ശ്രീനഗര്‍: മൂന്ന് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ രാത്രി ചെലവഴിച്ചത് പുല്‍വാമയിലെ സി ആര് പി എഫ് ക്യാമ്പില്‍ ജവാന്മാര്ക്കൊപ്പം. സൈനികര്‍ക്കൊപ്പമായിരുന്നു അമിത് ഷായുടെ രാത്രിഭക്ഷണവും ലെത്ത്പോരയിലുള്ള സി ആര് പി എഫ് ക്യാമ്പിലാണ് തങ്ങിയത്. ഇവിടെ വച്ചായിരുന്നു 2019ലെ ഭീകരാക്രമണത്തില്‍ നാല്‍പ്പത് ജവാന്മാര് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു ജവാന്മാരോട് സംവദിച്ചതെന്ന് പ്രതികരിച്ച ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തേ, പാകിസ്ഥാനോടല്ല കേന്ദ്ര സര്‍ക്കാരിനു സംസാരിക്കാനുള്ളത് ജമ്മു കശ്മീരിലെ ജനങ്ങളോടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. എനിക്ക് സംസാരിക്കാനുള്ളത് കശ്മീരിലെ ജനതയോട് നേരിട്ടാണെന്ന് പറഞ്ഞ് വേദിയില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം അമിത് ഷാ എടുത്തു മാറ്റി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
മോശം വാക്കുകള്‍ ഉപയോഗിച്ച് എന്നെ ഏറെ പരിഹസിച്ചിട്ടുണ്ട്. മുന്നൂറ്റെഴുപതാം വകുപ്പു റദ്ദാക്കിയ സമയത്ത് ഞാന്‍ പറഞ്ഞ പല കാര്യങ്ങളെയും പലരും അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നെനിക്ക് തുറന്നു സംസാരിക്കണം. ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ ആവശ്യം അതിനില്ല.
കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനുമായാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്ന മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന പത്രത്തില്‍ കണ്ടു. എന്നാല്‍ എനിക്ക് സംസാരിക്കേണ്ടത് എന്റെ താഴ്വരയിലെ ജനങ്ങളോടാണ്. കശ്മീരിലെ യുവാക്കളോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. അവരോട് സംസാരിക്കാതിരിക്കേണ്ടതില്ലല്ലോ. അതിനാലാണ് സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ മുന്നോട്ട് നീങ്ങുന്നത്, അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ മൂന്നു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയായ ഇന്നലെ ദന്ദേബാര് ജില്ലയിലെ പ്രസിദ്ധമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒപ്പമുണ്ടായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി രണ്ടു മുറി ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിച്ചു നല്‍കണമെന്നും അവരെക്കൂടി കശ്മീരിലേക്കുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക റിക്രൂട്ട്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് സംഘടനകള്‍ അമിത് ഷായ്ക്ക് നിവേദനം നല്കി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും സുരക്ഷയും നല്‍കണം, താഴ്വരയില് നിന്ന് ആട്ടിപ്പായിക്കപ്പെട്ട ജനങ്ങള്‍ക്കായി അപ്പക്സ് കമ്മിറ്റിയും ക്ഷേമ നിധി ബോര്‍ഡും രൂപീകരിക്കണം എന്നീ ആവശ്യങ്ങളും കശ്മീരി പണ്ഡിറ്റ് സംഘടനകള്‍ മുന്നോട്ടുവച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ സമാധാനപരമായ ജമ്മു കാശ്മീര്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി സര്‍ക്കാരിന് ഭീകരപ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ല. ഭീകരപ്രവര്‍ത്തനം മനുഷ്യത്വത്തിന് എതിരാണ്. മനുഷ്യരാശിക്കെതിരായ ഇത്തരം ഹീനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണന എന്നും അമിത് ഷാ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: