കോഴിക്കോട്: തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരംമാറ്റരുതെന്ന ഭൂപരിഷ്ക്കരണ നിയമത്തിലെ ചട്ടംലംഘിച്ച് കോടഞ്ചേരി കൈതപ്പൊയിലില്‍ കാന്തപുരം മര്‍ക്കസ്സിന്റെ കീഴില്‍ മര്‍ക്കസ് നോളജ് സിറ്റി നിര്‍മ്മാണത്തിന് അനുവാദം കൊടുത്തത് ഉന്നതരുടെ അറിവോടെ. സംഭവത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.
വെഞ്ചേരി എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന 1040 ഏക്ര റബ്ബര്‍ തോട്ടത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയിലാണ് കാന്തപുരം എ.പി. അബൂബേക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ മര്‍ക്കസ് നോളജ് സിറ്റി പണിയുന്നത്. കുന്ദമംഗലത്തെ പലകുന്നത്ത് കൊളായി തറവാടിന്റെ കൈവശമുണ്ടായിരുന്ന തോട്ടഭൂമിയാണ് അനധികൃതമായി തരംമാറ്റി പലരും കൈക്കലാക്കിയത്. പാട്ടക്കരാര്‍ കാലാവധി തീര്‍ന്നതോടെ നിയമനടപടികള്‍ നേരിടുന്ന ഭൂമിയാണ് തരം മാറ്റി കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
കുടിയായ്മ സ്ഥിരത നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ലാന്റ് ട്രൈബ്യൂണലിന് ഹൈക്കോടതി കേസ് കൈമാറിയിരുന്നു. ഇതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. 1984 ല്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഭൂഉടമകള്‍ നല്കിയ കേസ് നിലനില്‍ക്കെയാണ് അനധികൃത രജിസ്ട്രേഷനിലൂടെ സ്ഥലം കൈക്കലാക്കി തരം മാറ്റിയത്. മര്‍ക്കസ് നോളജ് സിറ്റിക്ക് അനുകൂലമായ രീതിയില്‍ ഭൂമി കൈമാറ്റത്തിന് കൂട്ടുനിന്നത് റവന്യു വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെയാണെന്ന വിവരമാണ് പുറത്തുവരുന്നത്.
കേരള ഭൂപരിഷ്കരണ നിയമം വകുപ്പ് 81 പ്രകാരം സീലിങ് പരിധിയില്‍ നിന്ന് ഒഴിവാക്കി നല്കിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം നടത്തുന്നത് നിയമവിരുദ്ധമാണ്. കൈമാറ്റത്തിലൂടെ ഭൂമി കൈവശപ്പെടുത്തുന്നയാള്‍ അതേ ആവശ്യത്തിന് ഉപയോഗിക്കാതിരുന്നാല്‍ പ്രസ്തുത ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാകും. തോട്ടഭൂമി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച കേസുകളില്‍ യഥാസമയം സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തത് കാരണമാണ് സംസ്ഥാനത്ത് വ്യാപകമായി തോട്ടഭൂമി അന്യാധീനപ്പെടുന്നത്. കൈതപ്പൊയിലില്‍ 125 ഏക്കറില്‍ 30 ലക്ഷം ചതുരശ്രഅടിയില്‍ 3000 കോടി ചെലവാക്കിയാണ് മര്‍ക്കസ് നോളജ് സിറ്റി ഉയരുന്നത്. പൈതൃക മ്യൂസിയം, സ്പിരിച്വല്‍ എന്‍ക്ലേവ്, വ്യാപാരസമുച്ചയങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇതിന്റെ ഭാഗമായി ഉയരുന്നത്. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ 300 ഏക്ര ഭൂമി തരംമാറ്റിയെന്ന വിവാദത്തില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: