രാജാക്കാട്: തുടര്‍ച്ചയായ മഴ ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. മഴ കനത്തതോടെ ഏലച്ചെടില് ശരംചീയലും അഴുകല്‍ രോഗവുമാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കൂടുതല്‍ വില കൊടുത്ത് വളവും കീടനാശിനികളും വാങ്ങി ഉപയോഗിച്ചിട്ടും പ്രയോജനം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു സീസണില്‍ ഏഴു തവണ വരെ വിളവ് ലഭിച്ചിരുന്ന ഏലത്തോട്ടങ്ങളിലാണ് ശരംചീയല് ബാധിച്ചത്. കൊവിഡ് കാലത്ത് വില വര്‍ധിച്ചപ്പോള്‍ കൊക്കോയുള്പ്പെടെയുള്ള കൃഷികള്‍ വെട്ടി ഏലം കൃഷി നടത്തിയ പുതിയ കര്‍ഷകര്‍ക്കും ഇത് തിരിച്ചടിയായി. റീപ്ലാന്റ് ചെയ്ത ചെടികളിലും അഴുകലും ചീയലും ബാധിച്ചത് കര്‍ഷകരില്‍ ആശങ്കയ്ക്കിടയാക്കി.
ഏലക്കായെക്കാള് കീടനാശിനികള്‍ക്ക് വില വര്‍ധിച്ചു. കൊവിഡ് കാലമായതിനാല്‍തന്നെ ദൂരെസ്ഥലങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് കൂലി വര്‍ധനയുമുണ്ടായി. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കൃഷി ചെയ്തവര്‍ ഇപ്പോള്‍ തിരിച്ചടക്കാനാകാതെ വിഷമിക്കുകയാണ്. ഒരു ലക്ഷം രൂപ വരെ ഒരേക്കര്‍ സ്ഥലത്തിനും വാടക നല്കി ഏലം കൃഷി ചെയ്തിരുന്ന കര്‍ഷകരും ഇപ്പോള്‍ കടക്കെണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: