ജമ്മു-കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അവിടെ സമാധാനവും വികസനവും കൊണ്ടുവരികയാണ് ലക്ഷ്യമെന്നുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് അടിവരയിടുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂന്നു ദിവസം നീണ്ടുനിന്ന കശ്മീര്‍ സന്ദര്‍ശനം. രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം രണ്ടാമതും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ആദ്യമായും കശ്മീരിലെത്തിയ അമിത് ഷാ തന്റെ വിജയകരവും ആവേശോജ്വലവുമായ സന്ദര്‍ശനത്തിലൂടെ രാജ്യത്തിനും കശ്മീരിലെ ജനങ്ങള്‍ക്കും വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
കശ്മീരില്‍ ഇനിയും കുഴപ്പങ്ങളുണ്ടാക്കാമെന്ന് കരുതുന്ന അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ദേശവിരുദ്ധ ശക്തികള്‍ക്കും വിഘടനവാദികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് ഷായുടെ സന്ദര്‍ശനം. നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും, പൊതുപരിപാടികളില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്ത ഷാ സൈനികര്‍ക്കൊപ്പമാണ് ഒരു രാത്രി കഴിച്ചുകൂട്ടിയത്. ഭീകരപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നും, കശ്മീരിന്റെ പ്രശ്നഭരിതമായ ഭൂതകാലം ഇനിയൊരിക്കലും മടങ്ങിവരാത്ത പേക്കിനാവ് മാത്രമാണെന്നും ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സന്ദര്‍ശനം. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഷായും കശ്മീരിലെത്തിയത്. പൂഞ്ച്-രജൗരി മേഖലയില്‍ നിന്ന് ഭീകരരെ തുരത്താന്‍ സൈന്യം ശക്തമായ നടപടികളെടുക്കുമ്പോഴാണ് ഈ സന്ദര്‍ശനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും, ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വേര്‍തിരിക്കുകയും ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അമിത് ഷാ ആയിരുന്നു. അന്നതിന് ഒരുപാട് പഴികേള്‍ക്കേണ്ടി വന്നു. മതത്തിന്റെയും വിഘടന വാദത്തിന്റെയും പേരില്‍ കശ്മീരിനെ പാക്കിസ്ഥാന്റെ കൈനിലമാക്കാന്‍ മാത്രമാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരിന്റെ തലതിരിഞ്ഞ നയംകൊണ്ട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പ് ഉപകരിച്ചത്. കശ്മീരിന് പ്രത്യേക ഭരണഘടനയും പതാകയുമൊക്കെയായി മൂന്നു കുടുംബങ്ങള്‍ മാറി മാറി കശ്മീരിനെ അടക്കി ഭരിക്കുകയും കൊള്ളചെയ്യുകയുമായിരുന്നു. ദേശീയോദ്ഗ്രഥനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഇത്തരമൊരു വകുപ്പു മൂലം കശ്മീരിലെയും മറ്റിടങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് ഇക്കൂട്ടര്‍ മൗനം പാലിച്ചു.
ഏഴ് പതിറ്റാണ്ടുകാലം നീണ്ട ഇവരുടെ ഭരണത്തിന് കീഴില്‍ നാല്‍പ്പതിനായിരത്തിലേറെ ആളുകളാണ് പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് താഴ്വരയില് നിന്ന് പലായനം ചെയ്യേണ്ടിവന്നു. ആര്‍ട്ടിക്കിള്‍ 370 ഇല്ലാത്ത രണ്ട് വര്‍ഷത്തെ ഭരണംകൊണ്ട് ഭീകരപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനും, വികസനത്തിന്റെ ഒരു കുതിച്ചുചാട്ടത്തിനു തന്നെ വഴിയൊരുക്കാനും മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അക്കമിട്ടു നിരത്തിക്കൊണ്ടാണ് അമിത് ഷാ തന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. 2021 ജൂണില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ 32 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. കശ്മീരില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച ചരിത്രപരമായ നടപടികള്‍ ഗുണം ചെയ്യില്ലെന്ന് പ്രചരിപ്പിച്ച ലഫ്റ്റ് ലിബറലുകള്‍ ഈ മാറ്റത്തില്‍ വലിയ നിരാശരാണ്.
നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് അമിത്ഷായുടെ ഇപ്പോഴത്തെ സന്ദര്‍ശനം സാക്ഷ്യം വഹിക്കുകയുണ്ടായി. തനിക്ക് സംസാരിക്കാനുള്ളത് കശ്മീരിലെ ജനങ്ങളോടാണെന്നും, അവര്‍ക്കും തനിക്കുമിടയില്‍ ഒരുതരത്തിലുള്ള മറയും ആവശ്യമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട്, പൊതുസമ്മേളനത്തില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് കവചം ഷാ എടുത്തുമാറ്റിയത് ഇതിലൊന്നാണ്. കശ്മീരില്‍ നിന്നു തിരിച്ചടി നേരിടുന്ന പാക്കിസ്ഥാന് തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഭീകരരെ ഉപയോഗിച്ച് ഇപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും മറ്റും ആക്രമണങ്ങള്‍ക്ക് ശ്രമിക്കുന്നു. അഫ്ഗാനിലെ താലിബാന് വാഴ്ചയുടെ പിന്‍ബലത്തില്‍ തങ്ങള്‍ കൂടുതല്‍ കരുത്തരായിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പാക്കിസ്ഥാന് പെടാപ്പാടുപെടുകയാണ്. പക്ഷേ ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് അനുദിനം ഭാരതത്തിന്റെ സുരക്ഷാ സേന തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങളുമായി കടന്നുവരുന്നവര്‍ക്ക് സ്വാഗതം, അവര്‍ക്ക് ഭാരതത്തിന്റെ ആറടിമണ്ണില്‍ വിശ്രമിക്കാമെന്ന മുന്‍ കരസേനാ മേധാവിയും ഇപ്പോഴത്തെ സംയുക്ത സേനാ മേധാവിയുമായ ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ ആവിയായിപ്പോയിട്ടില്ല.
കശ്മീര്‍ സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നത് പാക്കിസ്ഥാനെപ്പോലെ കോണ്‍ഗ്രസ്സും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമൊക്കെ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യവും എതിര്‍ക്കുന്നു. അധികാരം നഷ്ടമായ ഈ പാര്‍ട്ടികളുടെ നേതൃത്വം വല്ലാതെ അസ്വസ്ഥരാണ്. ജനാധിപത്യത്തിന്റെ പാതയില്‍ കശ്മീരിനെ മുന്നോട്ടു നയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കി. ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഈ നീക്കത്തിന് കരുത്തു പകരുന്നതാണ് ഷായുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: