ഗൂഡല്ലൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വ്വീസ് തോക്കുമായി മുത്തങ്ങ സംരക്ഷിത വനത്തില്‍ നായാട്ടിനുപോയ പൊലീസുകാരന് സസ്പെന്ഷന്. നീലഗിരി-വയനാട് അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവി (40) നെയാണ്നീലഗിരി എസ്.പി ആശിഷ് റാവത്ത് സസ്പെന്‍ഡ് ചെയ്തത്.
പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി മുത്തങ്ങ വനത്തില്‍ പ്രവേശിച്ചത്. തലയില്‍ ഹെഡ്ലൈറ്റും കൈയില്‍ തോക്കുമായി വനത്തിലൂടെ സിജു പോവുന്നത് അവിടെ സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ആളെ തിരിച്ചറിയാനായി കാമറ ദൃശ്യം ഗൂഡല്ലൂര്‍ പൊലീസിനു കൈമാറിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ സിജുവാണെന്ന് വ്യക്തമായത്. സംഭവ ദിവസം ഇയാള്‍ എരുമാട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നുവെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. വിശദാന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: