കണ്ണൂര്‍: മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും. പയ്യന്നൂര്‍ കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു. കോഴിക്കോട്ട് കഴിഞ്ഞയാഴ്ച വളര്‍ത്തുനായയെ ഓട്ടോറിക്ഷ കയറ്റിക്കൊന്ന സംഭവത്തിന് പിന്നാലെയാണിത്. പയ്യന്നൂര്‍ വടക്കേമണക്കാട് സ്വദേശിയും മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ചന്ദ്രന്റെ വീട്ടിലെ രണ്ട് പൂച്ചകളാണ് ചത്തത്. ആരോ മനപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ചന്ദ്രന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൂച്ചകളുടെ തല വെട്ടിമാറ്റിയ ജഡം ചന്ദ്രന്റെ വീട്ടുമുറ്റത്ത് തള്ളുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കോഴിക്കോട്ട് പറയഞ്ചേരിയിലാണ് വളര്‍ത്തുനായയെ വാഹനം കയറ്റികൊന്നത്. സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പറയഞ്ചേരിയിലെ നാലോളം വീട്ടുകാര്‍ വളര്‍ത്തിയ ജാക്കി എന്ന നായയാണ് വാഹനമിടിച്ച് ചത്തത്. പ്രദേശത്തുകാരുടെ അരുമയായിരുന്നു ജാക്കി. നായയുടെ ദേഹത്ത് ഓട്ടോ ഇടിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത് ആസൂത്രിത സംഭവമാണെന്ന് തെളിഞ്ഞത്. വിവരമറിഞ്ഞ മൃഗസ്‌നേഹി സംഘടനകളും രംഗത്തു വന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് നടപടിയിലേക്ക് നീങ്ങിയത്.
രാവിലെ ബസ്റ്റോപ്പിന് സമീപത്തെ പോക്കറ്റ് റോഡിലൂടെ പോവുകയായിരുന്നു ജാക്കിയെ, സന്തോഷ് കുമാര്‍ ഓട്ടോ ഇടിപ്പിക്കുകയായിരുന്നു. വാഹനത്തിനടിയില്‍ നിന്ന് പ്രാണനും കൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളര്‍ന്ന് വീണ് മിനിറ്റുകള്‍ക്കകമാണ് ചത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: