തിരുവനന്തപുരം:ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് അനുവദിച്ചതും പ്രത്യേക പരിഗണയില്‍ ചട്ട വിരുദ്ധമായി ജോയിന്‍ ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിച്ചതും വിവാദമാകുന്നു. അടുത്ത ദിവസം കണ്ണൂര്‍ സര്‍വ്വകലാശാല നടത്തുന്ന മലയാളം അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനുള്ള ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂവില്‍,അധിക യോഗ്യതയ്ക്ക് വേണ്ടിയാണ് കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് അനുവദിച്ചിരിക്കുന്നത്. മറ്റൊരു പൂര്‍ണ സമയ ഔദ്യോഗിക ചുമതല വഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് അനുവദിക്കാന്‍ പാടില്ലെന്ന യുജിസി വ്യവസ്ഥ മറികടന്നാണ് കേരള സിണ്ടിക്കേറ്റ് ഫെല്ലോഷിപ്പ് അനുവദിച്ചതും പ്രവേശിക്കുന്നതിന് ആറുമാസം സമയം നീട്ടിനല്‍കിയതും.
എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷനാണ് ഷിജു ഖാന്
വിവാദമായിക്കഴിഞ്ഞ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കി കണ്ണൂര്‍ സര്‍വകലാശാല യില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമിക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്. മുസ്ലിം സമുദായത്തിന് സംവരണം ചെയ്തിട്ടുള്ള പ്രസ്തുത തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഓണ്‍ലൈനായി തിരക്കിട്ട് നടത്തുന്നത് ഷിജുഖാന് പുതിയ സ്ഥാന ലബ്ധിക്ക് വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്.
സംസ്കൃത സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ ഷിജുഖാന് അപേക്ഷകനായിരുന്നുവെങ്കിലും സ്പീക്കര്‍ എം.ബി രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്ക് നിയമനം നല്‍കിയതോടെ ഷിജുഖാന് തഴയപ്പെട്ടിരിന്നു.
ഒരു വകുപ്പില്‍ ഒരാള്‍ക്ക് ഫെലോഷിപ്പ് അനുവദിക്കുമ്പോള്‍ കേരള സര്‍വകലാശാല 2020 ലെ ഫെല്ലോഷിപ്പ് ഷിജുഖാനുവേണ്ടി നീട്ടി നല്‍കിയത്തോടെ മലയാളവിഭാഗത്തില്‍ ഈ വര്‍ഷം രണ്ടുപേര്‍ക്ക് ഫെലോഷിപ് ലഭിച്ചിരിക്കുകയാണ്.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയ്ക്ക് ഇന്റര്‍വ്യൂവില്‍ മുന്‍ഗണന ലഭിക്കുമെന്നത് കണക്കിലെടുത്തതാണ് ഷിജുഖാന് ചട്ടവിരുദ്ധമായി ജോയിന്‍ ചെയ്യാനുള്ള സമയം സിണ്ടിക്കേറ്റ് ആറുമാസം നീട്ടി നല്‍കിയത്.നാളിതുവരെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് പ്രവേശിക്കാന്‍ ആര്‍ക്കും സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് രജിസ്ട്രാര്‍, സിന് ഡിക്കേറ്റിന് നല്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് സിണ്ടിക്കേറ്റ് അവഗണിക്കുകയായിരുന്നു.
അനധികൃതമായി പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നേടിയ,അമ്മയില്‍ നിന്നും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന് ഒത്താശ ചെയ്തതായി ആരോപണ വിധേയനായ ഷിജുഖാന് പുതിയൊരു ലാവണ ത്തിനായി, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കരുതെന്നും ഉയര്‍ന്ന യോഗ്യതകളും മെരിറ്റും ഉള്ള ഉദ്യോഗാര്‍ഥിക്ക് മാത്രമേ നിയമനം നല്കാന് പാടുള്ളൂവെന്നും, ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി കണ്ണൂര്‍ സര്‍വകലാശാല വിസി യ്ക്ക് നിവേദനം നല്കി.
ഷിജുഖാന് കേരളയില്‍ ചട്ടവിരുദ്ധമായി അനുവദിച്ച പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് റദ്ദാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള വിസിയോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: