തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോന്സണുയമായി എന്താണ് ബന്ധമെന്നതടക്കം വിഷയങ്ങളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെഹ്റയുടെ മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്. മോന്സണ് കേസുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് വിശദീകരണം തേടിയത്. മോന്‍സണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു.
ഏത് സാഹചര്യത്തിലാണ് മോന്സന് മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തില്‍ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് ബെഹ്റയില്‍ നിന്ന് മൊഴിയെടുത്തത്. പാലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.
ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഐജിയ്ക്ക് മോന്‍സണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: