടതിയില്‍ വാദിച്ചു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശവും അദ്ദേഹം എടുത്തു പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശേഖര്‍ നഫാഡെ ചൂണ്ടിക്കാട്ടി.
ജലനിരപ്പ് 137.60 അടിയാണ്. ആശങ്കപ്പെടാനൊന്നുമില്ല. കേരളത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുകയാണ്. മുഖ്യമന്ത്രി തന്നെ ആശങ്കപ്പെടാനില്ലെന്ന് സഭയില്‍ പറഞ്ഞിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. സുപ്രീംകോടതി വിധി പ്രകാരം ജലനിരപ്പ് 142 അടിയില്‍ നില നിര്‍ത്താന്‍ തമിഴ്നാട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ജലനിരപ്പ് 139 അടിക്ക് മുകളില്‍ പോകാന്‍ പാടില്ലെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ പറഞ്ഞു. നിലവില്‍ 137.60 അടി വെള്ളമാണുള്ളത്. ഇന്ന് ഇതേക്കുറിച്ച് വാദം കേള്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനത്തെക്കുറിച്ചുള്ള കേരളത്തിന്റെ മറുപടി ഇന്ന് രാവിലെ നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് വീണ്ടും വാദം കേള്‍ക്കും. മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു മുകളില്‍ പോകാന്‍ പാടില്ലെന്ന് 2018ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നേരത്തേ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് സമിതിയുടെ തീരുമാനം കോടതിയെ അറിയിച്ചത്. കേരളം ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അവര്‍ കോടതിയെ അറിയിച്ചു.
ജലനിരപ്പ് സംബന്ധിച്ച് അടിയന്തര തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം മേല്‍നോട്ട സമിതിയോട് നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഒക്ടോബര്‍ 31 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 138 അടി വരെയായി ഉയര്‍ത്താമെന്നാണ് റൂള്‍ കര്‍വില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മേല്‍നോട്ട സമിതി ചേര്‍ന്നെന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
2017, 2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രളയമുണ്ടായതായും ഡാമുകളാണ് ഒരു പരിധി വരെ ഇതിന് കാരണമായതെന്നും കേരളത്തിനു വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ പ്രളയത്തിന് കാരണം അണക്കെട്ടാണെന്നതിന് എന്താണ് തെളിവെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ ചോദിച്ചു. കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തുറന്നുവിട്ടതാണ് കാരണമെന്ന് ജയ്ദീപ് അറിയിച്ചു. ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തിയാല്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: