അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖ പ്രതിഭയാണ് പ്രൊഫ. എം.കെ.സാനു മാസ്റ്റര്‍. സാഹിത്യ നിരൂപകന്, ജീവചരിത്ര രചയിതാവ്, സാംസ്കാരിക നായകന്, പ്രഗത്ഭനായ പ്രഭാഷകന്‍, സാമൂഹിക പ്രവര്ത്തകന്, രാഷ്ട്രീയമൂല്യ പ്രചാരകന്, ദാര്‍ശനിക ചിന്തകന്‍, സര്‍വോപരി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ആരാധ്യനായ ആചാര്യന് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഉന്നതശീര്‍ഷനായി, സര്‍വാരാധ്യനും അജാത ശത്രുവുമായി, വിഖ്യാതനായ അദ്ദേഹം കേരളത്തിന്റെ ജ്യോതിഃസ്വരൂപമാണ്. സ്നേഹം, കാരുണ്യം മുതലായ ആര്‍ദ്ര വൈകാരികമൂല്യങ്ങള്‍ അദ്ദേഹത്തിന് വാക്കുകളിലൂടെ വാഴ്ത്താന്‍ മാത്രമുള്ളവയല്ല. അവയുടെ പ്രചോദനത്താല്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും കര്‍മരംഗങ്ങളില്‍ അദ്ദേഹം നേതൃത്വം നല്കിപ്പോരുന്നു.
നിശ്ശബ്ദമായി അനുഷ്ഠിച്ചുപോരുന്ന ഈ സാമൂഹിക സേവനത്തിന്റെ രംഗത്തുള്ള കര്‍മപരിപാടികള്‍ക്കായി അദ്ദേഹം എത്രയേറെ സമയവും ഊര്‍ജവും ചെലവാക്കുന്നുണ്ടെന്ന് മറ്റു രംഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെ വൈപുല്യപ്രഭാവം മൂലം ആളുകള്‍ വേണ്ടുംപോലെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ചിന്തകന്‍, പ്രഭാഷകന്‍, സാഹിത്യകാരന് എന്നീ നിലകളിലുള്ള ജാജ്വല്യമാനമായ വ്യക്തിപ്രഭാവം മൂലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര അറിയപ്പെടാതെ പോകുന്നു. സാഹിത്യരംഗത്ത് അദ്ദേഹത്തിന്റെ അപ്രതിമപ്രഭാവം ജീവിതചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവെന്ന നിലയിലാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശ്വവിഖ്യാതനായ ആല്‍ബര്‍ട്ട് ഷ്വെയ്സ്നറുടെ ജീവിതചരിത്രം ആദ്യകാല രചനകളിലുള്പ്പെടുന്നുവെന്നത് വളരെ അര്‍ത്ഥവത്താണ്. താന്‍ ആരാധിക്കുന്ന മൂല്യങ്ങളുടെ പുരുഷാകാരത്തെ പൂജിക്കുന്നതിലുള്ള തീവ്രോത്കണ്ഠയാണ് ആ പ്രാരംഭോദ്യമത്തില് പ്രതിഫലിക്കുന്നത്. ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റേയും (മൃത്യുഞ്ജയം ജീവിതം) ജീവിതചരിത്രങ്ങള്‍ മാത്രമേ രചിച്ചിരുന്നുള്ളൂ എങ്കില്‍പോലും മലയാളത്തിലെ ജീവിതചരിത്ര ശാഖയിലേക്കുള്ള സംഭാവനയുടെ പേരില്‍ അദ്ദേഹം പ്രഥമസ്ഥാനത്ത് അംഗീകരിക്കപ്പെടുംവണ്ണം മഹത്വപൂര്‍ണമാണ് ആ ഗ്രന്ഥങ്ങള്‍. പിന്നീട് തുരുതുരെ ജീവിതചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ഒഴുകിയെത്തി. അസംഖ്യം കൊടുമുടികളോടുകൂടിയ സഹ്യനെന്ന സാനുമാനെപ്പോലെയാണ് മലയാളത്തിലെ ജീവിതചരിത്ര ശാഖയിലേക്ക് അദ്ദേഹം നല്കിയ പെരുനിര ഉയര്ന്നുനിലകൊള്ളുന്നത്.
ജീവിതചരിത്ര രചനയില്‍ സ്വന്തമായ ഒരു സവിശേഷ ശൈലിയും അദ്ദേഹം രൂപപ്പെടുത്തി. വ്യക്തിയെ നേരിട്ടു കാണുകയും സംഭാഷണത്തില്‍ നാം ഏര്‍പ്പെടുകയും ചെയ്യുന്നതുപോലുള്ള അനുഭൂതിയാണ് കൃതികളില്‍നിന്നു ലഭിക്കുന്നത്. ജീവിത ചരിത്രരചനയില്‍ പുതുതായ ഒരു വഴി വെട്ടിത്തെളിയിച്ച് അതിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ശൈലീവല്ലഭനെ അനുകരിക്കാനാശിക്കുന്നവര്‍ വളരെയുണ്ടാവാമെങ്കിലും അനുകരണത്തില്‍ വിജയിച്ചവരാരും ഇപ്പോഴില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അതിസരളമെങ്കിലും, അനനുകരണീയമാണ് ആ പദ്ധതി. പൂര്‍ണവും വിപുലവുമായ ജീവിതചിത്രങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തിലെ ചില രംഗങ്ങള്‍ മാത്രം ചിത്രപ്പെടുത്തി അവയിലൂടെ വ്യക്തിത്വസാകല്യത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന വൈദഗ്ധ്യത്തിന്റെ ഒട്ടേറെ നിദര്ശനങ്ങളും അദ്ദേഹത്തിന്റെ രചനകളായ ഗ്രന്ഥസമുച്ചയത്തിലുണ്ട്.
ഓരോ ദിവസവും ഒന്നോരണ്ടോ പ്രഭാഷണങ്ങള്‍ എന്ന കണക്കിന് സായാഹ്നങ്ങള്‍ നീക്കിവയ്ക്കേണ്ടിവരത്തക്കവണ്ണം ആവശ്യക്കാര്‍, വരിനില്ക്കുകയും, ആരെയും നിരാശരാക്കാതെ സൗഹൃദം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇങ്ങനെ അദ്ദേഹത്തിന്റെ സമയം അപഹരിക്കുന്നവര് ശ്രോതാക്കളെ ധന്യരാക്കുകയെന്ന സേവനം പരോക്ഷമായി നിര്‍വഹിക്കുന്നുണ്ട്. ജാതി, മതം മുതലായ സങ്കുചിത ചിന്താഗതികള്‍ പുലര്‍ത്തുന്നവരൊഴികെ എല്ലാവരും ഈ ധന്യതയാല്‍ അനുഗൃഹീതരാവുന്നു. അങ്ങനെ അദ്ദേഹത്തിനു നഷ്ടപ്പെടുന്ന സമയം, അപരര്‍ക്കു ലാഭമായിത്തീരുന്നു.
മനസ്സ്, വാക്ക്, കര്‍മം എന്ന ത്രികരണങ്ങളിലൂടെ അനുദിനം, അനുനിമിഷം, മാനവസേവനത്തിലേര്പ്പെടുന്ന ധന്യചേതസ്സുകളുടെ വിരളഗണത്തില്പ്പെടുന്ന അദ്ദേഹത്തിന് പൂര്ണാരോഗ്യത്തോടുകൂടിയ ദീര്‍ഘായുസ്സ് ഉണ്ടാകണമെന്നാണ് പ്രാര്‍ത്ഥനയും ആശംസയും. ‘കുര്‍വന്നേവേഹ കര്‍മാണി ജിജീവിഷേച്ഛതം സമാഃ” എന്ന് ഈശാവാസ്യോപനിഷത്തില് പറയുന്നതുപോലെ സാര്ഥകര്മങ്ങളില് മുഴുകിക്കൊണ്ട് നീണാള്‍ വാഴുമാറാകട്ടെ. യഥാര്‍ത്ഥ ആചാര്യന്മാര്ക്കു കര്മവിരാമം എന്ന ഒരവസ്ഥയില്ല. എന്ന് സാനുമാസ്റ്റര്‍ തന്റെ ജീവിതചര്യകളിലൂടെ സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നു.
മഹാരാജാസ് കോളജില്‍ അദ്ദേഹത്തിന്റെ സഹപ്രവര്ത്തകയാവാന് കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യങ്ങളിലൊന്നായതില് ഞാന്‍ സ്വയം അഭിനന്ദിക്കുന്നു. ശ്രീനാരായണഗുരുസ്വാമിയുടെ ജീവിത ചരിത്രം രചിക്കുക മാത്രമല്ല, അദ്ദേഹം പ്രചരിപ്പിച്ച തത്വങ്ങള്‍ ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും സാനുമാസ്റ്റര്‍ ശ്രദ്ധിച്ചു. അതനുസരിച്ചുള്ള വിപുല സുഹൃദ് മണ്ഡലത്തിലെ ഓരോ അംഗവും അദ്ദേഹത്തിന് ജന്മദിനത്തില് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നുണ്ടാവും. പ്രായംകൊണ്ടു തളരാത്ത ഉത്സാഹം മനോവാക് കര്‍മങ്ങളില്‍ നിലനിര്‍ത്തിപ്പോരുന്ന അദ്ദേഹത്തിന് നീണാള്‍ വാഴ്വ് ഊര്ജനിര്ഭരമായിരിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: