ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ആണക്കെട്ടിൽ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമതി ഒന്നോ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളവും തമിഴ്നാടും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് പ്രശ്നത്തില്‍ ഇടപ്പെടേണ്ട കാര്യമേ വരുന്നില്ലെന്നും കോടതി സൂചിപ്പിച്ചു.
അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഇരു സംസ്ഥാനങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു. കേരളവുമായും മേല്‍നോട്ടസമിതിയുമായും പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാടും മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: