ജനീവ: അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവില്‍. സിഒപി 26 ഉച്ചകോടിക്ക് മുന്നോടിയായി ആഗോള താപനം കൂടുതല്‍ വഷളാകുന്നതിനെക്കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ഐക്യരാഷ്ട്രസഭ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക വര്‍ദ്ധനവ് 2011 നും 2020 നും ഇടയിലുള്ള വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലാണെന്ന് ലോക കാലാവസ്ഥാപഠന കൂട്ടായ്മ (വേള്‍ഡ് മെട്രോളജിക്കല്‍ ഓര്ഗനൈസേഷന്) ദ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.
കോവിഡ് 19 വ്യവസായ മേഖലയെ വളരെയധികം തളര്‍ത്തിയെങ്കിലും ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ താല്കാലികമായി കുറച്ചെങ്കിലും അന്തരീക്ഷത്തിലെ അവയുടെ അളവിലും വളര്‍ച്ചാ നിരക്കിലും പറയത്തക്ക കുറവുണ്ടാക്കിയിട്ടിയില്ലെന്ന് ഡബ്ല്യുഎംഒ വ്യക്തമാക്കി. ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ തുടരുന്നിടത്തോളം കാലം ആഗോള താപനില കൂടിക്കൊണ്ടേയിരിക്കുമെന്ന് സംഘടന അറിയിച്ചു. ഈ വാതകങ്ങളുടെ പുറന്തള്ളല്‍ പെട്ടന്നു തന്നെ പൂജ്യമായി കുറച്ചാലും, കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ സാന്നിദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴുള്ള താപനില ഇങ്ങനെ തന്നെ കാലങ്ങളോളം നിലനില്ക്കും.
സിഒപി26 ലെ കാലാവസ്ഥാ വ്യതിയാന ചര്‍ച്ച നടത്തുന്നവര്‍ക്കുള്ള വ്യക്തമായ ശാസ്ത്രീയ സന്ദേശങ്ങള്‍ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനില്‍ ഉണ്ടെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെറി താലസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ സിഒപി26 ഈ മാസം 31 മുതല്‍ നവംബര്‍ 12 വരെ സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്രോവില് നടക്കാനിരിക്കുകയാണ്.
നിലവിലെ ഹരിതഗൃഹ വാതക സാന്ദ്രത വര്‍ദ്ധിക്കുന്ന നിരക്കു വെച്ച് കണക്ക് കൂട്ടുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പാരിസ് ഉടമ്പടിയില്‍ ലക്ഷ്യമിട്ട താപനിലയില്‍ നിന്ന് ഒന്നര മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവ് ഉണ്ടായേക്കും. കാര്‍ബണ്‍ ഡൈയോക്സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് എന്നിവയാണ് പ്രധാന ഹരിതഗ്രഹ വാതകങ്ങള്‍. ഇതില്‍ അന്തരീക്ഷത്തിലെ താപനില കൂട്ടുന്നതിന്റെ 66 ശതമാനം പങ്കും കാര്‍ബണ്‍ ഡൈയോക്സൈഡ് ആണ്. 2020ല്‍ കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ സാന്ദ്രത 413.2 പിപിഎമ്മില്‍ (പാര്‍ട്ട്സ് പെര് മില്യണ്‍) എത്തി നില്‍ക്കുകയാണ്. 1750 ന് മുന്‍പുള്ള അളവിനേക്കാള്‍ 149 ശതമാനം കൂടുതലാണെന്ന് ഡബ്ല്യുഎംഒ പറഞ്ഞു.
മനുഷ്യന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്. മൂന്ന് മുതല്‍ അഞ്ചു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭൂമിയില്‍ അവസാനമായി കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ സാന്ദ്രത കൂടി നിന്നത്. അന്നത്തെ താപനില ഇന്നുള്ളതിനേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലായിരുന്നു. സമുദ്ര നിരപ്പ് ആണെങ്കില്‍ പത്തു മുതല്‍ ഇരുപതു മീറ്റര്‍ കൂടുതലായിരുന്നു. എന്നാല്‍ അന്ന് 7.8 ബില്യണ്‍ ആളുകളുണ്ടായിരുന്നില്ലെന്ന് താലസ് കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിച്ചു വരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്, അന്തരീക്ഷ താപനില കൂട്ടും. അതിനൊപ്പം തീവ്രമായ ചൂടും മഴയും, മഞ്ഞ് ഉരുകല്‍, സമുദ്ര നിരപ്പ് ഉയരല്‍, സമുദ്രത്തിലെ അമ്ലീകരണം (അസിഡിഫിക്കേഷന്) തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കും. ഇവയെല്ലാം വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ വ്യാവസായിക, ഊര്‍ജ്ജ, ഗതാഗത സംവിധാനങ്ങളും ജീവിത രീതികളും പുനഃപരിശോധിക്കേണ്ടതുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ സാമ്പത്തികമായി താങ്ങാനാവുന്നതും സാങ്കേതികമായി സാധ്യവുമാണ്. നമുക്ക് നഷ്ടപ്പെടുത്താന്‍ സമയമില്ല.- അദേഹം ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: