തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ട ക്ലെയിം നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. നടപടികള്‍ പൂര്‍ത്തീകരിക്കാത്ത മുന്‍ അപേക്ഷകളില്‍ നടപടി നവംബര്‍ 10 നകവും ഒക്ടോബറില്‍ ഉണ്ടായ കൃഷി നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകളില്‍ നടപടി 30 ദിവസത്തിനകവും പൂര്‍ത്തിയാക്കണം. ഭാവിയിലും നഷ്ടപരിഹാര അപേക്ഷകളില്‍ ഒരു മാസത്തിനകം വകുപ്പ് നടപടി പൂര്‍ത്തികരിക്കും.
കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയില്‍ ഇതുവരെ 200 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഉള്ള നഷ്ടപരിഹാരത്തുകയും ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള തുകയും ലഭിക്കും. വിളകള്‍ ഇന്‍ഷുര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള നഷ്ടപരിഹാര തുകയാണ് ലഭിക്കുക. ഇവ ലഭ്യമാക്കുന്നതിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ട ക്ലെയിം അടക്കമുള്ള രേഖകളാണ് ഉടനെ സമര്‍പ്പിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.
വിളനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് വിള നാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനസ്ഥാപിക്കുന്നതിനായി മറ്റു പല ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിത്ത് വിതച്ച ശേഷം വെള്ളം കയറി വിത നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നെല്‍വിത്ത് പൂര്‍ണമായും സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. കൂടാതെ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം കൃഷി നാശം സംഭവിച്ച മേഖലകളില്‍ പുറംബണ്ട് കെട്ടുന്നതിനും ബണ്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനും സര്‍ക്കാരില്‍നിന്ന് പ്രത്യേകം തുക അനുവദിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു. മടവീഴ്ച ഉണ്ടായ പ്രദേശങ്ങളില്‍ ഇതിനകംതന്നെ പുറംബണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആലപ്പുഴ ജില്ലയില്‍ 26ഉം കോട്ടയം ജില്ലയില്‍ 11ഉം മട വീഴ്ചകളാണ് വിവിധ പാടശേഖരങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാലുവേഷന് അടിയന്തിരമായി തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വിളനാശം സംഭവിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൃഷിഭവനുകളില്‍ അറിയിക്കണം. നഷ്ടപരിഹാരത്തിന് ഇപ്പോള്‍ AIMS വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന്‍’ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ അപേക്ഷിക്കാം. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള്‍ മുഖേനയോ, കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ, കൃഷി ഭവന് മുഖേനയോ ചെയ്യണം. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വിള ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകത്തും ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിനായി AlMS പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: