തുലാമാസം പത്താം തീയതി വീണ്ടുമെത്തുമ്പോള്‍ വടക്കേ മലബാറിലെ തെയ്യം-തിറ കോലധാരികള്‍ക്ക് പ്രതീക്ഷ, ഒപ്പം ആശങ്കയും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി മുടങ്ങിയ കളിയാട്ടങ്ങളും തിറയാട്ടങ്ങളും ഈ സീസണിലെങ്കിലും സജീവമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കൊവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലാത്ത തിനാല്‍ തെയ്യവും തിറയുമൊക്കെ അനുഷ്ഠാനം പോലെ ചടങ്ങാക്കിയാല്‍, വലിയ ‘കോളൊ’ന്നും (കോലധാരികള്‍ക്ക് തെയ്യം കെട്ടിനുള്ള പ്രതിഫലമാണ് കോള്‍) കിട്ടില്ലല്ലോ എന്നാണ് ആശങ്ക. കളിയാട്ടസ്ഥലങ്ങളില്‍ ഭക്തര്‍ ഏറെക്കുറഞ്ഞാല് തൊഴുതുവരവും (ഭക്തരില്നിന്നുള്ള ദക്ഷിണ) കുറയാം.
കോലധാരികളില്‍ മിക്കവര്‍ക്കും തുലാപ്പത്തു മുതല്‍ ഇടവപ്പാതി വരെയുള്ള ഏഴ് മാസം അനുഷ്ഠാനത്തിന്റെ ഭാഗമായി കോലംകെട്ടി ലഭിക്കുന്നതാണ് ഒരു വര്‍ഷത്തെ വരുമാനം. രണ്ടുവര്‍ഷമായി തെയ്യവും തിറയുമൊക്കെ കെട്ടിയാടാനുള്ള അവസരം ഇല്ലാതായതിനാല്‍ സാമ്പത്തികപ്രയാസം അനുഭവിച്ചവരാണ് ഈ രംഗത്തെ പ്രവര്‍ത്തകര്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ തെയ്യാട്ടവും കോഴിക്കോട് ജില്ലയിലെ തിറയാട്ടവുമായി ബന്ധപ്പെട്ട് വണ്ണാന്‍, മലയന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, കോപ്പാളന്‍, വേലന്‍, പാണന് തുടങ്ങി പതിനഞ്ചോളം സമുദായങ്ങളിലായി ആയിരക്കണക്കിന് അനുഷ്ഠാന നര്‍ത്തകര്‍ തെയ്യം-തിറ രംഗത്ത് സജീവമായുണ്ട്. അവരില്‍ മിക്കവരും മറ്റ് ജോലികളൊന്നും അറിയാത്തവരാണ്.
കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തീരെ പരിചയമില്ലാത്ത പല ജോലികളിലും പരീക്ഷിച്ചിറങ്ങിയവരാണ് അവരില്‍ പലരും. ഓട്ടോറിക്ഷ ഓടിക്കുന്നവരും നിര്മ്മാണത്തൊഴിലെടുക്കുന്നവരും കല്പ്പണിയെടുക്കുന്നവരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. പട്ടും വളയും നേടി ആചാരപ്പെട്ട ഒരു പെരുവണ്ണാന് തെരുവോരങ്ങളില്‍ ചെരുപ്പ് കച്ചവടം തുടങ്ങുകയാണ് ചെയ്തത്!!
മുന്‍കാലങ്ങളില്‍ ‘കോള്‍’ ലഭിക്കുന്നതും തൊഴുതുവരവുമൊക്കെ നാമമാത്രമായിരുന്നതിനാല്‍ എന്നും ദാരിദ്ര്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു തെയ്യക്കാര്‍. സമീപകാലത്തായി കാവുകളും ദേവസ്ഥാനങ്ങളും അഭിവൃദ്ധിപ്പെടുകയും വിശ്വാസികള്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്യുന്നതിനാല്‍ ‘നല്ല കോളും’ തൊഴുതുവരവും ലഭിക്കുന്ന ഇവരില്‍ മിക്കവരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ലാത്തവരാണ്. പക്ഷേ കൊവിഡ് എല്ലാം തകിടം മറിച്ചു.
ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളായതോടെ കാവുകളിലെ ഉത്സവങ്ങളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താന്‍ പലയിടങ്ങളിലും തീരുമാനമായിട്ടുണ്ട്. ഓരോ കാവിലും അനുഷ്ഠാനം നിറവേറ്റാന്‍ നിയോഗിക്കപ്പെട്ട കോലക്കാര്‍ (ചെറുജന്മാവകാശമുള്ളവര്) പ്രത്യേകമുണ്ട്. തെയ്യം കുറിച്ച് കാവധികാരികളെ ക്ഷണിച്ചു കഴിഞ്ഞാല്‍ ഈ കോലക്കാര്‍ക്ക് അനുഷ്ഠാനം നടത്തിക്കൊടുക്കാതിരിക്കാനാവില്ല. പാരമ്പര്യമായി ലഭിച്ച, ദൈവികമായി കരുതുന്ന നിയോഗമായതിനാല്‍ കുറഞ്ഞ പ്രതിഫലമാണെങ്കിലും കര്‍മ്മം നിവര്‍ത്തിക്കാന്‍ ബാധ്യസ്ഥാരായ കോലക്കാരാണ് ധര്‍മ്മസങ്കടത്തിലാകുന്നത്. തുടച്ചുമിനുക്കിയ അണിയലങ്ങളുമായി (തെയ്യത്തിന്റെ ആടയാഭരണങ്ങള്‍) അവര്‍ കാത്തിരിക്കുകയാണ്, ഇടവേളയ്ക്കുശേഷമെത്തുന്ന കളിയാട്ടങ്ങള്ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: