Categories: Article

സ്‌നേഹസൗഹൃദം സമ്മാനിച്ച വ്യക്തി

അന്തരിച്ച ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അനുസ്മരിക്കുന്നു

താന്ത്രിക രംഗത്തെ സക്രിയ സജീവ സാന്നിധ്യമായിരുന്നു നിര്യാതനായ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്. പാണ്ഡിത്യത്തിന്റെ ഗര്‍വോ അഹന്തയോ തൊട്ടുതീണ്ടാത്ത സൗമ്യശാന്തഗംഭീരമായ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാതൊരുവിധ വളച്ചുകെട്ടുമില്ലാതെ തുറന്ന ശുദ്ധമനസ്സോടെ ക്രിയാദികളിലും ക്ഷേത്രവിഷയങ്ങളിലും ഇടപെടുന്നത് സഹജസ്വഭാവമായിരുന്നു. തമ്മില്‍ സംസാരിച്ച അവസരങ്ങളിലെല്ലാം ഒരിക്കലും മറക്കാനാവാത്ത സൗഹൃദ സ്‌നേഹം സമ്മാനിച്ചുകൊണ്ടാണ് പിരിയാറ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാര വിഷയങ്ങളിലെല്ലാം ശാസ്ത്രവിധിയുടെ പിന്‍ബലം വേണമെന്ന തന്റെ നിര്‍ബന്ധബുദ്ധി ഭക്തജനങ്ങളുടെ വിശ്വാസത്തെ രൂഢമൂലമാക്കി. ആ മഹാത്മാവിന്റെ ദീപ്തസ്മരണക്ക് മുന്നില്‍ ആദരാഞ്ജലി.

നെടുങ്ങാടി ബാങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴെല്ലാം തന്ത്രശാസ്ത്ര വിഷയങ്ങള്‍  മനസ്സിലാക്കുന്നതിന് പരമാവധി സമയം കണ്ടെത്തിയിരുന്നു. രാജിവച്ചൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്ര മുഖ്യതന്ത്രി സ്ഥാനം ഒരു വെല്ലുവിളിയായി ഏറ്റെടുത്തത് ഭക്തജനസമൂഹം വളരെ കൗതുകത്തോടെ വീക്ഷിച്ചു. ദീര്‍ഘനാളത്തെ പ്രവര്‍ത്തനപരിചയമോ പാണ്ഡിത്യത്തിന്റെ തെളിവുകളോ പ്രകടമായി കണ്ടില്ലെങ്കിലും ഇരുത്തം വന്ന തന്ത്രിമുഖ്യനെന്ന ഖ്യാതി വളരെ പെട്ടെന്ന് നേടാനായി.

ഗുരുവായൂര്‍ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ യോഗങ്ങളില്‍ ആദ്യകാലത്ത് പങ്കെടുത്തിരുന്നു. പിന്നീട് തന്റെ  സാന്നിധ്യംകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ലെന്നും അഭിപ്രായങ്ങള്‍ ചെവിക്കൊള്ളുന്നില്ലെന്നും മനസ്സിലാക്കിയപ്പോള്‍ യോഗങ്ങളില്‍ പങ്കെടുക്കാതെയായി. എങ്കിലും ക്ഷേത്രാചാര വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങള്‍ ശക്തമായ ഭാഷയില്‍ രേഖാമൂലം മാനേജിംഗ് കമ്മിറ്റിയ അറിയിച്ചിരുന്നു.

പരന്ന വായനയും വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയും അദ്ദേഹത്തെ വേറിട്ടൊരു വ്യക്തിത്വമാക്കിമാറ്റി. സ്വ പ്രയത്‌നത്തിലൂടെ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു. അറിഞ്ഞതെല്ലാം അനായാസേന പ്രയോഗത്തിലാക്കി. ആ സൗമ്യസാന്നിധ്യം ഇന്ന് ഓര്‍മ്മയായി. പാദമുദ്രകള്‍ പതിഞ്ഞ ഗുരുവായൂര്‍ ക്ഷേത്രാങ്കണം എന്നും ആ ധന്യാത്മാവിനെ സ്മരിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Guruvayoor