ഡോ. ഭാരതി പ്രവീണ്‍ പവാര്‍
(കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി)
പോരാട്ടത്തിനിറങ്ങുമ്പോള്‍, യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടത് എന്നൊരു ചൊല്ലുണ്ട്. നമുക്കിപ്പോള്‍ ശത്രുവിനെ അറിയാം, സ്വയം അറിയുകയും ചെയ്യാം. നമ്മുടെ പാതയില്‍ ഇനിയും കടന്ന് വന്നേക്കാവുന്ന ശത്രുക്കള്‍ക്കു നേരെയുള്ള പോരാട്ടങ്ങള്‍ക്കായാണ് തയ്യാറെടുപ്പ്. കൊവിഡ് 19, ആരോഗ്യ സംവിധാനത്തിന്റെ ശേഷിയും, മഹാമാരിയോട് പ്രതികരിക്കുന്നതിനുള്ള പരിമിതികളും മനസ്സിലാക്കിത്തന്നു. ആദ്യ മാസങ്ങളില്‍ കൊവിഡ്, കൊവിഡ് ഇതര അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും (ദുര്‍ബ്ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും) കടുത്ത പ്രതിസന്ധി നേരിട്ടു. രാജ്യത്തിന്റെ ആരോഗ്യ പരിപാലനത്തില്‍ 60 ശതമാനം വിഹിതം ഉണ്ടായിരുന്നിട്ടും, സ്വകാര്യ മേഖലയ്‌ക്ക് ഈ പ്രതിസന്ധി നേരിടാന്‍ കഴിയാത്തത്, പരമപ്രധാനമായ പൊതുജന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ വിപുലപ്പെടുത്തണമെന്ന വസ്തുതയിലേക്ക് നയിച്ചു.
കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും, ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അത്തരം ഏതെങ്കിലും മഹാമാരിക്ക് എതിരേ തയ്യാറെടുപ്പ് നടത്തുന്നതിനും, അഞ്ച് വര്‍ഷം കൊണ്ട് 64,180 കോടി രൂപ ചെലവില്‍ ‘പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത്-ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം’ വിഭാവനം ചെയ്തിരിക്കുന്നു. അതിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതി (സിഎസ്എസ്) ഉപയോഗിച്ച്, രോഗനിര്‍ണ്ണയവും ചികിത്സയും അടിയന്തര ഘട്ട പരിചരണ സേവനവുമുള്‍പ്പെടെ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പോലുള്ള 12 കേന്ദ്ര സ്ഥാപനങ്ങളിലും 602 ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രി ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും. കൊവിഡിനെ ചെറുക്കുന്നതിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം വിവിധ പദ്ധതികള്‍ക്ക് മതിയായ ബജറ്റ് തുകകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്.
രോഗനിര്‍ണ്ണയവും ഗവേഷണവും പ്രധാനം
സാംക്രമിക രോഗനിര്‍ണയം ഉള്‍പ്പെടെ കുറഞ്ഞത് 134 പരിശോധനകള്‍ നടത്തുന്നതിന് രാജ്യത്തുടനീളം 730 സംയോജിത ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ സ്ഥാപിക്കും. പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവയുടെ സാധ്യത മുന്‍കൂട്ടി നിര്‍ണയിക്കുന്നതിനും പൊതുജനാരോഗ്യ നിരീക്ഷണ-ക്ലിനിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനും
വിവിധ പദ്ധതികളുടെ കീഴില്‍ നിലവിലുള്ള ലാബുകള്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഏത് പ്രശ്നവും യഥാസമയം കൈകാര്യം ചെയ്യുന്നതിന്, അതിനെക്കുറിച്ചുള്ള അറിവോടെ സ്വയം തയ്യാറാകുക എന്നതാണ് ശരിയായ രീതി. അതുകൊണ്ടാണ് കേന്ദ്രം ബയോമെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പടര്‍ന്നുപിടിക്കുന്ന പകര്‍ച്ച വ്യാധികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും നേരിടുന്നതിനും ഒരു ആരോഗ്യ സമീപന രീതിയും വികസിപ്പിക്കും. നാല് പ്രാദേശിക നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണിനായുള്ള റീജിയണല്‍ റിസര്‍ച്ച് പ്ലാറ്റ്ഫോം, ഒമ്പത് ബയോസേഫ്റ്റി ലെവല്‍ (ബിഎസ്എല്‍) ലബോറട്ടറികള്‍ എന്നിവ വഴി ജൈവ സുരക്ഷാ തയ്യാറെടുപ്പും മഹാമാരി ഗവേഷണവും നിര്‍വഹിക്കുന്നതിനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
ഐടി അധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വികസിപ്പിക്കും. ബ്ലോക്ക്, ജില്ല, പ്രാദേശിക, ദേശീയ തലങ്ങളിലും പ്രവേശന പോയിന്റുകളിലും മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലും നിരീക്ഷണ ലബോറട്ടറികളുടെ ശൃംഖല വികസിപ്പിക്കും.
20 മെട്രോപൊളിറ്റന്‍ നിരീക്ഷണ യൂണിറ്റുകള്‍, അഞ്ച് റീജിയണല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ശാഖകള്‍, ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് പ്രൊമോഷന്‍ പ്ലാറ്റ്ഫോം എന്നിവയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും രോഗ നിരീക്ഷണത്തിന് വലിയ ഉത്തേജനം ലഭിക്കും. 17 പുതിയ പോയിന്റ് ഓഫ് എന്‍ട്രി ഹെല്‍ത്ത് യൂണിറ്റുകള്‍ രൂപീകരിക്കുകയും നിലവിലുള്ള 33 യൂണിറ്റുകള്‍ നവീകരിക്കുകയും ചെയ്യും. ഇതിലൂടെ എന്‍ട്രി പോയിന്റുകളിലെ നിരീക്ഷണം ശക്തിപ്പെടുത്തും. ഐടി അധിഷ്ഠിത ആരോഗ്യ സേവന വിതരണം, കേന്ദ്രീകൃത ഡിജിറ്റല്‍ ഹെല്‍ത്ത് ഡാറ്റ കൈകാര്യം ചെയ്യല്‍, സുരക്ഷിത സംവിധാനത്തിലൂടെയുള്ള ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കായി നിലവിലുള്ള അത്യാധുനിക ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമെയാണ് ഈ നിരീക്ഷണ സംവിധാനം. ഇത് അന്താരാഷ്‌ട്ര നിലവാരത്തെ അടിസ്ഥാനമാക്കി മാത്രമല്ല, പൗരന്മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ്.
ഗ്രാമീണ-നഗര ആരോഗ്യ മേഖലകള്‍ക്ക് മുന്‍ഗണന
നഗര പ്രദേശങ്ങളിലെ പ്രാദേശിക ശേഷിയുടെ ആവശ്യകതയാണ് നിലവിലെ മഹാമാരി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത്-ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനില്‍ നഗര ആരോഗ്യ പരിപാലനത്തില്‍ ആവശ്യമായ മാറ്റം വരുത്തി. വൈവിധ്യമാര്‍ന്ന സാമൂഹിക-സാംസ്‌കാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആരോഗ്യപരമായ വെല്ലുവിളികളോടുള്ള സമഗ്രമായ സമീപനവും പദ്ധതി ലക്ഷ്യമിടുന്നു. നിലവിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ (യുപിഎച്ച്സി) നിന്നുള്ള സേവനങ്ങള്‍ ചെറിയ യൂണിറ്റുകളിലേക്കും-ആയുഷ്മാന്‍ ഭാരത് അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളിലേക്കും പോളിക്ലിനിക്കുകളിലേക്കും സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകളിലേക്കും വ്യാപിപ്പിക്കും. നഗരവാസികളുടെ ആവശ്യങ്ങള്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നിറവേറ്റും. പോളിക്ലിനിക്കുകള്‍ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ക്കൊപ്പം റഫറല്‍ സംവിധാനവും ലഭ്യമാക്കും.
രാജ്യത്തുടനീളം ചേരിയും ചേരി പോലുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് 11,044 പുതിയ നഗര പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മുന്‍ഗണന അര്‍ഹിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലുള്ള 17,788 ആയുഷ്മാന്‍ ഭാരത് ആരോഗ്യ കുടുംബക്ഷേമ കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് പിന്തുണ നല്‍കുന്നതാണ് മറ്റൊരു ഘടകം. മുന്‍ഗണന നല്‍കുന്ന 11 സംസ്ഥാനങ്ങളിലെ 3,382 ബ്ലോക്കുകള്‍, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകളായി വികസിപ്പിക്കും. ചികിത്സയും പൊതുജനാരോഗ്യവും തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലൂടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, രോഗ നിരീക്ഷണം, പൊതുജനാരോഗ്യ ഡാറ്റ റിപ്പോര്‍ട്ടിങ് മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: