Categories: Palakkad

കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷി നാശം, കാടുകയറ്റാന്‍ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ, ശാശ്വതപരിഹാരം കണ്ടെത്താതെ വനംവകുപ്പും

Published by

മണ്ണാര്‍ക്കാട്: കരടിയോട് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിരുവിഴാംകുന്ന് വളപ്പില്‍ അവറാന്റെ അഞ്ഞൂറോളം വാഴകളും താളിയില്‍ അബ്ബാസിന്റെ കവുങ്ങുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പുലര്‍ച്ചയോടെയാണ് കാട്ടാനക്കൂട്ടമിറങ്ങിയതെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നതാണ് വ്യാപക കൃഷിനാശത്തിന് ഇടയാക്കുന്നത്. കൃഷിയിടത്തില്‍ ഇറങ്ങിയാല്‍ മുഴുവന്‍ കൃഷിയും നശിപ്പിച്ചാണ് ഇവ കാടുകയറുന്നത്. ബഹളം വച്ചാലോ പടക്കം പൊട്ടിച്ചാലോ കാട്ടാനകള്‍ ഇപ്പോള്‍ കയറി പോകുന്നില്ല. കാടുകയറ്റാന്‍ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. വളപ്പില്‍ അവറാന്റെ കൃഷിയിടത്തിലേക്ക് ഇത് മൂന്നാംതവണയാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. കൃഷിയിടത്തിലെ വാഴകള്‍ക്ക് പുറമെ കവുങ്ങും തെങ്ങും ചവിട്ടി മറിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കരടിയോട് വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൂട്ടം താളിയില്‍ അബുവിന്റെ നൂറോളം വാഴകളും താളിയില്‍ അബ്ബാസിന്റെ രണ്ട് തെങ്ങുകളും നാലകത്ത് ബക്കറിന്റെ കവുങ്ങിന്‍ തൈകളും അറക്കല്‍ ജോയിയുടെ മൂന്ന് പനയും കവുങ്ങുകളും താളിയില്‍ ഇല്യാസിന്റെ നെല്‍കൃഷിയും നശിപ്പിച്ചു. നാല് കര്‍ഷകരുടെ അഞ്ഞൂറോളം വാഴകള്‍, കണ്ണത്ത് ബഷീര്‍, ചേരിയത്ത് അലി, ഓടക്കുഴിയില്‍ ഷാഫി, കാഞ്ഞിരമണ്ണ ബാപ്പുട്ടി എന്നിവരുടെ വാഴകളും കവുങ്ങുകളുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

ആഴ്ചയില്‍ മൂന്നോ നാലോ തവണ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഇറങ്ങിയ കാട്ടാനകള്‍ കോഴിഫാമിലേക്ക് വരികയായിരുന്ന വാഹനത്തെ തടയുകയും കുറച്ചു സമയം റോഡില്‍ ഇവ തമ്പടിച്ചു. ഒരാഴ്ച മുമ്പ് പാലോളി ഹംസ, വെട്ടിക്കാട്ടില്‍ വാസു, തുണ്ടത്തില്‍ രാജു തുടങ്ങിയവരുടെ റബ്ബര്‍ തൈകള്‍, തേങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചിരുന്നു. കൂടാതെ ഓടക്കുഴലില്‍ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നെല്‍കൃഷിയും കാട്ടാനകള്‍ ചവിട്ടി നശിപ്പിച്ചിരുന്നു.

തിരുവിഴാംകുന്ന് മലയോരമേഖലകളില്‍ കൃഷിയിടത്തിലേക്ക് കാട്ടാനകള്‍ ഇറങ്ങാതിരിക്കാന്‍ പരിഹാരം കാണുമെന്ന് ഇരട്ടവാരിയില്‍ നടന്ന ജന ജാഗ്രതാ സമിതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യാതോരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും നാട്ടിലിറങ്ങാതിരിക്കാന്‍ വനംവകുപ്പ് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല.  

നശിച്ച കൃഷിയുടെ കണക്കെടുത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിയും വനം വകുപ്പധികൃതര്‍ ചെയ്യുന്നില്ലെന്നും മൂന്ന് വര്‍ഷത്തിനിടെ ഒരു കര്‍ഷകനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഈ മേഖലയില്‍ കൃഷി ചെയ്യാനാവാത്ത അവസ്ഥയാവുമെന്ന് ഇവര്‍ പറഞ്ഞു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക