ആലപ്പുഴ: 2018ലെ അതേ അളവില്‍ പ്രളയമുണ്ടായാല്‍, പുനര്‍നിര്‍മ്മിക്കുന്ന എസി റോഡിലെ പല ഭാഗത്തും വാഹന ഗതാഗതം മുടങ്ങുമെന്ന് ഇപ്പോഴത്തെ സാധാരണ പ്രളയം തെളിയിച്ചു. 2018ലെ പ്രളയ ലവലിനെക്കാള്‍ ഒരു മീറ്ററിലധികം താഴെയായിരുന്നു ഇപ്പോഴത്തെ ലവല്‍. എന്നിട്ടും വെള്ളം കയറിയതോടെ വേണ്ടത്ര പഠനം നടത്തിയല്ല റോഡ് പുനര്‍മ്മാണം എന്ന് വ്യക്തമാകുകയാണ്.
ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലല്ല കുള്ളന്സെമി എലിവേറ്റസ് പാലങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും പുനര്‍നിര്‍മ്മിക്കുന്ന റോഡിന്റെ പല ഭാഗങ്ങളും 2018ലെപ്പോലെയുള്ള പ്രളയത്തെ അതിജീവിക്കില്ലെന്നും ബോദ്ധ്യപ്പെടുന്നു. വേണ്ടത്ര പഠനവും മുന്നൊരുക്കവുമില്ലാതെ ഡിപിആര്‍ തയ്യാറാക്കിയതു മൂലമാണ് തെറ്റ് പറ്റിയതെന്നാണ് വിമര്‍ശനം.
യാഥാര്‍ത്ഥ്യ ബോധത്തോടെ രൂപരേഖയില്‍ മാറ്റം വരുത്തുവാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് 26ന് മുഖ്യമന്തിക്ക് നിവേദനം നല്‍കുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. എഞ്ചിനീയറിങ് സര്‍വ്വേ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കുള്ളന്പാലങ്ങള് ഭാവിയില്‍ ആലപ്പുഴ ചങ്ങനാശ്ശേരി മേല്‍പാതയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയുംവിധം രൂപകല്പന നടത്തണം. ഊരാളുങ്കല്‍ – എവറാസ്കോണ്‍ കൂട്ടു സംരംഭവുമായുള്ള കരാറിന്റെ പരിധിയ്ക്കുള്ളില്‍ നിന്ന് ഇത് നടപ്പാക്കാവുന്നതാണ്.
നാലുവരി ഗതാഗതം അനിവാര്യമെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുള്ള എസി റോഡില്‍, പുതുക്കിയ പദ്ധതിയില്‍ 10 മീറ്ററിനുള്ളിലുള്ള രണ്ടു വരി പാത തികച്ചും അപര്യാപ്തമാണ്. യാത്രാക്ലേശം വര്‍ദ്ധിക്കും. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കേന്ദ്ര വിഹിതം കൂടി ലഭ്യമാക്കി രണ്ടുവരി മേല്‍പാലം നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: