മലയാളി അസോസിയേന്‍ ഭാരവാഹിയും ജനിതക ഗവേഷകമുമായ ശ്യാം ശങ്കറിന്റെ സാന്‍ ജോസിലെ വീട്ടില്‍ നിന്ന് കാറിലായിരുന്നു സാന്‍ഫ്രാന്‍സിസ്ക്കോയിലേക്കുള്ള യാത്ര. അവിടുത്തെ കാഴ്ചകളില്‍ കാഴ്ചയായ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ഒപ്പമുള്ള കുമ്മനം രാജശേഖരനും നഗര കാഴ്ചകളേക്കാള്‍ താല്പര്യം പഠനാര്‍ഹമായ കാഴ്ചകളായിരുന്നു. ശ്യാമും സുഹൃത്തുക്കളായ രാജേഷും സജീഷും സജീവും മാറി മാറി വാഹനം ഓടിച്ചു.
48 നിലകളുള്ള ട്രാന്‍സ് അമേരിക്ക പിരമിഡ്, 61 നിലകളുളള ട്രാന്സ്ബേ ടവര്‍ തുടങ്ങി അംബരചുംബികളായ കെട്ടിടങ്ങള്‍ കാറിലിരുന്നു കണ്ട് ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലെത്തി. സാന്ഫ്രാന്സിസ്കോയെയും മാരിന് കൗണ്ടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉള്‍ക്കടലില്‍ നിര്‍മ്മിച്ചിരിക്കുന്ന തൂക്കുപാലം. പ്രകൃതിദത്ത പരിസ്ഥിതിയുമായി നന്നായി സംയോജിപ്പിക്കുന്ന ഓറഞ്ച് നിറം. കാഴ്ചയ്ക്ക് അതിമനോഹരം. ജലത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ഭാഗത്ത് രണ്ടു മൈലാണ് നീളം. ആറു വരിപ്പാത. നടന്നു പോകാനും സൈക്കിള്‍ ചവിട്ടാനും പ്രത്യേകമായ ഇടം.
ജലാശയ നിരപ്പില്‍ നിന്ന് 227 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടു ഗോപുരങ്ങളില്‍ തൂങ്ങി നില്ക്കുന്ന പാലം. ഉയര്‍ന്ന വെള്ളത്തിന് മുകളിലുള്ള പാലത്തിന്റെ ക്ലിയറന്‍സ് ശരാശരി 220 അടി വരും.രണ്ടു ഗോപുരങ്ങളിലൂടെയും കടന്നു പോകുന്ന രണ്ട് പ്രധാന കേബിളുകള്‍. കേബിളുകള്‍ ഒരോ അറ്റത്തും കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുന്നു. ഓരോ കേബിളും നിര്‍മ്മിച്ചിരിക്കുന്നത് തുരുമ്പിക്കാത്ത ഇരുമ്പ് ഉപയോഗിച്ച്. വെറും ഉരുമ്പല്ല. ഇരുമ്പു കമ്പികള്‍ കയര്‍ പിരിക്കുന്നതുപോലെ പിരിച്ചെടുത്ത്. ഒരോ കേബിളിനും ഉപയോഗിച്ചിരിക്കുന്ന കമ്പികളുടെ എണ്ണം പറഞ്ഞാല്‍ വലുപ്പം ബോധ്യപ്പെടും. 27,572 ബലിഷ്ട കമ്പികള്‍ വീതം.
പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സ്റ്റീല്‍ കമ്പികളുടെ നീളം ഭൂമിയെ മൂന്നു പ്രാവശ്യം ചുറ്റാന്‍ പര്യാപ്തവുമാണെന്നു പറയുമ്പോള്‍ ഊഹിക്കാം. കേബിളിന്റെ ചെറിയൊരു തുണ്ട് സമീപത്തെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിടിച്ചാല്‍ പിടി മുറ്റില്ല . ഈ വയറുകള്‍ ആവശ്യത്തേക്കാള്‍ അഞ്ചിരട്ടി ശക്തമാണെന്ന് അക്കാലത്തെ എഞ്ചിനീയര്‍മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഉറപ്പു പറഞ്ഞിരുന്നു.
ഇത്തരം രണ്ടു കേബിളില്‍ ഘടിപ്പിച്ചിരിക്കുന്ന 250 ജോഡി സസ്പെന്ഡര് കയറുകളില്‍ നിന്ന് റോഡ്വേയുടെ ഭാരം തൂക്കിയിരിക്കുന്നത്. പാലത്തിന്റെ രണ്ട് ടവറുകളിലായി മാത്രം ആറു ലക്ഷത്തിലധികം ആണികളാണ് ഉറപ്പിക്കാനുപയോഗിച്ചത്.
1937ലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. നിര്‍മ്മിച്ച കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സസ്പെന്ഷന് ബ്രിഡ്ജായിരുന്നു. പിന്നീട് ജപ്പാനും ചൈനയും വലിയ പാലങ്ങള്‍ പണിതപ്പോള്‍ സ്ഥാനം പുറകോട്ടായി.
സാധാരണ, പാലങ്ങളുടെ നിറം ചാരമോ വെള്ളിയോ കറുപ്പോ ആണ്. ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ ഓറഞ്ച്. കാവിവല്കരണത്തിന്റെ ഭാഗമൊന്നുമല്ല. അവിചാരിതമായി സംഭവിച്ചതാണ്. നിര്മ്മാണാവശ്യത്തിനായി ഒരു കമ്പനി അയച്ച കമ്പിയില്‍ െ്രെപമര്‍ ആയി പൂശിയിരുന്നത് ഓറഞ്ഞ്. അതു കണ്ട ആര്ക്കിട്രച്ചര്ക്ക് നിറം ഇഷ്ടപ്പെട്ടു. പ്രകൃതിദത്ത പരിസ്ഥിതിയുമായി നന്നായി സംയോജിക്കുന്ന മികച്ച ദൃശ്യപരത നല്കുന്ന നിറം. ആകാശത്തിന്റെയും കടലിന്റെയും തണുത്ത നിറങ്ങള്‍ക്ക് വിരുദ്ധമായി ഭൂപ്രദേശത്തിന്റെ നിറങ്ങള്‍ക്ക് അനുസൃതമായി ഊഷ്മള നിറം. പാലത്തിനാകെ ആ നിറം നല്‍കകാന്‍ തീരുമാനിച്ചു. അന്ന് പാലത്തിന്റെ മുഖശ്രീയും വ്യത്യസ്ഥ നിറം തന്നെ.
മറു കരയിലേക്ക് കാല് നടയായി തന്നെ പാലം കടന്നു. പാലത്തിനു താഴെ നങ്കൂരമിട്ടിരിക്കുന്ന നിര നിരയായുള്ള ക്രൂയിസ് ഷിപ്പുകള്‍ പക്ഷി വലുപ്പത്തില്‍ കാണുന്നു എന്നു പറയുമ്പോള്‍ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന്റെ ഭീമാകാരമായ വലിപ്പം ബോധ്യപ്പെടും.
പാലത്തിന് നിന്നു നോക്കിയാല്‍ ദൂരെ അല്‍കാട്രസ് ദ്വീപ് കാണാം. നമ്മുടെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ പോലെ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകളിലൊന്നായിരുന്നു അല്‍കാട്രസ്. 1963ല്‍ അടച്ച ജയില്‍ ഇന്ന് ടൂറിസ്റ്റ് കേന്ദ്രം.
ഗോള്‍ഡന്‍ ഗേറ്റ് കടലിടുക്കില്‍ പണിത പാലം ആയതിനാലാണ് ഗോള്‍ഡന്‍ ഗേറ്റ് പാലം എന്ന പേരു വന്നത്. സ്വര്‍ണ്ണ കവാടം എന്ന പേരിനു പിന്നില്‍ തിളക്കാമാര്‍ന്ന മറ്റൊരു ചരിത്രം കൂടിയുണ്ട്. 1848നും 1855നും ഇടയില്‍ സ്വര്‍ണ്ണം തേടി കാലിഫോര്‍ണിയയിലേക്ക് ജനം ഇരച്ചു കയറിയതായിരുന്നു അത്. കാലിഫോര്‍ണിയ ഗോള്‍ഡ് റഷ് എന്ന പേരില്‍ അറിയപ്പെട്ട സംഭവം.
സാന്ഫ്രാന്സിസ്ക്കോയ്ക്ക് സമീപം സയറ നിവേദ മലനിരകളുടെ അടിവാരത്തുള്ള സട്ടേഴ്സ് മില്‍ എന്ന സ്ഥലത്ത് കണ്‍സ്ട്രക്ഷന്‍ ഫോര്മാന് സ്വര്‍ണ്ണപ്പാളികള്‍ കണ്ടെത്തിയപ്പോഴായിരുന്നു അത്. താന്‍ കണ്ടെത്തിയത് ഒരു ചെറിയ കഷണം സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ അങ്ങേയറ്റം വിസ്മയം പൂണ്ടു.
സ്വര്‍ണ്ണം കണ്ടുപിടിച്ച വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അമേരിക്കയുടെ മറ്റു പ്രദേശങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും ആളുകള്‍ ഈ പ്രദേശത്തേയ്ക്കു തള്ളിക്കയറി. മൂന്നു ലക്ഷത്തിലധികം പേരാണ് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണ്ണം തേടി എത്തിയത്. അമേരിക്കയുടെ നാനാഭാഗങ്ങളില്‍ നിന്നും പുരുഷന്മാരും സ്ത്രീകളും കടം വാങ്ങിയും ഭൂമി പണയംവെച്ചും അവരുടെ ജീവിതസമ്പാദ്യം ചെലവഴിച്ചും കാലിഫോര്‍ണിയയില്‍ എത്തിപ്പെടാന്‍ പരിശ്രമിച്ചു.
കിഴക്കേ അമേരിക്കയില്‍നിന്ന് നിന്നും കപ്പലില്‍ക്കയറി തെക്കേഅമേരിക്കയുടെ മുനമ്പുചുറ്റി 33000 കിലോമീറ്റര്‍ സഞ്ചരിച്ച് നാലഞ്ചുമാസം എടുത്ത് ആള്‍ക്കാരെത്തി. ചിലര്‍ പനാമയ്ക്കടുത്ത് ഇറങ്ങി ഒരാഴ്ച കാട്ടില്ക്കൂടിനടന്ന് എത്തി, അവിടുന്ന് കപ്പല്‍ കയറി വന്നു. മെക്സിക്കോ വഴി മറ്റൊരു പാതയും ഉണ്ടായി. ചൈന, പെറു, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം സ്വര്‍ണ്ണം തിരക്കി ആള്‍ക്കാരെത്തി. ഈ രീതിയില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്ന പല കമ്പനികളും സമ്പന്നരായിമാറി. യൂറോപ്പില്‍ നിന്നു പരശതം കപ്പലുകള്‍ ഒഴുകിയെത്തി. വന്നവരെല്ലാം കപ്പലുകള്‍ തുറമുഖത്തുപേക്ഷിച്ച് സ്വര്‍ണ്ണപ്പാടം ലക്ഷ്യമാക്കി പാഞ്ഞു. സാന്‍ഫ്രാന്‍സിസ്കോ തുറമുഖം ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതഭൂമിയായി മാറി. ഏകദേശം 500 നു മകളില്‍ ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പിന്നീട് ഹോട്ടലുകളായും കടകളായും സ്റ്റോറുകളായും മറ്റും ഉപയോഗിക്കപ്പെട്ടു. കടലിടുക്കിന് സ്വര്‍ണ്ണ കവാടം എന്ന പേരും വന്നു.
ആയിരക്കണക്കിന് ഖനിത്തൊഴിലാളികള്‍ സ്വര്ണ്ണവേട്ടയാരംഭിച്ചു. ആദ്യം വന്നവര്‍ ഒരുപാട് പണമുണ്ടാക്കി. കുടിയേറ്റക്കാരുടെ പെട്ടെന്നുളള വരവും സ്വര്‍ണ്ണം മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തപ്പോള്‍ ഖനന നഗരങ്ങള്‍ പൊന്തിവന്നു. അവിടെ കടകളും, സലൂണുകളും, അനുബന്ധ കച്ചവടസ്ഥാപനങ്ങളും നിറഞ്ഞു. അവയെല്ലാം ഗോള്‍ഡ് റഷില്‍ നിന്ന് നേട്ടമുണ്ടാക്കി. സ്വര്‍ണ്ണം തിരക്കി ആള്ക്കാരെത്തുന്നതിനുമുന്പേ അവിടെ വസിച്ചിരുന്ന റെഡ് ഇന്ത്യക്കാര്‍ വേട്ടയാടിയും കൃഷിനടത്തിയും ഒക്കെയായിരുന്നു ജീവിച്ചത്. സ്വര്‍ണ്ണം മോഹിച്ച് എത്തിയവര്‍ ഇവരെ അവിടുന്ന് തുരത്തി. അവര്‍ നായാടിക്കൊണ്ടിരുന്ന സ്ഥലങ്ങള്‍ കയ്യേറി. അവര്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന പുഴകളില്‍ വിഷം കലര്‍ത്തി. അവരുടെ താമസസ്ഥലം ഇല്ലാതായി. രോഗങ്ങളും പട്ടിണിയും നാട്ടുകാരുടെ എണ്ണത്തില്‍ വലിയ കുറവുവരുത്തി. എതിര്‍ത്തുനിന്നവരെ സ്വര്‍ണ്ണവേട്ടക്കാര്‍ കൊന്നു.
3700 ടണ്‍ സ്വര്‍ണ്ണം ഇവിടെ നിന്നും കുഴിച്ചെടുത്തു എന്നാണ് കണക്ക്. 1857 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും സ്വര്‍ണ്ണവുമായി പോകുകയായിരുന്ന എസ് എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പല്‍ മുങ്ങി. അതിലുണ്ടായിരുന്ന 425 ആള്ക്കാര് മരിക്കുകയും 14,000 കിലോ സ്വര്‍ണ്ണം കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു.
സ്വര്‍ണ്ണത്തിന്റെ കണ്ടുപിടുത്തം കാലിഫോര്‍ണിയയെ മാറ്റിമറിച്ചു. അങ്ങോട്ടു തീവണ്ടിപ്പാത എത്തി. രാജ്യത്തിന്റെ മറ്റുഭാഗത്തുനിന്നും ഹൈവേകള്‍ അങ്ങോട്ടെത്തി.
അനേകം വ്യവസായ സംരംഭകര്‍ പ്രദേശത്തേയ്ക്കു വന്നെത്തി. ബാങ്ക് വ്യവസായികളാണ് ആദ്യകാലത്തു നേട്ടം കൊയ്തത്. തുറമുഖ വികസനവും പസഫിക് റെയില്‍ റോഡിന്റെ ആഗമനവും തുറമുഖ പ്രദേശത്തെ ഒരു വ്യവസായ കേന്ദ്രമാക്കി മാറ്റി. 1873 ല്‍ സാന്‍ഫ്രാന്‍സിസ്ക്കോയിലെ ആദ്യത്തെ കേബിള്‍ കാര്‍ സര്‍വ്വീസ് ചെങ്കുത്തായ പ്രദേശമായ ക്ലേ സ്ട്രീറ്റില്‍ ആരംഭിച്ചു. പിന്നീട് സ്കൂളുകള്‍, ഹോട്ടലുകള്‍, പള്ളികള്‍ തീയേറ്ററുകള്് എന്നിവയെല്ലാം എത്തി. ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്ക് സ്ഥാപിക്കപ്പെട്ടു.
വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിത ശൈലിയോടുകൂടിയ അമേരിക്കയിലെ വന്‍നഗരമായി സാന്‍ഫ്രാന്‍സിസ്ക്കോ മാറി. ലോകത്തിലെ തന്നെ വലിയ നഗരം എന്ന വിശേഷണത്തോടെ അടുക്കുമ്പോഴാണ് പടര്‍ന്നു പിടിച്ച പ്ലേഗ് രോഗവും 1906 ഉണ്ടായ വലിയ ഭൂകമ്പവും സാന്‍ഫ്രാന്‍സിസ്കോ നഗരത്തില്‍ നാശം വിതച്ചത്. വന്‍കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. പൊട്ടിത്തകര്‍ന്ന ഗ്യാസ് ലൈനുകളില്‍ നിന്നു തീ അനിയന്ത്രിതമായി പടര്‍ന്നു പിടിച്ച് തെരുവുകള്‍ ദിവസങ്ങളോളം തീയിലമര്‍ന്നു. നഗരത്തിന്റെ മൂന്നിലൊന്നു ഭാഗം തകര്‍ന്നടിഞ്ഞു. നിരവധി ജീവന് നഷ്ടമായി. ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ ഭവനരഹിതരായി. നഗരം നശിച്ചു എങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അടുത്ത പതിറ്റാണ്ടിനിടെ എല്ലാം പുനഃസ്ഥാപിച്ചു. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ അമേരിക്കയിലെ ജനസാന്ദ്രത കൂടിയ നഗരമാണിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരത്തുള്ള സാന്‍ഫ്രാന്‍സിസ്കോ.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന് ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
07-ഹഡ്സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള
08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍
09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം
10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും
11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക
12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും
13- ആഭ്യന്തരയുദ്ധവും അടിമത്തവും
17-ആപ്പിളും ഗൂഗിളും സാന്റാ ക്ലാരായുടെ ‘സന്തോഷകരമായ ദാരിദ്ര്യവും’
18-‘ഇല്യൂമിന’യിലെ ഗവേഷണവും ‘ഇര്‍വൈനി’ലെ ഗതാഗതവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: