തിരുവനന്തപുരം: സിപിഎമ്മിന്റെ ദളിത് സ്‌നേഹം കാപട്യമാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. ജാതി അവഹേളനം നടത്തിയ സിപിഎമ്മിന്റെ ദളിത് വിരുദ്ധതയ്‌ക്കെതിരെ ‘പട്ടികജാതിക്കാര്‍ അടിമകളല്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് പട്ടികജാതി മോര്‍ച്ച പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് ഈ കാലഘട്ടത്തില്‍ പോലും പട്ടികജാതി സമൂഹത്തോട് അയിത്തം ആണെന്നതിന്റെ തെളിവാണ് എസ്എഫ്‌ഐ നേതാക്കളുടെ ദളിത് യുവതിക്കെതിരായ പരാമര്‍ശം. ഇടതുപക്ഷത്തിന്റെ സംസ്‌കാര ശൂന്യതയാണു ഇത് തെളിയിക്കുന്നത്. സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയും നിലപാട് വ്യക്തമാക്കണം. ഇടതു പാര്‍ട്ടികള്‍ക്കുള്ളില്‍ പട്ടികജാതി വനിതകള്‍ക്കുള്ള സ്ഥാനം എന്താണെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
എസ്എഫ്‌ഐ നിലപാടിനെതിരെ സാംസ്‌കാരിക കേരളത്തിലെ പ്രമുഖര്‍ പ്രതിഷേധിക്കാത്തത് ലജ്ജാകരമാണ്. ഉത്തരേന്ത്യയില്‍ എന്തെങ്കിലും ചെറിയ സംഭവം ഉണ്ടായാല്‍ ഉറഞ്ഞുതുള്ളുന്നവര്‍ വടക്കുനോക്കി യന്ത്രങ്ങളായി. അവരുടെ നാവും തൂലികയും എകെജി സെന്ററില്‍ പണയം വച്ചിരിക്കുകയാണെന്ന് ഷാജുമോന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക