കൊച്ചി: ഇന്ന് പിറന്നാളാണ് സാനുമാഷിന്. ആദ്യനോവലായ ‘കുന്തീദേവി’ പൂര്‍ത്തിയാക്കി പ്രസാധനത്തിന് തയ്യാറായതിന്റെ ആഹ്ലാദത്തിലാണ് മാഷ് തൊണ്ണൂറ്റിയഞ്ചാം പിറന്നാളിനെ വരവേല്‍ക്കുന്നത്. മാതൃത്വത്തിന്റെ എല്ലാ വ്യഥകളും ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങിയ കുന്തീ ദേവി എന്നും തന്നെ ആകര്‍ഷിച്ചിട്ടുള്ള കഥാപാത്രമാണെന്ന് മാഷ് ജന്മഭൂമിയോടു പറഞ്ഞു. നൊന്തുപ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന കുന്തിയുടെ ജീവിതത്തിന് വിവിധ മാനങ്ങളുണ്ട്. ജീവചരിത്രരചനയില്‍ കുലപതിയായി മാറിയ സാനുമാഷ് കുന്തീദേവിയെ തന്റെ കാഴ്ചപ്പാടിലൂടെ നോവലാക്കുമ്പോള്‍ ആസ്വാദക, നിരൂപക ലോകം പ്രതീക്ഷയിലാണ്.
കുന്തിയെപ്പറ്റി ആദ്യം എഴുതിയത് ഒരു ലേഖനമാണ്. ഒരു ലേഖനത്തില്‍ ഒതുങ്ങുന്ന ജീവിതമല്ല അതെന്ന ചിന്ത, അങ്ങനെ എഴുതിയാല്‍ പോരാ എന്നുള്ള ആകുലത അലട്ടി. കുന്തീദേവി ഉള്ളില്‍ നീറ്റലായി മാറിയിട്ട് നാളേറെയായി. ഇപ്പോള്‍ കൊവിഡ് കാലത്ത് അത് പൂര്‍ത്തിയാക്കി.
രണ്ട് മൂന്ന് തവണ എഴുതി നോക്കി. പ്രബന്ധമായും മറ്റും. ഒടുവിലാണ് കഥയുടെ രൂപത്തിലേക്ക് വന്നത്. സമൂഹം അവജ്ഞയോടെ നോക്കുന്ന ദുര്‍വിധിയില്‍ നിന്നും കര്‍ണ്ണനെ രക്ഷിക്കാന്‍ പരിത്യജിച്ച അമ്മയുടെ ജീവിതസങ്കീര്‍ണ്ണതകളും വൈരുധ്യങ്ങളും വ്യതിയാനങ്ങളുമൊക്കെ പകര്‍ത്തി. കുരുക്ഷേത്രയുദ്ധത്തിന് ശേഷം മാത്രം, കര്ണ്ണന് പാണ്ഡവരുടെ സഹോദരനാണ് എന്ന് വെളിപ്പെടുത്തുകയും പാണ്ഡുപുത്രന്മാര്‍ രാജാധികാരമേറുമ്പോള്‍ അതില്‍ സംബന്ധിക്കാതെ വനവാസത്തിന് പോവുകയും കാട്ടുതീയില്‍പ്പെട്ട് വെന്തുമരിക്കുകയും ചെയ്യുന്ന കുന്തീദേവീ. ഒരുതരത്തില്‍ പറഞ്ഞാല്‍ ആത്മാഹുതി. വിചിത്രവും അത്ഭുതവും ചിന്തോദ്ദീപകവുമായ ഒരു ജീവിതത്തിന്റെ കഥയാണതെന്ന് സാനുമാഷ് പറയുന്നു. നാല് മാസം കൊണ്ട് രചന പൂര്‍ത്തിയായി. തൃശ്ശൂര്‍ ഗ്രീന്‍ബുക്ക്സ് ആണ് പ്രസാധകര്. കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രവും, സാഹിത്യദര്‍ശനവുമാണ് കൊവിഡ് കാലത്ത് പൂര്‍ത്തിയാക്കിയ മറ്റ് കൃതികള്‍. എഴുതാന്‍ കഥാപാത്രങ്ങള്‍ ഇനിയുമേറെ മനസ്സിലുണ്ട്. ആഗ്രഹവും.
സാഹിത്യത്തിനും ഭാഷയ്ക്കും വേണ്ടി സ്വയം എരിഞ്ഞടങ്ങിയ കേസരി ബാലകൃഷ്ണപിള്ളയുടെ ആരാധകനാണ് സാനുമാഷ്. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലപാടെടുത്ത അദ്ദേഹത്തിന്റെ പാതയാണ് സാനുമാഷും പിന്തുടരുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പറഞ്ഞ ശ്രീനാരായണഗുരുദേവന്റെ സ്വാധീനം തിരിച്ചറിവ് ഉണ്ടായ കാലം മുതല്‍ ഒപ്പമുണ്ട്. ഭാവിയോട് മാഷിന് പറയാനുള്ളത് കുമാരനാശാന് പറഞ്ഞതുതന്നെ,
”ചെറുതന്യനു നന്മചെയ്കകൊ-
ണ്ടൊരുചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം”. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് കഴിയുന്ന ഉപകാരം ചെയ്യുക. അത് ഭാഗ്യമായി കരുതുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: