ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കും. ഇക്കാര്യം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. കേരളം ഇക്കാര്യത്തില്‍ വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ല, താലൂക്ക്, വില്ലേജ് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങൾ മഴ കനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. ഇതില്‍ 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അതേസമയം തുലാവർഷം ശക്തമാകാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിൽ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ ചുറ്റളവിൽ 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്‍പ് അണക്കെട്ടിന്റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് അറിയിച്ചിരുന്നു. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോഴേക്കും ഏലപ്പാറ, ഉപ്പുതറ, പീരുമേടിലെ പെരിയാറിലെയും മഞ്ഞുമലയിലെയും ജനങ്ങള്‍ എന്നിങ്ങനെ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കും. ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, കഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പന്‍ചോലയിലെ ആനവിലാസം വില്ലേജ് എന്നിവിടങ്ങളിലെ ജനങ്ങളെയും മാറ്റിപാര്‍പ്പിക്കും. ഇവിടെ ജില്ലാ ഭരണകൂടം രണ്ട് ഡപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: