നാടിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി ഭൂസമരങ്ങള്‍ പരിവര്‍ത്തനം ചെയ്തിട്ട് പതിറ്റാണ്ടുകളായി. ചെങ്ങറയും ആറളവും അരിപ്പയും തുടങ്ങി ചെറുതും വലുതുമായ സമര കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആവലാതികള്‍ അറുതിയില്ലാതെ തുടരുന്നു, ആധുനിക കേരളത്തില്‍. രാജമാണിക്യം റിപ്പോര്ട്ടുസരിച്ച് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 58 ശതമാനം വരുന്ന അഞ്ചര ലക്ഷം ഹെക്ടര്‍ ഭൂമി തോട്ടങ്ങളാണ്. ഇവ വന്‍കിട കോര്‍പ്പറേറ്റുകള്‍ പാട്ടക്കരാറിന്റെ പേരില്‍ കൈവശം വച്ചിരിക്കുന്നു. കാലാവധി അവസാനിച്ചിട്ടും സര്‍ക്കാരിലേക്ക് വിട്ടുനല്‍കാതെ അവര്‍ നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടു വരുന്നു.
മരിച്ചാല്‍ ശവം മറവു ചെയ്യാന്‍പോലും ഒരു തുണ്ട് ഭൂമിയില്ലാത്ത ഹതഭാഗ്യന്മാര് അധിവസിക്കുന്ന നാട്ടിലാണ് വന്‍ കോര്‍പ്പറേറ്റുകള്‍ ബലാത്ക്കാരമായി ഭൂമിയുടെ സൂക്ഷിപ്പുകാരായി തുടരുന്നത്. പാത വക്കുകളില്‍ ടാര്‍പോളിന്‍ഷീറ്റുകള്‍ വലിച്ചുകെട്ടി ഋതുഭേദങ്ങളെ അവഗണിച്ച് കുടി പാര്‍ത്തുവരുന്ന നിരാശ്രയരും കൂര പൊളിച്ച് ശവക്കുഴി തോണ്ടുന്ന നിസ്സഹായരും നിരത്തോരങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കായി ചിതയൊരുക്കേണ്ടി വരുന്നവരും പരിഷ്കൃത സമൂഹ സങ്കല്പത്തിന് അനുയോജ്യമല്ല.
നേരറിവിന്റെയും അനുഭവത്തിന്റെയും നെരിപ്പോടില്‍ നിന്നുകൊണ്ട് ഇന്നേയ്ക്ക് നൂറ് വര്‍ഷം മുമ്പ് (1911ല്‍), തന്റെ ജനത നേരിടുന്ന ഭൂമിരാഹിത്യം ഒരു രാഷ്ടീയ പ്രമേയമാക്കി, സാമൂഹിക മണ്ഡലത്തെ ഉണര്‍ത്തിയെടുക്കാന്‍ കര്‍മ്മനിരതനായി കാലത്തിന് മുന്നേ സഞ്ചരിച്ച ക്രാന്തദര്‍ശിയായിരുന്നു മഹാത്മ കാവാരികുളം കണ്ഠന് കുമാരന്. കീഴാള ജനതയുടെ മുന്നേറ്റ ചരിത്രത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ച അദ്ദേഹത്തെ പക്ഷേ, ചരിത്രവും ജനതയും മറന്നുകൊണ്ട് കൃതഘ്നത കാട്ടി. 1863 ഒക്ടോബര്‍ 25ന് മലപ്പള്ളിയ്ക്കടുത്ത് പെരുമ്പെട്ടി ഗ്രാമത്തില്‍ കാവാരികുളം പറയ (സാംബവ) ഭവനത്തില്‍ ജനിച്ച കുമാരന്, ബാല്യകൗമാര കാലങ്ങളില്‍ നേരിട്ട ജാതീയ വിവേചനങ്ങളോടും അസമത്തങ്ങളോടും കലഹിക്കാനും പൊരുതിക്കയറാനും നിശ്ചയിച്ചുറപ്പിച്ചു കൊണ്ടാണ് തന്റെ സമപ്രായക്കാരെ ചേര്‍ത്ത് ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം രൂപീകരിച്ചത്. ജീര്‍ണ്ണതകള്‍ക്കെതിരെ പട നയിക്കാനും നഷ്ടപ്പെട്ട മണ്ണും മനുഷ്യാവകാശങ്ങളും വീണ്ടെടുക്കാനും ദീര്‍ഘ നിദ്രതയിലാണ്ട ജനതയെ തട്ടിയുണര്‍ത്തി പരിഷ്കൃത സമൂഹത്തോട് കൂട്ടിയോജിപ്പിക്കാനും, വിലക്കപ്പെട്ട അക്ഷര വിദ്യ സ്വായത്തമാക്കാനും അതുവഴി ജനങ്ങളെ ജ്ഞാന ബോധമുള്ളവരാക്കാനും സംഘശക്തിയിലൂടെ മുന്നേറാനും ലക്ഷ്യമിട്ട് സംഘം അതിന്റെ അടിസ്ഥാന പ്രമാണവും പ്രത്യയശാസ്ത്രവുമാക്കി ദൃഢപ്പെടുത്തി.
പുറമ്പോക്കായും പുതുവലായും കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമിയുടെ സ്ഥിതിവിവരങ്ങളും സ്വഭാവവും സര്‍വ്വേ നമ്പര്‍, എലുക അടക്കം കണ്ടെത്തുന്നതിനും പഠിക്കുന്നതിനും തിരുവിതാംകൂര്‍ രാജ്യത്തുടനീളം കാല്‍നടയായി ചെന്ന് ശേഖരിച്ച് നിവേദന രൂപത്തില്‍ ഭരണാധികാരികളുടെ മുന്നില്‍ സമര്‍പ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ പോരാടി ആയിരക്കണക്കായ സമുദായ അംഗങ്ങള്‍ക്ക് കിടപ്പാടവും കൃഷിഭൂമിയും സാദ്ധ്യമാക്കി. 1915 മുതല്‍ 1920 വരെയും 1923 ലും 1926 മുതല്‍ 1932 വരെയും ശ്രീമൂലം പ്രജാ സഭാംഗമായിരുന്ന അദ്ദേഹം സഭാതലത്തെ ഭൂമി രാഷ്ട്രീയത്താല്‍ ത്രസിപ്പിച്ചു നിര്‍ത്തി. ഒരര്‍ത്ഥത്തില്‍ കണഠന്കുമാരന് ഉയര്‍ത്തിയ ‘ദാനപ്പതിവ്’ എന്ന നവീന ആശയത്തിന്റെ വികസിത രൂപമാണ് കേരളത്തിന്റെ ഭൂപരിഷ്ക്കരണ നിയമമെന്ന് വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല.
1926 മാര്‍ച്ച് മാസം മൂന്നാം തീയതിയില്‍ ഭൂമിക്ക് വേണ്ടിയുള്ള കണ്ഠന് കുമാരന്റെ കത്തിക്കയറിയ പ്രസംഗം നടക്കുമ്പോള്‍ ദിവാന് എം.ഇ. വാട്ട്സ് ഇടയ്ക്കിടപെട്ട് ചോദിച്ചു: ”മിസ്റ്റര്‍ കണ്ഠന് കുമാരന് ഈ സംസ്ഥാനത്ത് താങ്കള്‍ക്ക് അറിവില്ലാത്ത സര്‍വ്വേ നമ്പരില്‍ ഇനി എവിടെയെങ്കിലും ഭൂമിയുണ്ടോ?” ആ ഒരൊറ്റ ചോദ്യം മതി കണ്ഠന്കുമാരന് ഭൂമി രാഷ്ട്രീയത്തിന് നല്കിയ പ്രാധാന്യം മനസിലാക്കാന്‍.
സാമൂഹിക പരിവര്‍ത്തനത്തില്‍ സമുദായ പരിഷ്ക്കരണത്തിനുള്ള പ്രാധാന്യത്തെ പൂര്‍ണ്ണതയിലെത്തിച്ച മഹാനായിരുന്നു മഹാത്മാ കാവാരികുളം കണ്ഠന് കുമാരന്. വിദ്യാ വ്യാപനത്തിന്റെ ഭാഗമായി 52 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. വിവിധ ജാതി മതസ്ഥരായ ആളുകളെ അദ്ധ്യാപകരായി നിയമിച്ചു കൊണ്ട് സാംബവ (പറയ) സമുദായത്തിന്റെ അക്ഷര ദാഹത്തിന് ശമനമുണ്ടാക്കുകയും സാക്ഷരതാ നിലവാരം ഉയര്‍ത്തുകയും ചെയ്തു. നവോത്ഥാന പോരാട്ടങ്ങളില്‍ അടിത്തട്ട് ജീവിതങ്ങള്‍ക്ക് ഉണര്‍വ്വും ഉയിരുമേകുന്നതില് ചാലകശക്തിയായും പ്രേരകശക്തിയായും നിന്ന് അദ്ദേഹം നിര്‍വ്വഹിച്ച പങ്ക് അനിഷേധ്യമാണ്. മലയാളം, സംസ്കൃതം പരല്പേര് തുടങ്ങിയവയില്‍ സാമാന്യ ജ്ഞാനം ആര്‍ജ്ജിച്ച അദ്ദേഹം ബൗദ്ധിക പോരാട്ടങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതാകട്ടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണഫലമുള്ളവയുമായിരുന്നു. ശ്രീനാരായണ ഗുരുവില്‍ നിന്നു ലഭിച്ച ശക്തമായ ധാര്‍മ്മിക പിന്തുണയും പ്രചോദനവും ആ പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കര്‍, മന്നത്ത് പത്മനാഭന്, സി.വി. കുഞ്ഞിരാമന്, ഡോക്ടര്‍ പല്പു, ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള, കെ.എം. മാമ്മന്‍മാപ്പിള, കുമാരനാശാന്, സുഭാഷിണി പത്രാധിപര്‍ പി.കെ. ഗോവിന്ദപ്പിള്ള, മകയിരം നാള് രാജ രാജ വര്‍മ്മ കോയിത്തമ്പുരാന്‍, കുറുമ്പന് ദൈവത്താന്‍, പാറാടി ഏബ്രഹാം ഐസക്, എന്‍. ഭൂതലിംഗം പിള്ള, ബഹദൂര്‍ എസ്. ആദം സേട്ട് , കെ.സി. മമ്മന്മാപ്പിള, അയ്യന്‍കാളി, തുടങ്ങി അക്കാലത്തെ പ്രാമാണികരായ പ്രജാ സഭാംഗങ്ങളുടെയും സാമൂഹിക പരിഷ്കര്ത്താക്കളുടെയുമെല്ലാം പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
കണ്ഠന് കുമാരന് അടക്കമുള്ള സാമൂഹിക പരിഷ്കര്‍ത്താക്കള്‍ സ്വപ്നം കണ്ട ഭൂമിയുടെ നിഷ്പക്ഷമായ വിതരണം രണ്ടാം ഭൂപരിഷ്ക്കണത്തിന്റെ അനിവാര്യതയിലേക്ക് നാടിനെ നയിക്കുന്നു. 1934 ഒക്ടോബര്‍ 16നു ചെങ്ങന്നൂരിന് സമീപം ആറാട്ടുപുഴ നല്ലൂര്മലയില് വച്ച് നിത്യനിദ്രയിലാണ്ട ആ മഹാത്മാവിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം പുതു തലമുറയ്ക്ക് പഠനവിഷയമാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: